Image

ഒരാൾക്ക് മാത്രമേ കൊറോണയിൽ നിന്നും നമ്മളെ രക്ഷിക്കാൻ കഴിയൂ (ശിവകുമാർ)

Published on 07 June, 2020
ഒരാൾക്ക് മാത്രമേ കൊറോണയിൽ നിന്നും നമ്മളെ രക്ഷിക്കാൻ കഴിയൂ (ശിവകുമാർ)

'മൂവ്..... കൊറോണ.... പ്ലീസ് മൂവ്... എന്നു പറഞ്ഞായിരിക്കും വരും ദിവസങ്ങളിൽ നമ്മുക്ക് ജീവിക്കേണ്ടി വരുന്നത്. ടിവിയിലും മറ്റും കണ്ടിരുന്ന കോറോണ വ്യാപനം, നമ്മുടെ അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു.

വൈകാതെ, നമ്മുടെ സുഹൃത്തുക്കളിലും, ബന്ധുക്കളിലും, അയൽവാസികളിലും ഒക്കെ കോവിഡ് ബാധിതരുണ്ടാവാം. മാത്രമല്ല, അവരിൽ 90 ശതമാനത്തിനും യാതൊരു വിധ ലക്ഷണങ്ങളുമുണ്ടാവാനിടയില്ല. അതു കൊണ്ട് തന്നെ പരിശോധിക്കാത്തിടത്തോളം, അവർക്ക് കോവിഡ് ബാധിച്ചത് ആരും അറിയാനും പോവുന്നില്ല.

ഇത്തരം ആളുകളാണ് മാസ്ക് കഴുത്തിൽ അലങ്കാരമായി മാത്രം ധരിച്ച് പൊതുസ്ഥലങ്ങളിൽ നടക്കുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും സംസാരിക്കുമ്പോഴും ആളുകൾ മാസ്ക് മാറ്റുന്ന പ്രവണത നമുക്കിടയിൽ സാധാരണയായി കാണാം. അതിനർത്ഥം, നമ്മൾ ഇടപഴകുന്ന പൊതു വാഹനങ്ങൾ (ബസ് ട്രെയിൻ, ഓട്ടോ, ടാക്സി) പൊതു സ്ഥലങ്ങൾ, ഷോപ്പുകൾ, മാളുകൾ, റസ്‌റ്റോറൻറുകൾ, തീയ്യേറ്ററുകൾ, കല്യാണ വീടുകൾ, ആരാധനാലയങ്ങൾ തുടങ്ങി എല്ലാ പൊതു സ്ഥലങ്ങളിലും കൊറോണ വൈറസ് സാന്നിദ്ധ്യം ഉണ്ടാവാം.

ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി പുറത്തിറങ്ങി, അവിടെയൊക്കെ സ്പർശിച്ചും, സാധനങ്ങൾ, പണം, തുടങ്ങിയവ കൊടുത്തും, വാങ്ങിയും നടക്കുന്ന നമ്മുടെ കയ്യിൽ വൈറസ് ഏത് നിമിഷവും എത്തിപ്പെടാം.

കൈ കഴുകുക എന്നത് എത്രത്തോളം പ്രായോഗികമാണ് എന്നതും ചിന്തിക്കേണ്ട വിഷയമാണ്. വീട്ടിൽ നിന്നും ഷോപ്പിംഗിന് പോയാൽ തിരിച്ചെത്തുന്നത് വരെ, നമ്മൾ എത്ര പ്രാവശ്യം കൈ കഴുകാറുണ്ട്?

ജനങ്ങൾ സാമൂഹിക അകലം പാലിച്ചാലും (പാലിക്കുന്നില്ല എന്നത് മറ്റൊരു കാര്യം)ഇത്തരത്തിൽ കയ്യിലൂടെ വൈറസ് പകരാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്.

അതു കൊണ്ട്, ഇനിയുള്ള ദിവസങ്ങളിൽ മാസ്ക് മാത്രം പോര നമ്മുക്ക്. ഇനി മുതൽ പുറത്തിറങ്ങുമ്പോൾ, ഡിസ്പോസിബിൾ ഗ്ലൗസ് കൂടെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവണം.

ചെറിയ വിലക്ക് തന്നെ, ലാറ്റെക്സ്, വിനൈൽ, നൈട്രെൽ റബ്ബർ നിർമ്മിതമായ ഗ്ലൗസുകൾ ലഭ്യമാണ്. പൊതു സ്ഥലങ്ങളിലെ ഇടപഴകലിന് ശേഷം സുരക്ഷിതമായി ഉപേക്ഷിക്കാവുന്നയാണ് ഇവ. പൊതു ഇടങ്ങളിൽ അധികം സമ്പർക്കം ഉണ്ടാവുന്നില്ലെങ്കിൽ, കയ്യിൽ കരുതുന്ന സാനിട്ടൈസർ ഉപയോഗിച്ച് അണു നശീകരണം നടത്തി കൂടുതൽ സമയം ഉപയോഗിക്കാവുന്നതുമാണ്.

കയ്യിലും, വിരലുകൾക്കിടയിലും, നഖങ്ങൾക്കിടയിലും, വൈറസുകൾ ഉണ്ടാവാനുള്ള സാദ്ധ്യത ഒഴിവാക്കുന്നതിനൊപ്പം, ഗ്ലൗസ് ഉപയോഗിക്കുമ്പോൾ വായ, മൂക്ക്, കണ്ണ്, മുഖം എന്നിവിടങ്ങളിൽ കൈ കൊണ്ട് സ്പർശിക്കാനും ചൊറിയാനും ബുദ്ധിമുട്ടുള്ളത് കൊണ്ട്, അത്തരം പ്രവൃത്തികളിൽ നിന്നും നമ്മൾ അറിയാതെ ഒഴിവാകുന്നു. അങ്ങിനെ രോഗം പകരാനുള്ള സാദ്ധ്യത കുറയുന്നു.

മാസ്കും ഗ്ലൗസും ധരിച്ച്, കയ്യിൽ എപ്പോഴും ഒരു സാനിട്ടൈസർ ബോട്ടിലുമായേ ഇനിയുള്ള ദിവസങ്ങളിൽ, നമ്മൾ പുറത്തിറങ്ങാവൂ. ഇടക്കിടെ സാനിട്ടൈസർ ഉപയോഗിച്ച് ഗ്ലൗസ് അണുവിമുക്തമാക്കുന്നതും ശീലമാക്കാം. വേണമെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകുകയുമാവാം.

അടുത്ത ഏതാനും മാസങ്ങൾ നമ്മുക്ക് ഗ്ലൗസും ജീവിതത്തിന്റെ ഭാഗമാക്കാം, സ്വയം സംരക്ഷിക്കാം,

നമ്മളെ രക്ഷിക്കാൻ നമുക്ക് മാത്രമേ കഴിയൂ.. നമ്മുടെ ജീവന്റെ ഉത്തരവാദിത്തം നമ്മൾ തന്നെ ഏറ്റെടുക്കണം, ഒപ്പം നമ്മുക്ക് വേണ്ടപ്പെട്ടവരുടെയും.

കോവിഡ് ക്രൈസിസ് മാനേജ്മെൻറ്

വെള്ളപ്പൊക്കം, തീപ്പിടുത്തം, കെമിക്കൽ വ്യാപനം തുടങ്ങിയ ഏത് ദുരന്തമുണ്ടാവുമ്പോഴും, ആദ്യം രക്ഷിക്കേണ്ടത് സ്വയം രക്ഷപ്പെടാൻ സാധിക്കാത്ത, വൃദ്ധ ജനങ്ങൾ, അസുഖ ബാധിതർ, ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവരെയാണല്ലോ?

കോവിഡിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. പുറത്തിറങ്ങുന്ന, ആരോഗ്യമുള്ള ആളുകൾ പൊതു ഇടങ്ങളിലെ സമ്പർക്കത്തിലൂടെ, രോഗം നേടിയെടുത്ത്, രോഗവാഹകരായി സ്വന്തം വീട്ടിലെ ഇത്തരം ദുർബ്ബലർക്ക് നൽകാനുള്ള സാദ്ധ്യത ഏറെയാണ്.. അത് കൊണ്ട് തന്നെ, ഇത്തരക്കാരെ വീടുകളിൽ തന്നെ മറ്റുള്ളവരിൽ നിന്നും അകറ്റി നിർത്തി സംരക്ഷിക്കുകയോ, അതിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ / സന്നദ്ധ സംഘടനകൾ കമ്യൂണിറ്റി സൗകര്യങ്ങൾ ഒരുക്കി സംരക്ഷിച്ച് നിർത്തുകയോ ചെയ്യേണ്ടതുണ്ട്. കാരണം ആരോഗ്യമുള്ളവരെ, കോവിഡ് രോഗം അൽപം പോലും മോശമായി ബാധിക്കാതിരിക്കുമ്പോൾ, ദുർബ്ബല വിഭാഗമാവട്ടെ രോഗം ബാധിച്ചാൽ അപകടകരമായ സ്ഥിതിയിലെത്തിച്ചേരാം.

ഭയമല്ല, ശ്രദ്ധയാണ് നമുക്ക് വേണ്ടത്. കോവിഡ് ബാധിച്ചാലും 90 ശതമാനം പേർക്കും യാതൊരു ചികിത്സയും ആവശ്യമില്ല. ബാക്കിയുള്ള പത്ത് ശതമാനത്തിൽ 5 ശതമാനം പേർക്ക് പാരസെറ്റമോളോ വൈറ്റമിൻ ടാബ്ലറ്റോ മറ്റു മരുന്നുകളോ ചിലപ്പോൾ ആവശ്യമായി വരാം. ബാക്കിയുള്ള 5 ശതമാനം വരുന്നവരാണ് സൂക്ഷിക്കേണ്ടത്. അവരെയാണ് നമ്മൾ ശ്രദ്ധിക്കേണ്ടതും. ഗുരുതരമായ മറ്റ് അസുഖങ്ങൾ ഉള്ളവരും, പ്രായമായവരും, ആരോഗ്യ സംവിധാനത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേക ശ്രദ്ധ അർഹിക്കുന്നുണ്ട്.

മനസ്സു വച്ചാൽ, ഒരൽപം ശ്രദ്ധിച്ചാൽ, ഈ ഘട്ടവും എളുപ്പത്തിൽ നമ്മൾ അതിജീവിക്കും... തീർച്ച.

 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക