Image

മഴത്തുള്ളിക്കനിവായ്... ( കവിത : രേണു ശ്രീവത്സൻ )

Published on 09 June, 2020
മഴത്തുള്ളിക്കനിവായ്... ( കവിത :  രേണു ശ്രീവത്സൻ )


മഴ ചിലപ്പോൾ  കടംകഥയാണ് 
തോന്നിയിട്ടില്ലേ?
കാഴ്ചയിലേയ്ക്ക്‌ ഇറങ്ങിവരുന്ന
ഓരോ മഴത്തുള്ളിയിലും  
വാക്കുകൾക്കു പിടിതരാത്ത എന്തോ ഒളിച്ചിരിപ്പുണ്ടെന്ന്?

മഴത്താളവിരലുകൾ
ഗതകാലരഥ്യയുടെ വാതായനങ്ങൾ  
മുട്ടിത്തുറക്കുന്നതും                                
പിന്നെയാ വീഥികളിൽ 
പകൽസ്വപ്നത്തേരേറി 
യാത്ര പോകുന്നതും 
മഴ,  മനസ്സാവുമ്പോഴാണ്...

നിനയാത്തനേരത്തൊരുവേള-
കാറ്റായ് ചീറിയടുത്തതും     
തകർത്തെറിഞ്ഞതും 
മിന്നലിൻ അഗ്നി- 
തൂവിയട്ടഹസിച്ചതും 
സഹനം സമരമായപ്പോഴാണ്.. 

ഒടുവിൽ, 
ഇരുണ്ടു വിങ്ങുന്ന ചാറ്റലായ് പൊഴിഞ്ഞ് 
പൊറുക്കില്ലേയെന്നു വിതുമ്പി  
വെയിലിനൊപ്പം 
തെളിനീർ തൂകിച്ചിരിച്ച്
മഴ, പ്രിയതോഴിയായതും
അറിഞ്ഞതാണ്..

നോക്കി നോക്കിയിരിക്കേ,         
ധ്യാനത്തിലെന്നപോലെ
മനസ്സ്‌ പതിയെ സ്വസ്ഥമായത്;
മന്ത്രതാളത്തിൽ ഇറ്റുവീഴുന്ന തുള്ളികൾ 
താരാട്ടായ് മാറിയത് 
മഴ, അമ്മയായപ്പോഴാണ്.. 

മഴത്തുള്ളിക്കനിവായ്- 
പ്പൊഴിഞ്ഞാണ്
സ്നേഹം മഴവിൽമാല തന്നതും,
കനവായ് നിറഞ്ഞതും, 
സാന്ത്വനമേകിയതും,  
സാഫല്യമായറിഞ്ഞതും..             


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക