Image

സ്നേഹം വില കൊടുത്ത് വാങ്ങാൻ പറ്റില്ല (ബിന്ദു ഫെർണാണ്ടസ്)

Published on 07 June, 2020
സ്നേഹം വില കൊടുത്ത് വാങ്ങാൻ പറ്റില്ല (ബിന്ദു ഫെർണാണ്ടസ്)
ഒരു ലക്ഷത്തിൽ അധികം മരണ സംഖ്യ കടന്ന അമേരിക്കയിലെ മൊത്തം മരണങ്ങളിൽ ഏതാണ്ട് മുപ്പത്തി അഞ്ചായിരം മരണങ്ങൾ നഴ്സിങ്ങ് ഹോമുകളിൽ മാത്രമായി നടന്നതാണ്... ഈ വാർത്ത എന്നെ ഞെട്ടിച്ചില്ല എന്ന് മാത്രമല്ല കൊറോണ മരണങ്ങൾ കേട്ട് തുടങ്ങുന്ന സമയത്ത് തന്നെ അമേരിക്കയിലെ നഴ്സിങ്ങ് ഹോമുകളിലെ വൃദ്ധ ജനങ്ങൾക്ക് കൊറോണ പിടിപെട്ടാൽ അതൊരു വൻ ദുരന്തത്തിലേക്ക് വഴി മാറാൻ സാധ്യത വളരെയധികമാണെന്ന് എൻ്റെ മനസ്സ് അന്നേ പറഞ്ഞിരുന്നു....

ഏറ്റവുമധികം നഴ്സിങ്ങ് ഹോമുകൾ ഉള്ള നാട് ഒരു പക്ഷേ അമേരിക്കയായിരിക്കുമോ എന്നെനിക്ക് സംശയമുണ്ട്.. നാട്ടിലെ നഴ്സിങ്ങ് ഹോമുകളല്ല അമേരിക്കയിലെ നഴ്സിങ്ങ് ഹോമുകൾ.... പല പേരുകളിൽ പല തരം വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് സാമ്പത്തിക സ്ഥിതിയുടെ രീതികളനുസരിച്ച് താമസിക്കാൻ വാർദ്ധക്യ കാലം ചിലവഴിക്കാൻ അമേരിക്കയിൽ സൗകര്യങ്ങളുണ്ട് .
 
പുറമെ നിന്ന് നോക്കിയാലും അകത്ത് കടന്ന് നോക്കിയാലും നഴ്സിങ്ങ് ഹോമുകൾ മനോഹരങ്ങളാണ്... കുടുംബത്തിൻ്റെ തണലിൽ വാർദ്ധക്യ കാലം ചിലവഴിക്കുന്നത് പല കാരണങ്ങളാൽ ഇഷ്ടപ്പെടാത്ത ഒരു വലിയ വിഭാഗം വൃദ്ധ ജനക്കൂട്ടം വയസ് കാലത്ത് നഴ്സിങ്ങ് ഹോം ജീവിതം തിരഞ്ഞെടുക്കുന്നത് ഇഷ്ടം കൊണ്ട് ആകില്ല പലപ്പോഴും നിവൃത്തിയില്ലാത്തതു കൊണ്ടാകാനാണ് കൂടുതലും സാധ്യത...
 
അമേരിക്കൻ കുടുംബാംഗങ്ങൾ എന്തും സഹിച്ച് ഒരു കൂരക്കുള്ളിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നവർ അല്ല.. അത് കൊണ്ട് തന്നെ മക്കൾക്ക് ബാധ്യതയായി മാറാൻ അച്ഛനമ്മമാർ പലപ്പോഴും ആഗ്രഹിക്കാതെ നഴ്സിങ്ങ് ഹോമുകളിൽ വാർദ്ധക്യ കാലം ചിലവഴിക്കുന്നത് ഇവിടെ പതിവ് കാഴ്ചയാണ് .

കൊറോണ ഏറ്റവും ശക്തിയായി ആക്രമിച്ചത് വാർദ്ധക്യത്തെയാണ് .... കുടുംബം കൂടെ ഉണ്ടായാൽ പോലും വൃദ്ധ ജനങ്ങളെ കരുതി കൊണ്ട് നടക്കാൻ ഏറെ പാടുള്ള ഒരു സമയത്ത് ... നഴ്സിങ്ങ് ഹോമുകളിൽ കാശ് കൊടുത്ത് കിട്ടുന്ന പരിരക്ഷ വലിയ ഒരു രക്ഷ അല്ലാത്ത എത്രയോ നേർക്കാഴ്ചകൾക്കാണ് ഈ അമേരിക്കയിൽ എനിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുള്ളത് ..അത് കൊണ്ട് തന്നെ ഇത്രയേറെ മരണങ്ങൾ നഴ്സിങ്ങ് ഹോമിൽ നടന്നത് ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല.

വാർദ്ധക്യത്തിൽ നമ്മൾ സ്നേഹിക്കുന്നവരുടെയും നമ്മളെ സ്നേഹിക്കുന്നവരുടെ ഇടയിൽ കിടന്ന് മരിക്കാനും വേണം ഒരു യോഗം..., പണം ഉണ്ടായിട്ട് മാത്രം കാര്യമില്ല ... സ്നേഹം വില കൊടുത്ത് വാങ്ങാൻ പറ്റില്ല എന്നത് ഒരു സത്യമാണ്.
 
 
 
Join WhatsApp News
Dr.Savithree Vimala Achuthan 2020-06-08 10:00:46
പ്രണയം ,സനേഹം ,കരുണ തുടങ്ങിയ പല വാക്കുകൾക്കും അതിൻ്റെ ശരിയായ ഭാവനകളും അതിൽ ആരോപിക്കുന്ന അർത്ഥങ്ങളും ഗുണങ്ങളും എന്താണോ അത് ഇന്ന് പ്രാക്ടീസ് ചെയ്യുന്ന പ്രണയത്തിന് സ്നേഹത്തിന്, കരുണക്ക് അതിൻ്റെ യഥാർത്ഥ അർത്ഥത്തിലുള്ള നിർവചനത്തിന് വഴങ്ങുന്ന ഭാവതീവ്രമായ പൊരുളില്ല . സ്വാതന്ത്ര്യത്തെ മെരുക്കിയെടുത്ത് കൊണ്ടാണ് മനുഷ്യരും ദൈവങ്ങളും സ്നേഹിക്കുന്നതും പ്രണയിക്കുന്നതും കരുണ ചെയ്യുന്നതും .. കൊല്ലുക (kill ) ,ആക്രമിക്കുക ,വെറുക്കുക തുടങ്ങിയ വാക്കുകൾ കൂടിയsങ്ങിയ ഗ്രന്ഥങ്ങൾ വിശുദ്ധ ഗ്രന്ഥങ്ങളും , അതെഴുതിയവർ പ്രവാചകന്മാരും. സ്നേഹം, പ്രണയം ,സമാധാനം ,സന്തോഷം എന്നിവ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളെ പൈങ്കിളി സാഹിത്യങ്ങളും ഇവരെല്ലാം വെറും പൈങ്കിളി സാഹിത്യകാരന്മാരും. കന്യകയല്ലാത്ത സ്ത്രീകളെ നിസ്വാർത്ഥമായി പ്രണയിക്കുന്നവൻ്റെ പേര് '"ജാരൻ" അതിൻ്റെ പേരിൽ മാത്രം അവൻ വിടനും വികൃതനുമായി താഴ്ത്തപ്പെടുകയാണ്. എന്നാൽ കാമ പൂർത്തീകരണം കഴിഞ്ഞ് കന്യകയെ ഉപേക്ഷിച്ചു പോകുന്നവൻ ഗന്ധർവ്വനും .... ആനയെ ക്രൂര പീഢനങ്ങൾക്ക് വിധേയമാക്കി ചങ്ങലയിൽ ബന്ധിച്ച് പൊരിവെയിലത്ത് നിർത്തി പീഡിപ്പിക്കുന്നതിൻ്റെയും, കൊല്ലുന്നതിൻ്റെയും പേര് _.ആന'പ്രേമം ' പുരുഷന്റെ പേശി ബലവും കോപവും പെണ്ണിൻ്റെ മുഖത്തും ശരീരത്തും അടിച്ചും തൊഴിച്ചും സ്നേഹിക്കുന്നതിൻ്റെയും അഭിനന്ദിക്കുന്നതിൻ്റെയും ,പട്ടിണിക്കിട്ടും പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുന്നതിൻ്റെയും മുഖത്ത് ആസിഡ് ഒഴിച്ച് , പെട്രോൾ ഒഴിച്ച് കത്തിക്കുന്നതിൻ്റെ .... പേര് "പ്രണയം" ... സ്ത്രീകളുടെ കൂടെ അവളുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുകയും നിസ്വാർത്ഥമായി പ്രണയിക്കുന്ന ഭർത്താവിൻ്റെ പേര് _ പെൺ കോന്തൻ. മനുഷ്യരെ സ്നേഹിക്കാൻ പ്രകൃതിദുരന്തങ്ങൾ പ്രളയം ,ഇടക്കിടെ ചുഴലിക്കാറ്റ് ,നല്ലവണ്ണം സ്നേഹിക്കാൻ ഭൂകമ്പം ,ഇത് കൊണ്ടൊന്നും സ്നേഹിച്ച് മതിവരാതെ രോഗങ്ങൾ, ദുരിതങ്ങൾ വൈറസ്.ഇങ്ങനെ മനുഷ്യരെ കൂട്ടത്തോടെ കൊല്ലുന്നതിൻ്റെയും .ചത്തു കഴിഞ്ഞാൽ നരകത്തിലിട്ട് കാലാകാലം കത്തിക്കുന്നതിൻ്റെ പേരാണ് ഏറ്റവും വലിയ രസം - ദൈവ കരുണ. .ഈ തല തിരിഞ്ഞ ലോകത്തെ നേരെ കാണാൻ മനുഷ്യരെയെല്ലാം കുറച്ചു കാലം വവ്വാലിനെ പോലെ തലകീഴായി തൂക്കിയിടണം- coy-അച്ചുവിന്‍റെ സുവിശേഷം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക