Image

പറയാൻ മടിച്ചൊരു വാക്കിലിന്നിതാ പിടയുന്നെൻ രാഷ്ട്രത്തിൻ മാനസം (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 06 June, 2020
പറയാൻ മടിച്ചൊരു വാക്കിലിന്നിതാ പിടയുന്നെൻ രാഷ്ട്രത്തിൻ മാനസം (ഡോ. മാത്യു ജോയിസ്, ലാസ് വേഗാസ്)
അധമനാം വെളുത്ത പോലീസന്നുതൻ ധ്രാഷ്ട്യത്തിൽ
അഹന്തയിൽ കയ്യാമം വെച്ചു മറിച്ചിട്ടൊരു കറുമ്പനെ
അവനെ കമഴ്ത്തിക്കിടത്തി രോഷം തീരാഞ്ഞഹോ
അവൻ  കഴുത്തിൽ മുട്ടുകുത്തിയമർത്തിയിരുന്നഹോ.

അർദ്ധബോധാവസ്ഥയിൽ ശ്വാസംമുട്ടിപ്പിടയവേ
അലമുറയിട്ടവൻ കേണു "ഐ കാണ്ട്  ബ്രീത്ത് " സോദരാ
അധികാരത്തിന്നഹംകാരത്തിൽ എട്ടുമിനിറ്റിലേറെയും
അന്തകനായി കറുത്തവർഗ്ഗത്തിൻ ഗള ഭാഗേ.

അവിചാരിതമായ് വീണുകിട്ടിയാവസ്സരത്തെയോ
അകട വികടം വിനിയോഗിച്ചവിവേകികൾ
അഗ്നിയിൽ രോഷമൊതുക്കുന്നതോടൊപ്പം
അഴിച്ചുവിട്ടക്രമം കൊള്ളയും നഗരങ്ങളിലേവം.

അസഹിഷ്ണുതയേറിടുമ്പോൾ അക്രമം പരിഹാരമോ
അധഃശ്വരൻ മഹത്വീകരിക്കപ്പെടുന്നതാശ്ചര്യം
അതിസമ്പന്നമാവേണം തുല്യമാം മാനവീയതയിലും
അവിവേകം പൊറുക്കാൻ മുട്ടുകുത്തിടുന്നു ഞങ്ങൾ.

അസഹനീയമാണാദൃശ്യം നീചം മാനുഷ്യരഹിതം
അക്ഷന്തവ്യം ജാതിവെറി മനുഷ്യക്കുരുതിയും
അധികാരി ന്യായവും നീതിയും പരിപാലിച്ചേറുമ്പോൾ
അകരണീയം വധം വ്യക്തിവൈരാഗ്യചിന്തേ പ്രഥമദൃഷ്‌ട്യേ .
 
അക്രമവും വംശീയതയുമൊഴിവാക്കിയേനെ മുന്നമേ
അക്ഷയലോകമാതൃകയായേനെ, തൻ മുഖഛായയും
അക്രുദ്ധനായ്‌ " ഐ ആം സോറി " എന്നൊരു വാക്കു
അമേരിക്കൻ പ്രസിഡന്റ്‌ ചൊല്ലാൻ മനസുതുറന്നിരുന്നെങ്കിലോ !!


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക