Image

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെപ്പോലെ ജോര്‍ജ് ഫ്‌ളോയിഡും ആഗോള തലത്തില്‍ ലോകാന്ത്യംവരെ അറിയപ്പെടും (കോര ചെറിയാന്‍)

Published on 08 June, 2020
മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെപ്പോലെ ജോര്‍ജ് ഫ്‌ളോയിഡും ആഗോള തലത്തില്‍ ലോകാന്ത്യംവരെ അറിയപ്പെടും (കോര ചെറിയാന്‍)
ഫിലാഡല്‍ഫിയ, യു.എസ്.എ.: 1968 ഏപ്രില്‍ 4 ന് അമേരിക്കന്‍ കറുത്ത വര്‍ക്ഷ പൗരാവകാശ നേതാവ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ ദാരുണമായി ജെയിംസ് ഏള്‍ റേയുടെ വെടിയേറ്റു മരണവുമായി മല്ലിടുമ്പോള്‍ “”എന്റെ സ്വപ്നങ്ങള്‍’’ സഫലമാകണമെന്ന പ്രാര്‍ത്ഥനയില്‍ സകല ദൈവങ്ങളോടും അപേക്ഷിച്ചു. അതേ സ്വരത്തിലും രാഗത്തിലും കൊടുംക്രൂരനായ സ്റ്റേറ്റ് പോലീസ് ഡെറക് ചാവിന്‍ ബൂട്ടിട്ട കാല്‍മുട്ട് ജോര്‍ജ് ഫ്‌ളോയിഡിന്റെ ശ്വാസനാളത്തില്‍ 8 മിനിറ്റ് 46 സെക്കന്‍ഡ് സമയം   ശക്തിയായി അമര്‍ത്തി അശ്ലീല പദങ്ങളോടെ ആക്രോശിച്ചപ്പോള്‍ “”എനിക്കു ശ്വസിക്കുവാന്‍ സാധിക്കുന്നില്ല’’ എന്ന ദീനരോദനം ലോകാന്ത്യംവരെയും നിലനില്‍ക്കും. ജാതി വര്‍ക്ഷഭേദം ഇല്ലാതെ അനേക രാജ്യങ്ങളില്‍ പൗരാവകാശങ്ങള്‍ വിഘ്‌നം ഇല്ലാതെ നിലനിര്‍ത്തുവാനുള്ള പ്രക്ഷോപണം അനുദിനം ശക്തമാകുകയാണ്. 1865, ഏപ്രില്‍ 14ന് വാഷിംഗ്ടണ്‍ ഡി.സി. യില്‍ വച്ചു നാടകനടനായ ജോണ്‍ വില്‍ക്‌സ് ബൂത്തിനാല്‍ കൊല്ലപ്പെട്ട മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെ ലോകജനാധിപത്യത്തിന്റെ കാതലായ 1863 ലെ പ്രശക്തമായ ഗെറ്റിസ് ബെര്‍ഗ് പ്രഖ്യാപനത്തോടെ പൗരാവകാശം പ്രസക്തമായി. ഒിവിധ പ്രക്ഷോഭണങ്ങളെ തുടര്‍ന്നുള്ള സമ്മേളനവേദികളില്‍ ഏബ്രഹാം ലിങ്കന്റെയും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെയും പേരുകള്‍ നിരന്തരം ഉച്ചരിക്കുന്നുണ്ട്.

ക്രിസ്ത്യന്‍ പുരോഹിതനായ ഡോക്ടര്‍ കിംഗ് മഹാത്മാഗാന്ധിയുടെ സിദ്ധാങ്ങളെയും അനുശാസനകളേയും അത്യധികമായി അനുകരിച്ചിരുന്ന വേദപണ്ഡിതന്‍ കൂടിയായിരുന്നു. ക്രിസ്തുവിന്റെ പ്രവര്‍ത്തനകാലം വെറും മൂന്നരവര്‍ഷം മാത്രമെങ്കിലും 217 കോടി ക്രൈസ്തവര്‍ ഇപ്പോള്‍ ലോകത്തിലുണ്ട്. ജോര്‍ജ് ഫ്‌ളോയിഡിന്റെ 8 മിനിറ്റ് 46 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ജീവിതാന്ത്യത്തില്‍ അന്തരീക്ഷത്തില്‍ അതിരുകളില്ലാതെ സുലഭമായ പ്രാണവായുവിനുവേണ്ടിയുള്ള മരണവെപ്രാളം ഏതു കഠോരഹൃദയരേയും കാരുണ്യവാനാക്കും. 779 കോടി ലോകജനസംഖ്യയില്‍ ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ മുട്ടുകള്‍ അമര്‍ത്തി കൊടും കൊലചെയ്യുന്ന ദൃശ്യം വിവിധ മാധ്യമങ്ങളിലൂടെ 400 കോടിയിലധികം വീക്ഷണങ്ങള്‍ നടന്നതായി അവ്യക്തമായി അറിയുന്നു.

ജീവിച്ചിരിക്കുന്ന എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരും ഫ്‌ളോയിഡിന്റെ ദാരുണ മരണത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഇപ്പോഴും ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ വിവിധ നഗരങ്ങളില്‍ ക്ഷുഭിതരായ ജനലക്ഷങ്ങള്‍ വിശ്രമരഹിതമായി തുടരുന്നു. പൗരാവകാശം ദൈവദത്തമായുള്ളതെന്നും ആര്‍ക്കും അകാരണമായി ലംഘിക്കുവാന്‍ അവകാശം ഇല്ലെന്നുമുള്ള പ്രഭാഷണങ്ങള്‍ തുടരുന്നു. കോവിഡ്-19 പകര്‍ച്ചവ്യാധി അനിയന്ത്രിതമായും ഭയാനകമായും പടരുന്ന സാഹചര്യത്തില്‍ സ്വന്തം ജീവന്‍പോലും ബലിയര്‍പ്പണം നടത്തി തെരുവിലിറങ്ങുന്നത് സകലരുടെയും സുരക്ഷിതത്വത്തിനുവേണ്ടിയാണ്. സദുദ്ദേശത്തോടെയുള്ള പതിനായിരങ്ങളുള്ള ഗമനാഗമനത്തില്‍ വളരെയധികം കുബുദ്ധികള്‍ നുഴഞ്ഞുകയറി മനഃപൂര്‍വ്വം നാശനഷ്ടങ്ങള്‍ വരുത്തുന്നതും പരസ്യമായി കൊള്ളചെയ്യുന്നതും ഖേദകരമായി വ്യാപകമായിട്ടുണ്ട്. തന്മൂലം അനേക നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും വ്യാപാര കേന്ദ്രങ്ങള്‍ നിര്‍ബന്ധിതമായി അടച്ചുപൂട്ടുകയും ചെയ്തു.

1918-19 ലെ സ്പാനിഷ് ഫ്‌ളൂ പകര്‍ച്ചവ്യാധിക്കുശേഷം ലോകജനതയെ ഞെട്ടിച്ച ഭീകരരൂപിണിയായ കൊറോണ വൈറസ്മൂലം അനുദിനം ആയിരങ്ങള്‍ ഉറ്റവരുടെയോ ഉടയവരുടെയോ സ്വാന്തനവാക്കുകളോ കൈത്താങ്ങലുകളോ ഇല്ലാതെ ഏകന്തതയില്‍ അന്ത്യശ്വാസം ശക്തമായി വലിച്ചു വിടവാങ്ങുന്ന ശോകസാഹചര്യത്തില്‍ ക്രൂരകൃത്യങ്ങള്‍ കൂടുന്നു.

യഥാസ്ഥിതിക ചിന്താഗതിക്കാരിയും കണ്‍സന്‍ട്രേറ്റീവ് ആക്ടിവിസ്റ്റുമായ കറുത്തവര്‍ക്ഷക്കാരി കാന്‍ഡേസ് ഓണ്‍സ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ ജോര്‍ജ് ഫ്‌ളോയിഡ് “”തകര്‍ന്ന സംസ്കാരത്തിന്റെ പ്രതിഛായക്കാരനെന്നും, നല്ല വ്യക്തിയല്ലെന്നും’’ പരാമര്‍ശിച്ചു സംസാരിച്ചതു സംസ്കാരശൂന്യതയെന്നും ഒരുതരം അഹങ്കാരമായും തോന്നുന്നു. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ഫ്‌ളോയിഡിനെ ഒരു രക്തസാക്ഷിയായി മനുഷ്യസമൂഹം അംഗീകരിക്കുന്നതില്‍ അമര്‍ഷവും അതിശോക്തിയും പ്രകടിപ്പിച്ചു. വേശ്യാവൃത്തിയില്‍ കുറ്റാരോപിതയായ സ്ത്രീയെ ക്രിസ്തുവിന്റെ മുന്‍പില്‍ കല്ലെറിഞ്ഞുകൊല്ലുവാനുള്ള അനുമതിക്കായി എത്തിച്ച യഹൂദ മതാചാരികളോട് “”പാപം ഇല്ലാത്തവര്‍ ആദ്യം കല്ലെറിയട്ടെ’’ എന്നരുളി പാപമോചനം നടത്തിയ ക്രിസ്തുമത വിശ്വാസിയാണ് മിസ് ഓവന്‍സ്.

ജോര്‍ജ് ഫ്‌ളോയിഡിനെ വീരചരമം പ്രാപിച്ച രക്തസാക്ഷിയായി അംഗീകരിക്കുന്നതോടൊപ്പം വര്‍ക്ഷവിവേചനവും വര്‍ഗ്ഗവിദ്വേഷവും ഭൂമിയില്‍നിന്നും നിശ്ശേഷം നീക്കി സമത്വവും സമാധാനവും പ്രദാനം ചെയ്യുന്ന ഒരു നവയുഗം സമീപഭാവിയില്‍ ഉണ്ടാകണം. ഫ്‌ളോയിഡിന്റെ പ്രതിമ അന്തര്‍ദേശീയ സ്മാരകചിഹ്നമായി സ്വദേശികളും വിദേശികളും അധികമായി എത്തുന്ന ന്യൂയോര്‍ക്ക് സിറ്റിയില്‍തന്നെ യുണൈറ്റഡ് നേഷന്‍ ഓര്‍ഗനൈസേഷന്റെ സമീപത്തായി പ്രതിഷ്ഠിക്കുന്നത് അത്യുത്തമമായിരിക്കും. ജനലക്ഷങ്ങളുടെ പ്രതിഷേധപ്രകടനങ്ങള്‍ സമാശ്വാസഗമമായി കെട്ടടങ്ങുവാന്‍ നിമിത്തമാകും.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെപ്പോലെ ജോര്‍ജ് ഫ്‌ളോയിഡും ആഗോള തലത്തില്‍ ലോകാന്ത്യംവരെ അറിയപ്പെടും (കോര ചെറിയാന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക