Image

നീലച്ചിറകുള്ള മൂക്കുത്തികൾ 16 - സന റബ്സ്

Published on 07 June, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ 16 - സന റബ്സ്


                         മീറ്റിങ്ങില്‍ തനൂജ വളരെ നല്ല പെര്‍ഫോര്‍മന്‍സായിരുന്നു കാഴ്ച വെച്ചത്.  വളരെ ചെറിയ കാര്യങ്ങള്‍പോലും ആലോചനാശേഷിയോടെ  നോക്കിക്കാണുകയും നിര്‍ദേശങ്ങളും അനുമാനങ്ങളും ക്രോഡീകരിക്കുകയും ചെയ്തു. ദാസില്‍ മതിപ്പുളവാക്കുക എന്ന  ലക്ഷ്യത്തില്‍ അവള്‍ എത്തിച്ചേരുകതന്നെ ചെയ്തു.

 എല്ലാം കഴിഞ്ഞു ദാസ്‌ റൂമിലേക്ക്‌ തിരികെ വന്നു. അല്പം വിശ്രമിക്കാന്‍ തന്നെയായിരുന്നു അയാള്‍ ഉദ്ദേശിച്ചത്‌. മുറിയിലെത്തിയ അയാള്‍ മിലാനെ വീഡിയോ കോളില്‍ വിളിച്ചു.   “പിന്നെ മിലാന്‍, നാളെ മീറ്റിംഗ് കഴിഞ്ഞാല്‍ ഒരു ഹെലികോപ്റ്റര്‍ സവാരി ബുക്ക്‌ ചെയ്തിട്ടുണ്ട്. ഇതെല്ലം ഓര്‍ത്താണ് നീ വരുന്നോ ഇങ്ങോട്ട് എന്ന് ഞാന്‍ ചോദിച്ചത്.”

“ഇപ്പോള്‍ നടക്കില്ല വിദേത്, ആരൊക്കെയാണ് പോകുന്നത്? എല്ലാവരുമുണ്ടോ?”

“ഏയ് ഇല്ലയില്ല... തനൂജയാണ്  ബുക്ക്‌ ചെയ്തത്. അവള്‍ എന്നോടൊന്നും ഇതുവരെ അതെക്കുറിച്ച് സംസാരിച്ചില്ല. പിഎ നല്‍കിയ  ഷെഡ്യൂളില്‍ ഇതുണ്ട്...” അയാള്‍ പറഞ്ഞു കൊണ്ടിരിക്കെ കാളിംഗ്ബെല്‍ മുഴങ്ങി. ഇരുന്നുകൊണ്ട് തന്നെ അയാള്‍ വിളിച്ചു പറഞ്ഞു. “യാ .., കം ഇന്‍....” പ്രതീക്ഷിച്ചപോലെ അത് തനൂജയായിരുന്നു. ഒരു മിനിറ്റ് എന്ന് ഫോണില്‍ മിലാനോട് ആന്ഗ്യം കാണിച്ചു അയാള്‍ എഴുന്നേറ്റു അവളെ വിഷ് ചെയ്തു.

“ഞാനൊരു കാര്യം വിട്ടുപോയി പറയാന്‍ റായ്,  നാളെ വൈകീട്ട് ഒരു സൈറ്റ് സീയിംഗ് ഏര്‍പ്പാട് ചെയ്തിരുന്നു. നമ്മുടെ സ്റ്റെഡിയം  ഉയരത്തില്‍ വീക്ഷിക്കാനുള്ള വഴികൂടിയാണ്. ഞാന്‍ പേര്‍സണല്‍ ആയി റായിയോടു അഭിപ്രായം ചോദിക്കാന്‍ വിട്ടുപോയി. ഇഫ്‌ യു നെവെര്‍ മൈന്‍ഡ്....” തനൂജ പറഞ്ഞു നിറുത്തിയപ്പോള്‍ ദാസ്‌ ചിരിച്ചു.

“ഞാന്‍ അറിഞ്ഞിരുന്നല്ലോ തനൂജാ, ആവട്ടെ, എനിക്ക് വിയോജിപ്പില്ല. എനിക്കും ചിലരെ  കാണാനുണ്ട്. അത് കഴിഞ്ഞു ഫ്രീയാണെങ്കില്‍ വരാം.” ഫോണ്‍ ബെഡില്‍ തിരിച്ചുവെച്ച് പോയതിനാല്‍ മിലാന് അവരെ കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്നാല്‍ പറയുന്നത് കേള്‍ക്കാമായിരുന്നു.

“ഓഹ്... മറ്റെന്തെങ്കിലും പ്രോഗ്രാം ഏറ്റിട്ടുണ്ടോ... എങ്കില്‍ ഓക്കേ റായ്... ഞാന്‍ ക്യാന്‍സല്‍ ചെയ്തോളാം...” തനൂജയുടെ മുഖത്ത്  മിന്നിത്തെളിഞ്ഞ ഭാവം  സമര്‍ത്ഥമായി  ഒളിപ്പിച്ചു സ്വാഭാവികമായി അവള്‍ പറഞ്ഞു.

“യെസ്, ചില കാര്യങ്ങളുണ്ട്. എന്തായാലും ഫ്രീ ആകാന്‍ പറ്റുമോന്നു നോക്കാം. ഞാന്‍ പിഎ യോട് ചോദിക്കട്ടെ. ബൈ ദി ബൈ തനൂജ ഇരിക്കുന്നുണ്ടോ? പോകും മുന്നേ അല്പം റസ്റ്റ്‌ എടുക്കാമെന്ന് കരുതി കിടക്കാന്‍ തുടങ്ങുകയായിരുന്നു.”

“ഓക്കെ ഓക്കെ... ടേക്ക് റെസ്റ്റ് റായ്, എയര്‍പോര്‍ട്ടില്‍ കാണാം...” തിടുക്കത്തില്‍ തനൂജ പോകാനായി തിരിഞ്ഞു.

ദാസ്‌  ഫോൺ  വീണ്ടും കയ്യിലെടുത്തു ബെഡില്‍ ഇരുന്നു.  തനൂജ വാതിലടയും മുന്നേ തിരിഞ്ഞു നോക്കി. അയാളുടെ കട്ടിലിനോട് യോജിപ്പിച്ച കണ്ണാടിയിലും ഫോണ്‍ സ്ക്രീന്‍ പ്രതിഫലിച്ചിരുന്നു!  മിലാന്‍റെ മുഖം കണ്ണാടിയില്‍ വ്യക്തമായവള്‍ കണ്ടു.

വല്ലാത്തൊരു രോഷവും കയ്പ്പും  അവളുടെ ഉള്ളില്‍ തികട്ടി വന്നു. എന്താണ് ഇയാള്‍ എത്ര ശ്രമിച്ചിട്ടും തന്നിലേക്ക് വരാത്തത്?  ഇയാള്‍ക്ക് മറ്റു സ്ത്രീകളോട് തോന്നുന്ന ക്യൂരിയോസിറ്റി പോലും തന്നോട് തോന്നുന്നില്ലേ? മിലാന്‍ പ്രണോതിയില്‍ വീണുകിടക്കാന്‍ മാത്രം എന്താണവളില്‍ ഇത്രമാത്രം.....തന്നിൽ ഇല്ലാത്ത എന്താണ് അവളിൽ ഇയാൾ കാണുന്നത്.... 

ഛീ.... തനൂജ മുഷ്ടിചുരുട്ടി  ചുവരില്‍ ഇടിച്ചു.

“എന്താ പോകുന്നില്ലേ നാളെ ഹെലിക്കൊപ്റ്ററില്‍? വേറെ ആരെയാ കാണാന്‍ പോകുന്നെന്ന് പറഞ്ഞത്?” മിലാന്‍   ചോദിച്ചു.

“പ്രത്യേകിച്ച് ആരെയും കാണാനില്ല മിലാന്‍...  അവോയ്ട് ചെയ്തതാണ്. ആ  ഓവര്‍സ്മാര്‍ട്ട്‌നസ് എനിക്ക് പിടിക്കുന്നില്ല. എന്നോട് ചോദിക്കാതെ ബുക്ക്‌ ചെയ്തു. ഒഫ്കോഴ്സ് ലീഡര്‍ഷിപ്പ്  ക്വാളിറ്റി  ഉണ്ട്. പക്ഷെ മറ്റുള്ളവരെ ഡോമിനേറ്റ് ചെയ്യുന്ന സ്വഭാവം പലപ്പോഴും എനിക്ക് ഇഷ്ടമല്ല. അതാണ്....”

“ഒരു പക്ഷെ അത് തനൂജ അറിഞ്ഞു ചെയ്യുന്നതല്ലെങ്കിലോ...? അവളുടെ ക്യാരക്റ്ററില്‍ ഉള്ളതാണെങ്കിലോ... ചിലര്‍ വളര്‍ന്ന സാഹചര്യം അനുസരിച്ച് സ്വഭാവം മാറിമറിയുമല്ലോ.”

“എങ്കിലും , ഇത്രയും വളര്‍ന്നതല്ലേ.... ഇന്നത്തെ മീറ്റിംഗ് തനൂജ പെര്‍ഫെക്റ്റ്‌ ആയി കൈകാര്യം ചെയ്തു. അതെല്ലാം ഓക്കേ... പക്ഷെ..”

“സാരമില്ല വിദേത്, ഇഷ്ടമില്ലാത്ത കാര്യം കണ്ടാല്‍ ഇതെനിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തുറന്നു പറയാന്‍ ശീലിക്കൂ...  അങ്ങനെ രണ്ടു വട്ടം പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് നമ്മെ പറ്റി ഏകദേശം മനസ്സിലാവും....”

“അങ്ങനെ മനസ്സിലാവും വിധം പറഞ്ഞു പലവട്ടം.  എന്നിട്ടും അവള്‍ ഒരിക്കല്‍ ചാടി ഡല്‍ഹിയിലെ വീട്ടില്‍ വന്നു. അമ്മയെ കണ്ടു.” പറഞ്ഞു കഴിഞ്ഞു ദാസ് ‌ മിലാനെ  ഒന്ന് നോക്കി. “അയാം സോറി,  നിന്നോട് ഞാന്‍ പറഞ്ഞില്ലായിരുന്നു.”

“ഞാനറിഞ്ഞിരുന്നു വിദേത്, ചോദിച്ചില്ല എന്നേയുള്ളൂ.”

“എന്താ നീ ചോദിക്കാഞ്ഞത്? “

“അല്ല, ചിലപ്പോള്‍ പലരും വീട്ടില്‍ വരുന്നു, എല്ലാം നിന്നോട് പറയേണ്ടതുണ്ടോ എന്നും കരുതാമല്ലോ, അല്ലെങ്കിലും ഓരോരുത്തര്‍ക്കും ഓരോ വീക്ഷണങ്ങള്‍ ഇല്ലേ? നമ്മള്‍ എല്ലാ നിമിഷവും എല്ലാവരോടും ഷെയര്‍ ചെയ്യേണ്ടതുമില്ല. പേര്‍സണല്‍ സ്പേസ് എന്നൊന്നുണ്ടല്ലോ. അവളെക്കുറിച്ച് പറഞ്ഞ് നമ്മള്‍ വഴക്കടിക്കേണ്ട എന്ന് ഞാന്‍ കരുതി.”

ദാസ് സാകൂതം മിലാനെ നോക്കിയിരുന്നു. “മാത്രമല്ല...” മിലാന്‍ തുടര്‍ന്നു, “അവോയ്ട് ചെയ്തിട്ടും അവള്‍ ദാസിനെ മറികടക്കുന്നു എങ്കില്‍ അവള്‍ എന്തോ പ്ലാന്‍ ചെയ്തിട്ടുണ്ട് മനസ്സില്‍.”

“എന്ത് പ്ലാന്‍...?”

“അതറിയില്ല, ബിസിനസ് പ്ലാനുകള്‍ ആവാം...”

“പ്ലാന്‍ ഉണ്ടെങ്കില്‍ത്തന്നെ അത് നിന്നെ സിനിമയില്‍ നിന്നൊഴിവാക്കാന്‍ ആയിരിക്കും...” ദാസ്‌ ചിരിച്ചു.

മിലാനും ചിരിച്ചു. “ എങ്കില്‍ ആവട്ടെ, ഇപ്പോള്‍ തന്നെ മൂന്നു സിനിമയുടെ കാള്‍ഷീറ്റുകള്‍ ഒപ്പിട്ടു. അത് കഴിയുമ്പോഴേക്കും നമ്മുടെ വിവാഹം കഴിയുമല്ലോ, പിന്നെ വിദേത് പറഞ്ഞപോലെ  ഞാനും ബിസിയാകുമല്ലോ...”

“ഉം....” അയാള്‍ മൂളി.... “കാണാന്‍ തോന്നുന്നു വീണ്ടും...” അയാള്‍ പറഞ്ഞു.

“ഇപ്പോള്‍ കാണുന്നില്ലേ....” അവള്‍ കുസൃതിയോടെ ചോദിച്ചു.

“ഇങ്ങനെ കണ്ടാല്‍ പോരാ, അന്നത്തെ ഒറീസ്സയിലെ ഒന്നര ദിവസം വല്ലാത്തൊരു പോസിറ്റീവ് എനര്‍ജിയായിരുന്നു നല്‍കിയത്..... ഈ തിരക്കുകള്‍ കാരണമാണ്, അല്ലെങ്കില്‍ കാണാമായിരുന്നു.  സ്നേഹിക്കുന്നവര്‍ അടുത്തിരിക്കുമ്പോള്‍ കിട്ടുന്ന ആ പോസിറ്റീവ് എനെര്‍ജി ഉണ്ടല്ലോ, യാതൊന്നും  അതിനു പകരമായി  നില്‍ക്കില്ല. നീയല്ലാത്ത മറ്റൊരാളുടെ സാമീപ്യം  ഈയിടെയായി എനിക്ക് ഒട്ടും കംഫര്ട്ടബിളും അല്ല.” പറഞ്ഞു നിറുത്തിയാണ് അതിലെ അബദ്ധം അയാള്‍ ചിന്തിച്ചത്.  “ഐ മീന്‍...” അയാള്‍ തുടരാന്‍ ശ്രമിച്ചു.

“ മനസ്സിലായി .., തനൂജയുടെ സാമീപ്യം അല്ലെ, കാര്യമാക്കേണ്ട.” മിലാന്‍ അങ്ങനെ പറഞ്ഞെങ്കിലും അയാളുടെ ഉള്ളില്‍ പാതിരാത്രിയില്‍ തന്‍റെ കിടപ്പറയില്‍ നിന്നും ഇറങ്ങിപ്പോയ ഇഷയുടെ മുഖം തെളിഞ്ഞു മാഞ്ഞു പോയി.

“വിദേത് തിരികെ വന്നാല്‍ നമുക്ക് കാണാം....” മിലാന്‍ പുഞ്ചിരിച്ചു.

“നിന്‍റെ ഈ ചിരിയില്‍ ആണ് ഞാന്‍ വീഴുന്നത്....” അയാള്‍ സ്ക്രീനിലേക്ക് തന്‍റെ വിരലുകള്‍ നീട്ടി. അവളും തന്‍റെ വിരലുകള്‍ നീട്ടി.  ഒരു ബിന്ദുവില്‍  ആ രണ്ട് വിരലുകളും കൂട്ടിമുട്ടി.

"നിനക്കറിയാമോ മിലാൻ... അമ്മയുടെ സാന്ത്വനം എപ്പോഴും ആഗ്രഹിച്ച ഒരു കുട്ടിയുണ്ട് എന്നിൽ . ഒരർത്ഥത്തിൽ അമ്മയെ വിവാഹം കഴിക്കാൻ പറ്റാത്തതിനാൽ ആണ് പലരും അതുപോലൊരു സ്ത്രീയെ കിട്ടാൻ ആഗ്രഹിക്കുന്നത്. താൻ  ഒറ്റയ്ക്കാവുമോ എന്ന ഭയം... എപ്പോഴൊക്കെയോ തോന്നുന്ന അനാഥത്വം... ആൾക്കൂട്ടത്തിൽ തനിയേയാവുന്ന ഏകാന്തത.... ഇതിൽ നിന്നെല്ലാം മറികടക്കുന്ന വാത്സല്യവും അലിവും അമ്മയുടെ മടിത്തട്ടിൽ എന്നപോലെ സ്വന്തം ഇണയിൽനിന്നും കിട്ടാൻ പുരുഷൻ ആഗ്രഹിക്കുന്നുണ്ട്. "

മിലാന് അത് മനസ്സിലാവുന്നുണ്ടായിരുന്നു. 
അവൾ എഴുന്നേറ്റു രണ്ടു കൈകളും അയാൾക്ക്‌ നേരെ നീട്ടികൊണ്ടു നിന്നു. 

അവളെത്തന്നെ അയാൾ കുറെ നേരം നോക്കിയിരുന്നു. 

“ശരി, നീ ഉറങ്ങിക്കോ, അവിടെ പാതിരാത്രി കഴിഞ്ഞില്ലേ.. ഞാന്‍ നാളെ വിളിക്കാം, ലോസ് ഏന്‍ജല്സില്‍ എത്തിയിട്ട്.”

“പറ്റിയാല്‍ അവളുടെ റൈഡ് ഏറ്റെടുക്കൂ  വിദേത്, അത് ഗുണം ചെയ്യുമെങ്കില്‍...” മിലാന്‍ ഓര്‍മ്മിപ്പിച്ചു.

“നോക്കട്ടെ.... അവിടെ എത്തട്ടെ ആദ്യം.... ഉറങ്ങിക്കോ...ഗുഡ്നൈറ്റ്.... ആ ചുണ്ടില്‍ അമര്‍ത്തിയൊരുമ്മ..” ദാസ്‌  കൊടുത്ത ചുംബനത്തിന്റെ ചൂടില്‍ മിലാന്‍ ചിരിച്ചു. “ശരി വിദേത്, സേഫ് ജേര്‍ണി.... ഉമ്മ... കുറച്ച് നേരം കിടന്നോളൂ...” 
മിലാന്‍ സ്ക്രീന്‍ ഓഫ് ആക്കാതെ അല്‍പനേരം കൂടി കാത്തു. ദാസും അവളെ നോക്കികൊണ്ട്‌ കിടന്നു.  അങ്ങനെ കിടന്ന് എപ്പോഴോ അയാള്‍ മയക്കത്തിലേക്ക് വീണുപോയി.

  എയര്‍പോര്‍ട്ടിലും ഫ്ലൈറ്റിലും ദാസിനെ  കാക്കാനോ ഒരുമിച്ചിരിക്കാനോ  തനൂജ ശ്രദ്ധിച്ചതായി തോന്നിയില്ല.  അരികിലെ സീറ്റില്‍ വന്നിരുന്ന പെണ്‍കുട്ടി തനൂജയെ നോക്കി നന്നായിതന്നെ ചിരിച്ചു.  എവിടെയോ കണ്ടതായി തോന്നിയെങ്കിലും  അവള്‍  ഓര്‍ക്കാന്‍ ശ്രമിച്ചില്ല. പക്ഷെ  ആ കുട്ടി തനൂജയുടെ  നേര്‍ക്ക്‌ തിരിഞ്ഞു ചിരിയോടെ പറഞ്ഞു. “തനൂജാ മേഡം അല്ലെ? സിനിമകള്‍ കാണാറുണ്ട്. വളരെ സന്തോഷം  നേരിട്ട് കണ്ടതില്‍...”

തനൂജ ചെറിയൊരു പുഞ്ചിരി സമ്മാനിച്ച്‌ കണ്ണ്കൊണ്ട് അതെ എന്ന് പറഞ്ഞു.  ആ കുട്ടി വീണ്ടും തുടര്‍ന്നു.  “ മേഡം, ഞാന്‍ കരോലിന്‍, ഒരു മോഡല്‍ ആണ്. “

“ഒഹ്... ഞാന്‍ പരസ്യങ്ങള്‍ കാണാറില്ല. അതുകൊണ്ടാവം ശ്രദ്ധിക്കാതെ പോയത്..” തനൂജയുടെ മറുപടിയില്‍ അല്പം  താന്‍പോരിമാഭാവം ഉണ്ടായിരുന്നു. സിനിമാതിരക്കില്‍ ചെറിയ ചെറിയ  പരസ്യങ്ങള്‍ ശ്രദ്ധിക്കാന്‍ എവിടെ സമയം  എന്നൊരു ധ്വനിയും  ജാഡയും ഇടകലര്‍ന്ന ആ സ്വരം കരോലിന് മനസ്സിലാകാതിരുന്നില്ല. എങ്കിലും ആ മറുപടി ഭാവവ്യത്യാസമൊന്നും  ആ പെണ്‍കുട്ടിയില്‍ ഉണ്ടാക്കിയില്ല. അവള്‍ അതേ ചിരിയോടെ തുടര്‍ന്നു.  “ഇറ്റ്‌സ് ഓക്കെ മേഡം... ഞാന്‍ അത്രയും അറിയപ്പെടുന്ന ഒരാളായി മാറിയിട്ടില്ല.” പറഞ്ഞുകൊണ്ട് കൈയ്യിലെ മാഗസിന്‍ കരോലിന്‍ മടിയില്‍ വെച്ചു. കവര്‍ ചിത്രത്തില്‍ മനോഹര വേഷത്തില്‍ കരോലിന്‍ ഒരു ജ്വല്ലറിക്ക് വേണ്ടി പോസ് ചെയ്തിരുന്നു. അതിലേക്കു നോക്കി കരോലിന്‍ തനൂജയുടെ മുഖത്തേക്ക് പാളി നോക്കി. അപ്പോഴേക്കും  തനൂജ തന്‍റെ ഐ ഷേഡ് മാസ്ക് ട്രാവല്‍ കിറ്റില്‍ നിന്നെടുത്തു കണ്ണിനു മുകളില്‍ വെച്ച് സീറ്റിലേക്ക് ചാരിക്കിടന്നിരുന്നു.

അല്‍പനേരത്തിനുള്ളില്‍ മേഘങ്ങളുടെ താരാട്ടില്‍ തനൂജ മയങ്ങിപ്പോയി.  മയക്കത്തില്‍ നിന്നുണര്‍ന്ന അവള്‍ അടുത്ത സീറ്റിലേക്ക് നോക്കി. ആ സീറ്റ് ശൂന്യമായിരുന്നു. ഒരു മാഗസിന്‍ സീറ്റില്‍  കിടക്കുന്നു! അതിലെ കവര്‍ ചിത്രത്തില്‍ തനൂജയുടെ കണ്ണുകളുടക്കി. തന്നോട് സംസാരിച്ച പെണ്‍കുട്ടിയാണല്ലോ ഇത്? ഇവള്‍ എവിടെപ്പോയി..?

തനൂജ മുന്നോട്ടാഞ്ഞ്‌ ദാസ് ഇരിക്കുന്ന സീറ്റിലേക്ക് നോക്കി. അതാ കരോലിന്‍ ദാസുമായി സംസാരിക്കുന്നു. ഇവര്‍ പരസ്പരം എങ്ങനെ അറിയും? അത്ഭുതമായിരിക്കുന്നല്ലോ.... തനൂജയുടെ നെറ്റിയില്‍ ചുളിവുകള്‍ വീണു.

അല്പം കഴിഞ്ഞു കരോലിന്‍ തന്‍റെ സീറ്റില്‍ വന്നിരുന്നു. മാഗസിന്‍ അപ്പോള്‍ തനൂജയുടെ കയ്യിലായിരുന്നു. “മിസ്‌ കരോലിന്‍, യു ആര്‍ സോ ബ്യൂട്ടിഫുള്‍, പരസ്യം കാണാറില്ലെങ്കിലും  ഇപ്പോൾ ഇവിടെ കണ്ടു ... ...” തനൂജ തന്‍റെ കൈകള്‍ അവള്‍ക്കു നേരെ നീട്ടി. നേര്‍ത്തൊരു ചിരിയോടെ കരോലിനും കൈകള്‍ നീട്ടി. “ബൈ ദി ബൈ, നിങ്ങള്‍ എങ്ങോട്ട് പോകുന്നു?”

“നീറ്റ കമ്പനിയുടെ മോഡല്‍ ഞാനാണ്  മേഡം, ഒരു ഔട്ട്ഡോര്‍ ഷൂട്ട്‌ ഉണ്ട്. നാളെ ലോസ് ഏനജ്ല്‍സില്‍. അങ്ങോട്ടാണ്.”

“ഓക്കെ...” കരോളിനില്‍ നിന്നും ചില  വിവരങ്ങളെല്ലാം ശേഖരിച്ച തനൂജ ഒടുവില്‍ ചോദിച്ചു. “കാന്‍ ഐ ഹാവ് യുവര്‍ നമ്പര്‍ പ്ലീസ്...  എപ്പോഴെങ്കിലും വിളിക്കാമല്ലോ...”

കരോലിന്‍ തന്‍റെ കാര്‍ഡ്‌ എടുക്കാന്‍ ബാഗ് തുറന്നു. എന്തോ ആലോചനയില്‍ അവളതു വേണ്ടെന്നു വെച്ചു. മുഖമുയര്‍ത്തി തനൂജയെ നോക്കി ഒന്നു ചിരിച്ചു. “സോറി, കാര്‍ഡ്‌ എടുത്തില്ല മേഡം ,നമ്പര്‍ സേവ് ചെയ്യാമോ..”

തനൂജ തന്റെ ഫോണെടുത്ത് കരോളിന്‍ പറഞ്ഞ നമ്പര്‍ സേവ് ചെയ്തു.
ചെക്ക്ഔട്ട്‌ കഴിഞ്ഞു പുറത്തിറങ്ങിയ തനൂജ, ദാസ്‌ കാത്തു നില്‍ക്കുന്നത് കണ്ടു വേഗം അടുത്ത് ചെന്നു. “പോകാം റായ്, നമ്മള്‍ ഒരേ ഹോട്ടലില്‍ ആണ്...” മറുപടി പറയും മുന്നേ നാരായണസാമി കരോലിനുമായി സംസാരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് നടന്നടുത്തു. കരോളിനെ ചൂണ്ടി ദാസ്‌ പറഞ്ഞു.  “ മീറ്റ്‌ മൈ ന്യൂ ബിസിനസ് പാര്‍ടണര്‍ മിസ്സ്‌ കരോലിന്‍, നീറ്റ ഗ്രൂപ്പിന്‍റെ ചെയര്‍പെര്‍സണ്‍ ആണ്.   കരോലിന്‍, ഇത് തനൂജാ തിവാരി, അറിയുമല്ലോ അല്ലെ, തെന്നിന്ത്യന്‍  സൂപ്പര്‍ സ്റാര്‍..” അല്പം നാടകീയതയോടെ ദാസ്‌ പറഞ്ഞു നിറുത്തിയപ്പോള്‍ തനൂജ അയാളെ നോക്കി ചിരിച്ചു. തന്റെ ഹാറ്റ് ഒന്നുകൂടി തലയില്‍ അമര്‍ത്തിവെച്ച്  തനൂജ അവളുടെ നേര്‍ക്ക്‌  തന്‍റെ കൈകള്‍ നീട്ടി. “ വെല്‍ക്കം ടൂ ലോസ് ഏന്ജ്‌ല്‍സ്... ഗ്ലാഡ് ടൂ മീറ്റ്‌ യൂ അഗൈന്‍....”

ഒരേ കാറില്‍ ദാസും കരോലിനും കയറിപ്പോയത് നോക്കി തനൂജ തന്റെ കാറിലേക്ക് കയറിയിരുന്നു. ഹോട്ടല്‍ മുറിയിലേക്കും അവര്‍ ഒരുമിച്ചായിരുന്നു ചെന്ന് കയറിയത്. ഭക്ഷണശേഷം  തന്‍റെ മുറിയിലേക്ക് ലിഫ്റ്റില്‍ നിന്നിറങ്ങി നടന്നുവരികയായിരുന്ന തനൂജ സ്യൂട്ട്‌ നമ്പര്‍ നയന്‍ ബിയിലേക്ക് ഒന്ന് നോക്കി. അവിടെയാണ് കരോലിന്‍ താമസിക്കുന്നത്.   ബെല്ലടിച്ച് അവള്‍ അല്‍പസമയം  കാത്തു നിന്നു. ആരും വാതില്‍ തുറന്നില്ല!

 ആഹാരശേഷം  ഫ്രീ ആണെങ്കില്‍ തന്‍റെ മുറിയിലേക്ക് വരാന്‍ ദാസ്‌ കരോലിനോട് പറഞ്ഞിരുന്നു. അതനുസരിച്ച് കരോലിന്‍ ദാസിന്‍റെ മുറിയിലായിരുന്നു അപ്പോള്‍ .  “ബുദ്ധിമുട്ടായോ ഈ സമയത്ത്?” അയാള്‍ ഔപചാരികതയോടെ കരോലിനെ നോക്കി.

“ഏയ്‌, ഇല്ല റായ് സര്‍, യാശ്ചികമായല്ലേ നമ്മള്‍ ഇവിടെ വെച്ച് കണ്ടത്. കൂടുതല്‍ സംസാരിക്കാനായതില്‍ സന്തോഷം...” പറഞ്ഞുകൊണ്ട് അവള്‍  അയാള്‍ക്ക് എതിരില്‍ ഇരുന്നു.

“ശരി, കരോളിന്‍ കല്‍ക്കട്ടയില്‍ മിലാന്‍റെ കോളേജില്‍ ആണ് പഠിക്കുന്നത് എന്നെനിക്കറിയില്ലായിരുന്നു. ഇന്ന് നിങ്ങള്‍ പറഞ്ഞപ്പോഴാണ് രബീന്ദ്രഭാരതി യില്‍ ആണ് എന്നറിഞ്ഞത്. മിലാനെ അറിയുമോ?”

“അറിയാം സര്‍, പലപ്പോഴും ഞങ്ങളുടെ പരിപാടികള്‍ക്ക് ഞങ്ങള്‍ മേമിനെയാണ് വിളിക്കാറുള്ളത്. സംസാരിച്ചിട്ടുണ്ട്.” അവള്‍ പറഞ്ഞു.

“അത് നന്നായി, മിലാന്റെ ഒരു ഫ്രണ്ട് എന്‍റെ  ബിസിനസ് പങ്കാളിയായത്തില്‍ വളരെ സന്തോഷം തോന്നുന്നു. ഞാന്‍ മിലനെയോന്നു വിളിച്ചു നോക്കാം.” അയാള്‍ മിലാന്‍റെ നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ കരോലിന്റെ ഫോണില്‍ ഒരു സന്ദേശം വന്നു. അവളതു തുറന്നു നോക്കി. “ഹായ് കരോലിന്‍, റൂമില്‍ ഉണ്ടോ? അയാം തനൂജ..”

മറുപടിയായി കരോളിന്‍ വേഗം ടൈപ്പ് ചെയ്തു. “നോ മേഡം, പുറത്താണ്....”

അപ്പോഴേക്കും മിലാനുമായുള്ള  കാള്‍ കണക്റ്റായിരുന്നു. ദാസിനരികില്‍ കരോലിന്റെ മുഖം കണ്ടു ആദ്യം മിലാന്‍ ഒന്നമ്പരന്നു. “നിങ്ങള്‍ എങ്ങനെ ഇപ്പോള്‍ ഒരുമിച്ച്...?” മിലാന്റെ ചോദ്യം കേട്ട് ദാസ്‌ ചിരിച്ചു.

മൂവരും ഫോണില്‍ കുറെനേരം സംസാരിച്ചു. ഇതിനിടയില്‍  അക്ഷമയായ തനൂജ കരോലിന്റെ ഫോണിലേക്ക്  മെസ്സേജുകള്‍ അയച്ചിരുന്നു. എവിടെയാണ്  എന്നന്വേഷിച്ചുകൊണ്ടുള്ള ആ മെസ്സേജുകള്‍ സംസാരത്തിനിടയില്‍ കരോളിന്‍ ശ്രദ്ധിച്ചില്ല.

മിലാന്‍റെ ഫോണ്‍ കാളിനിടയില്‍ ദാസിന്‍റെ ഫോണിലേക്ക് മകള്‍ മൈത്രെയിയുടെ ഫോൺകാള്‍ കൂടി കയറി വന്നു. അത് സംസാരിച്ചു കഴിഞ്ഞു അവര്‍ മിലാനുമായുള്ള സംഭാഷണം തുടര്‍ന്നു. ഏകദേശം ഒന്നൊന്നര മണിക്കൂര്‍ കഴിഞ്ഞു കരോളിന്‍ നീറ്റാ ദാസിന്റെ മുറിയില്‍ നിന്നിറങ്ങി തന്‍റെ റൂമിലേക്ക്‌ പോയി.  രണ്ട് വാതിലുകള്‍ക്കപ്പുറത്ത്‌  തനൂജ അത് നോക്കിനില്‍പ്പുണ്ടായിരുന്നു. അത്യധികം കോപാന്ധയായി....

ഹരിലാല്‍ മെഹ്റായിലൂടെ താനിട്ട ചൂണ്ടക്കൊളുത്തുകള്‍ ഭേദിച്ചുകൊണ്ട് റായ് വിദേതന്‍  ചാടിപ്പോയത്  ഒരു കിളുന്തുപെണ്ണിന്‍റെ  സാമ്രാജ്യത്തിലേക്കാണെന്ന അറിവില്‍ അവളുടെ മുഷ്ടികള്‍ ഞെരിഞ്ഞമര്‍ന്നു.
                                                                                                           (തുടരും)
നീലച്ചിറകുള്ള മൂക്കുത്തികൾ 16 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക