Image

കമല ഹാരിസിന്റെ പ്രസ്താവന വിവാദമായി(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 09 June, 2020
കമല ഹാരിസിന്റെ പ്രസ്താവന വിവാദമായി(ഏബ്രഹാം തോമസ്)
ജോര്‍ജ് ഫ്‌ളോയിഡിനെ നിലത്ത് കമഴ്ത്തി കിടത്തി കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി 8 മിനിട്ട് 46 സെക്കന്റ് നിലയുറപ്പിച്ച് മരണത്തിന് കാരണമാക്കിയ പോലീസ് ഓഫീസര്‍ ഡെറെക് ഷോവിനിന് മേല്‍ ആദ്യം ചുമത്തിയത് മനഃപ്പൂര്‍വമല്ലാത്ത നരഹത്യ ആയിരുന്നു. പിന്നീട് പ്രതിഷേധം ശക്തമായപ്പോള്‍ ഇത് സെക്കന്‍ഡ് ഡിഗ്രി മര്‍ഡര്‍ ആയി ഉയര്‍ത്തി.

ജോബൈഡന്റെ റണ്ണിംഗ് മേറ്റാകാന്‍ പ്രഥമ പരിഗണനയുള്ള കാലിഫോര്‍ണിയ സെനറ്റര്‍ കമല ഹാരിസ് എബിസി ടെലിവിഷന്‍ ചാനലിന്റെ  ദ വ്യൂ പരിപാടിയില്‍ പങ്കുവെച്ച  അഭിപ്രായം വലിയ വിവാദമായിരിക്കുകയാണ്. മിനിയപ്പൊലീസ് പോലീസ് ഓഫീസറായ ഷോവിന്റെ കുറ്റം തെളിയിക്കപ്പെടുവാന്‍ സാധ്യതയില്ല, കാരണം പൊലീസ് ഓഫീസര്‍മാരുടെ മൊഴിയില്‍ മാത്രമേ ജൂറി വിശ്വസിക്കൂ എന്ന് ഹാരിസ് പറഞ്ഞു.

'ഈ കേസില്‍ ജൂറേഴ്‌സ് അങ്ങനെയേ ചെയ്യൂ' അതാണ് സാമൂഹിക ഉടമ്പടി. മുമ്പ് ജൂറികള്‍ക്ക് മുമ്പാകെ വന്നിട്ടുള്ള ധാരാളം കേസുകളില്‍ സംഭവിച്ചിട്ടുള്ളത് ഇങ്ങനെയാണ്. എന്നാല്‍ ഈ ഓഫീസറും അയാളുടെ അനുയായികളും യഥാര്‍ത്ഥ ഭവിഷത്തുകളും ഉത്തരവാദിത്തങ്ങളും മറക്കരുത്. ഫ്‌ളോയ്ഡ് മരിച്ചത് ബാഡ്ജും തോക്കും കൈവശമുള്ള ആളുകള്‍ ഒരു മനുഷ്യ ജീവിയുടെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി വച്ചപ്പോഴാണ്- ഹാരിസ് പറഞ്ഞു.

ഫ്‌ളോയിഡിന്റെ മരണശേഷം ഹാരിസ് തുടര്‍ച്ചയായി അഭിപ്രായങ്ങള്‍ തുറന്നടിച്ച് പറയുകയാണ്. ഷൂമാര്‍ക്കും ബുക്കര്‍ക്കുമൊപ്പം  പാര്‍ക്ക് ഒഴിപ്പിക്കുവാനുള്ള പ്രസിഡന്റിന്റെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നിയമം കൈയിലെടുത്ത് നടപ്പാക്കുന്ന വധശിക്ഷക്കെതിരെയുള്ള നിയമ നിര്‍മ്മാണ ശ്രമത്തിന് ഭേദഗതി നിര്‍ദ്ദേശിച്ച ജിഓപി സെന. റാന്‍ഡ് പോളിനെയും നിശിതമായി വിമര്‍ശിച്ചു.

 വലിയതായാലും ചെറിയതായാലും വേദന അനുഭവിക്കുന്നത് കുറ്റകൃത്യത്തിന് ഇരയാവുന്ന വ്യക്തി മാത്രമല്ല, അവന്റെ കുടുംബവും കുട്ടികളും കൂടിയാണ്. ഈ രാജ്യം സ്ഥാപിച്ചത് മുതല്‍ കറുത്ത ജീവനുകള്‍ ഗൗരവമായി എടുത്തിട്ടില്ല. അവര്‍ പൂര്‍ണ്ണമനുഷ്യരാണെന്നും എല്ലാ മാനവും അര്‍ഹിക്കുന്നുവെന്നും ഹാരിസ് പറഞ്ഞു. പോള്‍ ബില്ലിനെ എതിര്‍ക്കുന്നത് അപമാനകരമാണ്. പോള്‍ ചെയ്യുന്നതിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന് തോന്നി. ചരിത്രമായിത്തീരാവുന്ന ഒരു ബില്ലിനെതിരെയാണ് പോള്‍ നിലയുറപ്പിക്കുന്നത്, ഹാരിസ് പറഞ്ഞു.

സെനറ്ററാകുന്നതിന് മുമ്പ് പ്രോസിക്യൂട്ടറായി കരിയര്‍ ആരംഭിച്ച ഹാരിസ് പിന്നീസ് സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് അറ്റേണിയും കാലിഫോര്‍ണിയയുടെ ആദ്യത്തെ കറുത്ത സ്ത്രീ  അറ്റേണി ജനറല്‍ ആയിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ 2019 ല്‍ പ്രൈമറികളില്‍ മത്സരിച്ചെങ്കിലും വിജയിക്കുവാന്‍ കഴിഞ്ഞില്ല. പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ സാധ്യതയുള്ള ജോ ബൈഡന്റെ റണ്ണിംഗ് മേറ്റായി പരിഗണിക്കുന്നവരില്‍ ഹാരിസിന്റെ പേരും കേള്‍ക്കുന്നുണ്ട്.

ഫ്‌ളോയിഡിന്റെ മരണവും സമീപകാലത്ത് പോലീസ് കസ്റ്റഡിയില്‍ രാജ്യത്ത് ഉണ്ടായ സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ സെനറ്റ് ഡെമോക്രാറ്റുകള്‍ നടത്തുന്ന മുന്നേറ്റത്തിന് ഹാരിസും ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ കോറി ബുക്കറും നേതൃത്വം നല്‍കുന്നു. പോലീസ് നിയമങ്ങളുടെ പരിഷ്‌കരണമാണ് ലക്ഷ്യം. 

ഒരു ദേശീയ 'പോലീസ് പെരുമാറ്റദൂഷ്യ രജിസ്ട്രി', ശ്വാസം മുട്ടിക്കുന്ന പിടുത്തങ്ങളുടെ നിരോധനം, മിലിട്ടറി ഉപകരണങ്ങള്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റിലേയ്ക്ക് മാറ്റുന്നത് നിരോധിക്കല്‍, കോടതിക്ക് പുറത്ത് വധശിക്ഷ നടപ്പാക്കുന്നത് നിരോധിക്കല്‍ എന്നിവ പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ വിവക്ഷിക്കുന്നു. പുതിയ നിയമത്തിന്റെ ഉപജ്ഞാതാക്കള്‍ കോണ്‍ഗ്രഷനല്‍ ബ്‌ളാക്ക് കോക്കസായിരുന്നു. 

സെനറ്റിലെ മൂന്ന് ആഫ്രിക്കന്‍ അമേരിക്കന്‍ അംഗങ്ങളില്‍ രണ്ടുപേരായ ഹാരീസും ബുക്കറും ഈ നിയമപരിഷ്‌കരണത്തില്‍ സഹകരിക്കുന്നു. പ്രസ് കോണ്‍ഫറന്‍സില്‍ ഹാരിസിനൊപ്പം സ്പീക്കര്‍ നാന്‍സി പെലോസി, ബ്ലാക്ക് കോണ്‍ഗ്രഷ്‌നല്‍ കോക്കസ് ചെയര്‍ വുമണ്‍ കരണ്‍ബാസ് (കാലിഫോര്‍ണിയ), സെനറ്റ് മൈനോരിറ്റി ലീഡര്‍ ചക്ക് ഷൂമര്‍ എന്നിവര്‍ ഉണ്ടായിരുന്നു. ചില സെനറ്റ് റിപ്പബ്ലിക്കനുകള്‍ മുന്നോട്ടു വയ്ക്കുന്ന ഭേദഗതികളില്‍ ഡേറ്റ ബേസ് പരിഷ്‌കരണവും വര്‍ധിച്ച പോലീസ് പരിശീലനവും ശുപാര്‍ശ ചെയ്യുന്നു. 

സെനറ്റ് ജുഡീഷറി കമ്മിറ്റി സെന. ലിന്‍ഡ് സെ ഗ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് നിയമ പരിഷ്‌കരണത്തെകുറിച്ച് വിചാരണ നടക്കും. ഹൗസ് ജൂഡീഷറി കമ്മിറ്റി അടുത്ത ആഴ്ച ഫ്‌ളോയിഡിന്റെ സഹോദരന്റെ മൊഴി രേഖപ്പെടുത്തും. 

കമല ഹാരിസിന്റെ പ്രസ്താവന വിവാദമായി(ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക