Image

കോൺഗ്രസ്സിനെ മാറ്റി നിർത്തുവാൻ കഴിയില്ല: രമ്യ ഹരിദാസ്‌ എം പി.

ജോസഫ് ഇടിക്കുള. Published on 08 June, 2020
കോൺഗ്രസ്സിനെ മാറ്റി നിർത്തുവാൻ കഴിയില്ല: രമ്യ ഹരിദാസ്‌ എം പി.
കോൺഗ്രസ്‌ ഇല്ലാത്ത ഒരു ഇന്ത്യ മഹാരാജ്യത്തെ പറ്റി നമുക്ക്‌ സങ്കൽപ്പിക്കുവാൻ തന്നെ പ്രയാസം ആണെന്ന് ആലത്തൂർ എം പി  രമ്യ ഹരിദാസ്‌.

കോൺഗ്രസ്സിലേക്ക്‌ കൂടുതൽ ജനങ്ങളെ ആകർഷിക്കുവാൻ ഓരോ കോൺഗ്രസ്‌‌ പ്രവർത്തകരും അവർ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ ഭാഗത്ത്‌ നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണു വേണ്ടത്‌‌‌‌ എന്ന് രമ്യ പറഞ്ഞു.
ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ്‌ കേരള ന്യൂ ജേഴ്‌സി  ചാപ്റ്ററിന്റെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു രമ്യ.  ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ രമ്യ പ്രകീർത്തിച്ചു. ലോകത്തിന്റെ പല കോണുകളിലുമുള്ള മലയാളി സമൂഹത്തിനു ഓവർസീസ്‌ കോൺഗ്രസ്‌ നീട്ടുന്ന സഹായ ഹസ്തങ്ങൾ വളരെ വിലപ്പെട്ടതാണെന്നും തുടർന്നും അത്തരം സഹായങ്ങൾ ഉണ്ടാവണമെന്നും രമ്യ അഭ്യർത്ഥിച്ചു. 

മഹാത്മാ ഗാന്ധിയുടെ ആദർശങ്ങളിലും മൂല്യങ്ങളിലും ഉറച്ചു നിന്നുകൊണ്ട് രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന രമ്യ ഹരിദാസ് എം പി  തന്റെ ജീവിതാനുഭവങ്ങളും പ്രവർത്തനരീതികളും ഒക്കെ പ്രവാസികളുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെ വിവരിക്കുകയുണ്ടായി, ഇങ്ങനെയുള്ള യുവത്വങ്ങളിലാണ് ഇന്ത്യാമഹാരാജ്യത്തിലെ സാധാരണക്കാരുടെ പ്രതീക്ഷയെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു 

കേരള ചാപ്റ്റർ പ്രസിഡന്റ്‌ ലീല മാരേട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഐ ഓ സി  ഗ്ലോബൽ ചെയർമാൻ ഡോ. സാം പിട്രോഡ, ഐ ഓ സി യു എസ് എ  പ്രസിഡന്റ്‌ മൊഹിന്ദർ സിംഗ്‌ ഗിൽസിയാൻ, വൈസ്‌ ചെയർമാൻ ജോർജ്‌ എബ്രഹാം, വൈസ്‌ പ്രസിഡന്റ്‌ പോൾ കറുകപ്പള്ളി, സെക്രട്ടറി ജെനറൽ ഹർഭജൻ സിംഗ്‌, ട്രഷറർ ജോസ്‌ ചാരുമൂട്‌, കേരള ചാപ്റ്റർ ചെയർമാൻ തോമസ്‌ മാത്യു, ജനറൽ  സെക്രട്ടറി സജി കരിമ്പന്നൂർ , മറ്റ്‌ സീനിയർ നേതാക്കൾ, മുൻ പ്രസിഡന്റുമാർ, ചെയർമാന്മാർ എന്നിവർ  പങ്കെടുത്തു. സോഫിയ മാത്യുവും ജോഫി മാത്യുവും മോഡറേറ്റർമാരായിരുന്ന യോഗത്തിൽ കാനഡയിൽ നിന്നും  യൂറോപ്പിൽ നിന്നും ഗൾഫ്‌ നാടുകളിൽ നിന്നുമുള്ള കൊണ്ഗ്രെസ്സ് പ്രവർത്തകർ സാന്നിദ്ധ്യമറിയിച്ചു.
ന്യൂ ജേഴ്‌സി ചാപ്റ്ററിന്റെ പ്രവർത്തനോദ്‌ഘാടനത്തിൽ പങ്കെടുത്ത എല്ലാവര്ക്കും ചാപ്റ്റർ ജനറൽ  സെക്രട്ടറി ജോസഫ്‌ ഇടിക്കുള കൃതജ്ഞത രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക