Image

സീറോ-മലബാർ /സീറോ-മലങ്കര എന്നീ സഭകളിലെ മാത്രാൻമാർക്ക് കെസിആർഎം നോർത്ത് അമേരിക്ക സമർപ്പിക്കുന്ന മെമ്മോറാണ്ടം

Published on 07 June, 2020
സീറോ-മലബാർ /സീറോ-മലങ്കര എന്നീ സഭകളിലെ മാത്രാൻമാർക്ക് കെസിആർഎം നോർത്ത് അമേരിക്ക സമർപ്പിക്കുന്ന മെമ്മോറാണ്ടം
മിശിഹായിൽ സ്നേഹമുള്ള ബഹുമാന്യരായ മെത്രാന്മാരേ,
കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്മെൻറ് നോർത്ത് അമേരിക്ക [Kerala Catholic Church Reformation Movement North America (KCRMNA)] എന്ന സംഘടനയുടെ ഒരു പൊതുസമ്മേളനം ഇക്കഴിഞ്ഞ ജൂൺ 29, 2020-ൽ നടക്കുകയുണ്ടായി. ആ സമ്മേളനത്തിൽവെച്ച് സീറോ-മലബാർ/സീറോ-മലങ്കര എന്നീ സഭകളിൽ പട്ടമേൽക്കുന്ന വ്യക്തികൾക്ക് പുരോഹിതവിവാഹം ഓപ്ഷണൽ ആക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ട് സഭാധികാരികളായ നിങ്ങൾക്ക് ഒരു നിവേദനം നൽകാൻ ആ സംഘടനയുടെ പ്രസിഡണ്ടായ എന്നെ ചുമതലപ്പെടുത്തുകയുണ്ടായി. അതിൻപ്രകാരമാണ് ഞാൻ ഈ മെമോറാണ്ടം നിങ്ങളുടെ അടിയതിര പരിഗണയ്ക്കായി സമർപ്പിക്കുന്നത്.   

അമേരിക്കൻ സർക്കാരിൻറെ ആഭ്യന്തര റവന്യൂ വകുപ്പിൽനിന്നും നോൺ-പ്രോഫിറ് കോർപറേഷനായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സംഘടനയാണ് കെസിആർഎം നോർത് അമേരിക്ക. അമേരിക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഈ സ്വതന്ത്ര അല്മായ കത്തോലിക്ക സംഘടനയുടെ പ്രധാന സ്ഥാപിത ഉദ്ദേശം സുവിശേഷവൽക്കരണത്തിലൂടെ ലോകത്ത് സത്യം, സ്നേഹം, നീതി തുടങ്ങിയ ക്രിസ്തീയ മൂല്യങ്ങൾ പ്രചരിപ്പിക്കുക എന്നതാണ്. അതിനായി കത്തോലിക്ക സഭയിലെ അന്താരാഷ്‌ട്ര അല്മായ പ്രസ്ഥാനങ്ങളുമായി കൈകോർത്തു ഞങ്ങൾ പ്രവർത്തിക്കുന്നു. കത്തോലിക്ക സഭയിലെ പ്രത്യേകിച്ച് കേരളത്തിലെ സഭകളിലെ സഭാധികാരികളിൽനിന്നും, ദൈവജനത്തിന് ശുശ്രൂഷ ചെയ്യാൻ നിയോഗിക്കപ്പെട്ടവരിൽനിന്നും നഗ്നമായ ലൈംഗികാക്രമണങ്ങളും അനീതികളും ദൈവത്തിൻറെ മക്കളായ അല്മായർ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നു. പുരോഹിത ലൈംഗിക അതിക്രമങ്ങൾ ഇന്ന് നിത്യവാർത്തയായി മാറിയിരിക്കുകയാണ്.

വിവാഹിത പൗരോഹിത്യത്തെ സഭ ആദ്യനൂറ്റാണ്ടുകളിൽ അനുകൂലിച്ചിരുന്നു. വൈദികരും മെത്രാന്മാരും മാർപാപ്പമാരും വിവാഹിതരായിരുന്നല്ലോ. ശിഷ്യപ്രമുഖനായ പത്രോസ് വിവാഹിതനായിരുന്നു. കാലം മുൻപോട്ടു പോയതോടെ, 1139-ൽ ഇന്നസെൻറ് രണ്ടാമൻ മാർപാപ്പയാണ് നിർബന്ധിത വൈദികബ്രഹ്മചര്യം സഭയിലെ ശിക്ഷണസംബന്ധമായ ഒരു നിയമമാക്കിയതെന്ന് നമുക്കറിയാം. "ബ്രഹ്മചര്യം കർശനമാക്കിയാൽ പുരോഹിതർ വ്യഭിചാരത്തെക്കാൾ വലിയ പാപം ചെയ്യും" എന്ന് ഇറ്റലിക്കാരനായ ഇമോളയിലെ ഉൾറിച്ച് മെത്രാൻ (Ulrich of Imola, 1053-1063) അഭിപ്രായപ്പെട്ടത് എത്രയോ സത്യം. അന്നുമുതൽ ഇന്നുവരെ വൈദികർ ചെയ്തുകൂട്ടിയ ലൈംഗിക അതിക്രമങ്ങൾക്ക് കണക്കില്ല.

ഉദയംപേരൂർ സൂനഹദോസിനു മുമ്പ് കേരളത്തിലെ പട്ടക്കാർ വിവാഹിതരായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ എല്ലാ പൗരസ്ത്യ സഭകളോടും നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. "....കാലത്തിൻറെയോ വ്യക്തിയുടെയോ സാഹചര്യങ്ങൾക്ക് അടിപ്പെട്ട് തങ്ങൾക്ക് ചേരാത്ത വിധത്തിൽ ഇവയിൽനിന്നും വ്യതിചലിച്ചു പോയിട്ടുണ്ടെങ്കിൽ പൗരാണിക പാരമ്പര്യത്തിലേക്ക് തിരിയുവാൻ അവർ ശ്രമിക്കേണ്ടതാണ്" (രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ, ധർമ്മാരാം പബ്ലിക്കേഷൻസ്, ബാംഗ്ലൂർ, 2004, pp 190-191).

കൽദായ ആരാധനക്രമം വീണ്ടെടുക്കണമെന്നും പറഞ്ഞ് മുറവിളികൂട്ടുന്ന സഭാധികാരികൾ എന്തുകൊണ്ട് ഏറെ ബഹുമാനം അർഹിക്കുന്നതും മാർതോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യ പൈതൃകവുമായ വിവാഹിത പൗരോഹിത്യം പുനഃസ്ഥാപിക്കുന്നില്ല എന്ന കാര്യം മനസ്സിലാക്കാൻ സാധിക്കുന്നില്ല.

ബ്രഹ്മചര്യം എന്ന ദുർവഹമായ ചുമട് ഒരു വൈദികനിൽ നിർബന്ധമായി കെട്ടിവെയ്ക്കുന്നത് അനീതിയാണ്. നിർബന്ധിത വൈദികബ്രഹ്മചര്യം സഭയിലെ ശിക്ഷണസംബന്ധമായ ഒരു നിയമമാണ്. അത് മനുഷ്യനിർമിതമാണ്. റോമൻ കത്തോലിക്കാ സഭയുടെ വിശ്വാസപ്രമാണങ്ങളുടെ ഭാഗമല്ല. ഇന്ന് പല പൗരസ്ത്യസഭകളിലും കൂടാതെ ലത്തീൻ സഭയിലും വിവാഹിതരായ പുരോഹിതർ സേവനം ചെയ്യുന്നുണ്ട്.

ആഗോള കത്തോലിക്കാസഭയിൽ വൈദികക്ഷാമം രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തിൽ വിവാഹിതരായ പുരോഹിതർ സഭയ്ക്ക് മുതൽക്കൂട്ടാണ്. പരിശുദ്ധകുർബാന ദൈവാരാധനയുടെ പാരമ്യമാണ്. വൈദിക ബ്രഹ്മചര്യ നിയമം കാരണം ദൈവജനത്തിന് ദിവ്യബലി എന്ന കൂദാശ ലഭിക്കാതെവരുന്നത് അക്ഷന്തവ്യമായ തെറ്റാണ്.

കേരളത്തിലെ ക്രൈസ്തവസഭകളിൽ വൈദികരിൽനിന്നുള്ള ലൈംഗിക അതിക്രമങ്ങൾ കൂടിവരുന്ന ഇന്നത്തെ സാഹചര്യത്തിൽ മാർതോമ ക്രിസ്ത്യാനികളുടെ പൗരാണിക പാരമ്പര്യമായ വിവാഹിത പൗരോഹിത്യത്തിലേയ്ക്ക് തിരിച്ചുപോകൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള കാത്തലിക് ചർച്ച് റിഫോർമേഷൻ മൂവ്മെൻറ് നോർത് അമേരിക്ക സീറോ-മലബാർ/സീറോ-മലങ്കര സഭകളിലെ എല്ലാ മെത്രാന്മാരോടും അഭ്യർത്ഥിക്കുന്നു.

സ്നേഹാദരവുകളോടെ,
ചാക്കോ കളരിക്കൽ
പ്രസിഡണ്ട്, കെസിആർഎം നോർത്ത് അമേരിക്ക
ജൂൺ 06, 2020

സീറോ-മലബാർ /സീറോ-മലങ്കര എന്നീ സഭകളിലെ മാത്രാൻമാർക്ക് കെസിആർഎം നോർത്ത് അമേരിക്ക സമർപ്പിക്കുന്ന മെമ്മോറാണ്ടം
Join WhatsApp News
മലയാളി യേശു 2020-06-08 06:23:58
മലയാളികളുടെ പള്ളിയില്‍ എന്‍റെ തൊലിനിറം ഉള്ള യേശുവിനെ വേണം കുരിശു രൂപത്തില്‍ തൂക്കാന്‍. വെളുത്ത യേശുവിനെ വേണ്ട വേണ്ട. മലയാളിക്ക് മലയാളി യേശു- നിങ്ങള്‍ അഭിപ്രായം എഴുതുക. എന്നിട്ട് വേണം ഒരു മെമ്മോറാണ്ടം പോപ്പിന് അയക്കാന്‍ - എന്ന് സൊന്തം അച്ചു.
മാർഗവാസി മാർക്കോസ് 2020-06-08 11:17:53
പക്ഷെ ഇവരെ കല്യാണം കഴിക്കാൻ അനുവദിച്ചാൽ പിന്നെ ഇവർ ഭാരൃയുടെ അനുമതിയോടെ മറ്റു വിശവാസിപ്പെണ്ണുങ്ങെളയും വരുത്തി മാൾട്ടിപ്ൾ സെക്സ് നടത്തി എൻജോയ് ചെയ്യും. പിന്നെ ഒരു കാര്യം പറയാം. അപ്പോൾ ഇവർ കെട്ടിവന്നാൽ അവരുടെ ഭാര്യാക്കും കുട്ടികൾക്കും കു‌ടി ചിലവിനു കൊടുക്കാൻ വിശവാസിയായ ഞാൻ തയ്യാറല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക