Image

കഥയെഴുത്തുകാരിയും ക്രിമിനൽ റിപ്പോർട്ടറും (ചെറുകഥ: സുനീതി ദിവാകരന്‍)

Published on 08 June, 2020
കഥയെഴുത്തുകാരിയും ക്രിമിനൽ റിപ്പോർട്ടറും (ചെറുകഥ: സുനീതി ദിവാകരന്‍)
കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ ‘ മഴയും പുഴയും ‘ എന്ന നോവലിന്റെ എഴുത്തുകാരി രാധാദേവിയുടെ ഇന്റർവ്യൂ എടുക്കാൻ സ്നേഹമയി എന്ന ചാനലിന്റെ അലീനക്കായിരുന്നു  ചാർജ്.   തിങ്കളാഴ്ച രാവിലെ പത്തു മണി മുതൽ പതിനൊന്നു മണി വരെ ഒരു മണിക്കൂർ ആണ് ഇന്റർവ്യൂ തീർച്ചയാക്കിയിരിക്കുന്നത്.   അത്യന്തം കുലീനമായ ഭാഷയിൽ ഗ്രാമവും മഴയും പുഴയും അമ്പലങ്ങളുമൊക്കെ കഥകളിൽ എഴുതുന്ന രാധാദേവിയുടെ ഇന്റർവ്യൂ ഒത്തു കിട്ടിയത് ചാനലിന്റെ ഭാഗ്യമാണെന്നാണ് ചീഫ് എഡിറ്റർ സ്റ്റാഫ്‌ മീറ്റിംഗിൽ പറഞ്ഞത്.   ശനിയാഴ്ച ഉച്ചയോടെ അലീനയെ വൈറൽ പനി കടന്നു പിടിച്ചതോടെ ഇന്റർവ്യൂവിന്റെ നറുക്ക് വീണത് ക്രിമിനൽ റിപ്പോർട്ടർ ഷാനവാസിനാണ്.  

മരുന്നിനു പോലും കഥകൾ വായിച്ചു ശീലമില്ലാത്ത,  ക്രൈം സൈറ്റിൽ പോയി റിപ്പോർട്ടിങ് നടത്തുന്ന,  ക്രിമിനലുകളുടെ ഇന്റർവ്യൂ എടുക്കുന്ന ഷാനവാസിന് എന്തു കഥ? കഥകളിൽ എന്തു മഴ? എന്തു പുഴ?. ഇന്റർവ്യൂവിൽ നിന്ന് ഒഴിവാക്കിത്തരാൻ ഷാനവാസ്‌ എഡിറ്ററോട് പറഞ്ഞു നോക്കിയതാണ്. പക്ഷേ മറ്റെല്ലാവരും ഓരോ പണികളിൽ തിരക്കിൽ ആയതുകൊണ്ട് ഷാനവാസ്‌ തന്നെ പോകണം എന്ന് എഡിറ്റർ തീർത്തു പറഞ്ഞു.   ഇത് വല്ലാത്ത ഒരു പണിയായിപ്പോയല്ലോ എന്തായാലും എല്ലാം വരുന്ന പോലെ വരട്ടെ എന്നു തീരുമാനിച്ച് ഷാനവാസ്‌ തിങ്കളാഴ്ച രാവിലെ കൃത്യ സമയത്ത് തന്നെ രാധാദേവിയുടെ വാതിൽക്കൽ കാളിങ് ബെൽ അമർത്തി.  

മഞ്ഞ നിറത്തിൽ ചുവപ്പു പൂക്കൾ വാരി വിതറിയ സാരി ഉടുത്ത്‌,   ഈറൻ മുടി വിടർത്തിയിട്ട്,  ചന്ദനക്കുറി തൊട്ട് രാധാദേവി വാതിൽ തുറന്ന് അകത്തേക്ക് ക്ഷണിച്ചപ്പോൾ ഷാനവാസിന്റെ ഉള്ളിലെവിടെയോ ഇത്തിരി തണുത്ത മഞ്ഞ് കോരിയിട്ടതു പോലെ.  ഒരു മണിക്കൂർ നേരത്തെ ഇന്റർവ്യൂ കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ ഷാനവാസിന്റെ മനസ്സു നിറയെ മഴ പെയ്യുകയും പുഴ ഒഴുകുകയും ആയിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക