Image

മലയാള സിനിമയുടെ നിശബ്ദ ചിത്രങ്ങളുടെ ചരിത്രം-1 (റജി നന്തികാട്ട്)

Published on 09 June, 2020
മലയാള സിനിമയുടെ നിശബ്ദ ചിത്രങ്ങളുടെ ചരിത്രം-1 (റജി നന്തികാട്ട്)
അന്നേവരെ ദർശിക്കാത്ത ദൃശ്യാനുഭവം പ്രദാനം ചെയ്‌തുകൊണ്ട് ലോകത്തിലെ ആദ്യത്തെ ചലച്ചിത്ര പ്രൊജക്ഷൻ പ്രദർശനം  ലൂമിയർ സഹോദരന്മാർ 1895  ഡിസംബർ 28 ന് പാരിസിലെ ഒരു കഫെയിൽ നടത്തി. ആറ് മാസങ്ങൾക്ക്
ശേഷം 1896 ജൂലൈ 7 ന് ലൂമിയർ സഹോദരന്മാരുടെ സഹായിയായിരുന്ന മാരിയസ്  സെസ്റ്റിയർ ബോംബയിലെ ( ഇന്നത്തെ മുംബൈ ) എസ്പ്ലനേഡ് മാൻഷനിലുള്ള വാട്സൺ ഹോട്ടലിൽ ഇന്ത്യയിലെ ആദ്യ പ്രദർശനം നടത്തി.
ഒരു മണിക്കൂറിൽ താഴെ പ്രദർശന സമയം കൊണ്ട് ആറ് ഹൃസ്വചിത്രങ്ങളുടെ പ്രദർശനം ആണ് നടത്തിയത്.തുടർന്ന് ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ചലച്ചിത്ര പ്രദർശനങ്ങൾ ആരംഭിച്ചു. തെക്കേ ഇന്ത്യയിൽ ടൂറിങ് ടാക്കിസുകൾ
എന്ന പേരിൽ സിനിമ പ്രദർശനം നടത്തുവാൻ ശ്രമം ആരംഭിച്ചു. മദിരാശിയിൽ  ( ഇന്നത്തെ ചെന്നൈ ) ആയിരുന്നു ടൂറിങ് ടാക്കിസുകളുടെ തുടക്കം. പ്രദർശനങ്ങൾക്കിടയിലെ ഇടവേളകളിൽ വിനോദക്കാഴ്ചകളുമുണ്ടായിരുന്നു. സാഹസികതയും സംഗീതവും നാടകങ്ങളുടെ സ്വഭാവവിശേഷങ്ങളായ ഗുസ്തിയും വാൾപ്പയറ്റും മാജിക്കും കച്ചേരിയും വിനോദങ്ങളിൽ നിറഞ്ഞു നിന്നു. മദിരാശി പ്രവിശ്യകളിൽ നീളെ  നടന്ന്‌ പ്രദർശനം നടത്തിയിരുന്നത് സ്വാമിക്കണ്ണ് വിൻസെന്റിന്റെ കമ്പനിയായിരുന്നു.

1906 ൽ കോയമ്പത്തൂരിലെ  സ്വാമിക്കണ്ണ്  വിൻസെന്റിന്റെ മകൻ പോൾ വിൻസെന്റ് എന്ന റെയിൽവേ  ഉദ്യോഗസ്ഥൻ മലബാറിലും തിരുവിതാംകൂറിലും കൂടാരവിസ്മയവുമായെത്തി.   ഒരു ഫ്രഞ്ച്കാരനിൽ നിന്നും വാങ്ങിയ ബയോസ്കോപ്പും ഫിലിമും ഉപയോഗിച്ചിയായിരുന്നു പ്രദർശനം. താത്കാലിക കൂടാരങ്ങളിലെ സിനിമാ പ്രദർശനവുമായി പോൾ വിൻസെന്റിന് അധികം
മുന്നോട്ട് പോകാനായില്ല. തമിഴ്നാട്ടിൽ ടൂറിങ് ടാക്കിസുകളിൽ നേടിയ പ്രദർശനവിജയം കേരളത്തിൽ നേടാനായില്ല. തന്റെ ബയോസ്കോപ്പും മറ്റുപകരണങ്ങളും തൃശൂർക്കാരാനായ ജോസഫ് വാറുണ്ണിക്ക് വിറ്റശേഷം വിൻസെന്റ് മദിരാശിയിലേക്ക് മടങ്ങി.

ജോസഫ് വാറുണ്ണി 1907 ലെ തൃശൂർപൂരത്തിന് ചിത്ര പ്രദർശനം നടത്തുകയും ചെയ്തു. കേരളത്തിലെ പ്രദർശന വിജയത്തെ തുടർന്ന് ദക്ഷിണേന്ത്യയൊട്ടാകെ ജോസഫ് ബയോസ്കോപ്പ് പ്രദർശനം നടത്തി.1907 ൽ ജോസഫ് വാറുണ്ണി താത്ക്കാലിക കൂടാരത്തിൽ  ആരംഭിച്ച പ്രദർശനം 1913 ൽ  ജോസ് ഇലെക്ട്രിക്കൽ ബയോസ്കോപ്പ് എന്ന പേരിൽ അറിയപ്പെടുകയും   പിന്നീട്   കേരളത്തിലെ ആദ്യത്തെ സിനിമ തിയേറ്റർ  എന്ന് പ്രസിദ്ധമായ തൃശൂർ ജോസ് എന്ന നിലയിലേക്ക് വളർന്നു. അദ്ദേഹമാണ് കേരളത്തിലെ ചലച്ചിത്ര വ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്നത്. റോയൽ എക്സിബിറ്റേഴ്സ് എന്ന കേരളത്തിലെ ആദ്യ പ്രദർശനക്കമ്പനി സ്ഥാപിച്ചതും അദ്ദേഹമാണ്. ഈ കമ്പനിയുടെ പേരിലാണ് പിന്നീട് കേരളത്തിലെ ആദ്യകാല തീയേറ്ററുകളായ  കോഴിക്കോട് ഡേവിഡ്സൺ എന്നിവ സ്ഥാപിക്കപ്പെട്ടതും. ഈ  തീയേറ്ററുകളിൽ  ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷാ ചിത്രങ്ങളായിരുന്നു പ്രധാനമായും പ്രദര്ശിപ്പിച്ചിരുന്നത്. നിശബ്‍ദ ചിത്രങ്ങൾ എന്നറിയപ്പെട്ടെങ്കിലും ഇവ ശബ്‍ദം ഉപയോഗിച്ചുള്ള സംഗീതവും മറ്റു ശബ്ദങ്ങളും ചിത്രത്തിന്റെ പ്രദർശനത്തോടൊപ്പം  ക്രമീകരിച്ചിരുന്നു.അല്ലാതെ പൂർണ്ണമായും നിശബ്‍ദ ചിത്രങ്ങൾ എന്ന് പറയാൻ പറ്റില്ല.

1930 ഒക്ടോബർ 23ന് മലയാളത്തിലെ ആദ്യ നിശബ്ദചിത്രമായ വിഗതകുമാരൻ പ്രദർശനത്തിനെത്തി. അഗസ്തീശ്വരത്ത് ജനിച്ച ജോസഫ് ചെല്ലയ്യ ഡാനിയേൽ എന്ന ജെ. സി. ഡാനിയേൽ ആയിരുന്നു. വിഗതകുമാരന്റെ സംവിധായകനും നിർമ്മാതാവും. വ്യവസായിയായിരുന്ന ജെ. സി. ഡാനിയേൽ  സിനിമ ഒരു വലിയ വ്യവസായമായി തീരാനുള്ള സാധ്യത മുന്നിൽ കണ്ട്  മലയാളത്തിലെ ആദ്യത്തെ സിനിമ നിർമ്മിക്കണമെന്ന് തീരുമാനിച്ചു. സിനിമയെ ഒരു വ്യവസായം എന്ന നിലയിൽ കണ്ടതോടൊപ്പം  ജനങ്ങളുമായി സംവദിക്കുവാനുള്ള ഒരു മാർഗ്ഗമായും സിനിമയെ അദ്ദേഹം കണ്ടു.  ജെ. സി. ഡാനിയേൽ സംസ്ഥാനത്തെ ആദ്യത്തെ സ്റ്റുഡിയോ ആയ ട്രാവൻകൂർ നാഷണൽ പിക്ചേഴ്സിന്  തിരുവനന്തപുരത്ത് തുടക്കം കുറിച്ചു. ഈ സ്റ്റുഡിയോയിൽ വച്ചാണ് വിഗതകുമാരൻ പൂർത്തിയായത്. തിരുവനന്തപുരത്ത് പി.എസ്. സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പൻ നായരുടെ വസതിയായിരുന്ന ശാരദാവിലാസത്തിലാണ് സ്റ്റുഡിയോ ഒരുക്കിയത്.

കേരളത്തിലെ കളരിപ്പയറ്റിനെക്കുറിച്ച് ഒരു ബുക്ക് ജെ.സി. ഡാനിയേൽ എഴുതിയിരുന്നു. കളരിപ്പയറ്റ് ജനങ്ങളിൽ എത്തിക്കുവാൻ നല്ല
മാർഗ്ഗമായി സിനിമയെ അദ്ദേഹം കണ്ടു. സിനിമ നിർമ്മിക്കുന്നതിന്റെ മുന്നോടിയായി സിനിമാ നിർമ്മാണത്തിന്റെ സാങ്കേതികമായ കാര്യങ്ങൾ
മനസിലാക്കുവാൻ സൗത്തിന്ത്യയിലെ സിനിമാ നിർമ്മാണത്തിന്റെ കേന്ദ്രമായ മദിരാശിയിലേക്ക് ( ഇന്നത്തെ ചെന്നൈ ) പല പ്രാവിശ്യം യാത്ര ചെയ്തു. സ്റ്റുഡിയോയുടെ പ്രവർത്തനം പഠിക്കുവാൻ ഇന്ത്യയിലെ സിനിമാനിർമ്മാണത്തിന്റെ കേന്ദ്രമായ ബോംബയിലേക്കും ( ഇന്നത്തെ മുംബൈ ) യാത്ര ചെയ്തു. അങ്ങനെ സിനിമാ നിർമ്മാണത്തിന്റെ വിവിധ വശങ്ങൾ മനസിലാക്കിയ ശേഷം വിഗതകുമാരന്റെ തിരക്കഥ തയ്യാറാക്കി. അന്ന് വരെ മറ്റ് ഭാഷകളിൽ ചരിത്രപരവും മതപരവുമായ കഥകളാണ് സിനിമക്കായി തിരഞ്ഞെടുത്തിരുന്നത്. അതിൽനിന്ന് മാറി സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയം ആയിരിക്കണം തന്റെ സിനിമ കൈകാര്യം ചെയ്യേണ്ടതെന്ന് തീരുമാനിക്കുകയും
അപ്രകാരം തിരക്കഥ തയ്യാറാക്കുകയും ചെയ്തു.

അങ്ങനെ തന്റെ സ്വപ്നം ആയ സിനിമയുടെ നിർമാണത്തിന് 1926 തുടക്കം കുറിച്ചു. സിനിമയുടെ സംവിധായകന്റെ ചുമതല കൂടാതെ കാമറ, എഡിറ്റിംഗ് എന്നവയും അദ്ദേഹം തന്നെയാണ് നിർവഹിച്ചത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും  ജെ.സി. ഡാനിയേൽ തന്നെയാണ് നിർവഹിച്ചത്. 1930  ഒക്ടോബർ   23ന് ചിത്രം റിലീസ് ചെയ്യപ്പെട്ടു. തിരുവനന്തപുരത്തെ ദി ക്യാപിറ്റോൾ തീയേറ്ററിലെ
ആദ്യ പ്രദർശനം പ്രശസ്ത അഭിഭാഷകനായ മള്ളൂർ ഗോവിന്ദപ്പിള്ളയോയാണ് ഉദ്‌ഘാടനം ചെയ്തതത്. തിരുവനന്തപുരത്തെ ദി ക്യാപിറ്റോൾ തീയേറ്ററിലെ പ്രദർശനം 4 ദിവസം മാത്രമേ നീണ്ടു നിന്നുള്ളൂ. ഹൈന്ദവ മതത്തിലെ ഒരു വിഭാഗത്തിൽ പെട്ട ആൾക്കാർ ചിത്രത്തിലെ നായികയായ ദളിത് വിഭാഗത്തിൽപ്പെട്ട പി. കെ. റോസി ചിത്രത്തിലെ നായികയായ നായർ യുവതിയുടെ വേഷം
ചെയ്തതിൽ എതിർപ്പുമായി വരുകയും ചിത്രത്തിന്റെ പ്രദർശനം തടയുകയും ചെയ്തു.  എന്നാൽ രണ്ടാഴ്ചക്ക് ശേഷം കൊല്ലം, ആലപ്പുഴ, തൃശൂർ, തലശ്ശേരി, നാഗർകോവിൽ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രം പ്രദർശിക്കപ്പെട്ടു. ഇത്രയധികം പ്രദർശനങ്ങൾ നടത്തിയെങ്കിലും മുടക്കുമുതൽ തിരിച്ചുപിടിക്കാനായില്ല. ഈ ചിത്രത്തിന്റെ പരാജയത്തോടെ ജെ.സി. ഡാനിയേൽ തന്റെ സ്റ്റുഡിയോ അടച്ചുപൂട്ടി. ആദ്യ മലയാള സിനിമയുടെ അമരക്കാരൻ എന്ന നിലക്ക് ജെ.സി. ഡാനിയേൽ മലയാള സിനിമയുടെ പിതാവെന്ന സ്ഥാനത്തിനർഹനായി. സാമ്പത്തീകമായി തകർന്ന ജെ.സി. ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി 2013 ൽ പ്രസിദ്ധ സംവിധായകൻ കമൽ സെല്ലുലോയ്ഡ് എന്ന പേരിൽ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

മലയാളത്തിലെ രണ്ടാമത്തെയുംഅവസാനത്തേതുമായ നിശബ്ദചിത്രം 1931 ൽ പ്രദർശനത്തിനെത്തിയ മാർത്താണ്ഡവർമ്മയാണ്. സി. വി.  രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന നോവലിനെ ആസ്പദമാക്കി എടുത്ത ചിത്രം സംവിധാനം  ചെയ്തതത് മദിരാശിക്കാരനായ പി. വി. റാവുവാണ്. ജെ.സി. ഡാനിയേലിന്റെ ബന്ധു കൂടിയായ ആർ. സുന്ദരരാജാണ് ചിത്രം നിർമ്മിച്ചത്.  ക്യാപിറ്റോൾ തീയേറ്ററിൽ തന്നെയാണ്  ഈ ചിത്രവും റിലീസ് ചെയ്തത്. നോവലിന്റെ പകർപ്പവകാശം സംബന്ധിച്ച പരാതിയെ തുടർന്ന് അഞ്ചു ദിവസത്തെ പ്രദർശനത്തിന് ശേഷം ചിത്രത്തിന്റെ പ്രിന്റ് പ്രസാധകർക്ക് വിട്ട് കൊടുക്കേണ്ടി വന്നു. എന്നാൽ വിഗതകുമാരന്റെ ദുർഗ്ഗതി മാർത്താണ്ഡവർമ്മക്ക്  സംഭവിച്ചില്ല.   വിഗതകുമാരന്റെ ഒരു പ്രിന്റ് പോലും ഇപ്പോൾ ലഭ്യമല്ല. എന്നാൽ കമലാലയ ബുക്ക് ഡിപ്പോ മാർത്താണ്ഡവർമ്മയുടെ പ്രിന്റ് ഭദ്രമായി സൂക്ഷിച്ചിരുന്നു. The National Film Archives of India ( NFAI ) ഇതേക്കുറിച്ച് അറിയുകയും
1974 ൽ കൈവശപ്പെടുത്തുകയും  ചെയ്തു. വളരെ ഭദ്രമായി സംരക്ഷിക്കപ്പെട്ട  മാർത്താണ്ഡവർമ്മ 1994 ലിലും 2011 ലും കേരളത്തിൽ
നടന്ന ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
മലയാള സിനിമയുടെ നിശബ്ദ ചിത്രങ്ങളുടെ ചരിത്രം-1 (റജി നന്തികാട്ട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക