Image

ഠിഷ്യൂം ഠിഷ്യൂം (ദുര്‍ഗ മനോജ്)

Published on 06 June, 2020
ഠിഷ്യൂം ഠിഷ്യൂം (ദുര്‍ഗ മനോജ്)
മിനിമം ഒരു എകെ 47 ഉപയോഗിച്ചു ഗുഡുഗുഡു ഗുഡുവെന്ന് ഒരു പത്ത് റൗണ്ട് ബുള്ളറ്റ് കേറി നെഞ്ചത്ത് കൈ വച്ച് ഒറ്റമറിച്ചില്‍. അതല്ലെങ്കില്‍, പാതിരാവിന്റെ മറവില്‍ ബങ്കറിനകത്തേക്ക് ഇരച്ചുകയറുന്ന യുഎസ് സൈനികരുടെ കൈയില്‍പ്പെട്ട് ഠിഷ്യും ഠിഷ്യും എന്ന് വെടിയേറ്റ് മലര്‍ന്നു വീണു വീരോചിതം അന്ത്യശ്വാസം വലിച്ചു കേറ്റുക. അതുമല്ലെങ്കില്‍, നമ്മുടെ അണ്ണെ പ്രഭാകരനെപ്പോലെ അന്തസായി ആ സയനൈഡ് കടിച്ചു പൊട്ടിച്ചു ദിവംഗതനാവുക.

ഇത്രയും ഓപ്ഷന്‍സും പറ്റില്ലെങ്കില്‍ കുറഞ്ഞ പക്ഷം ആകാശത്തൂടെ ഹെലികോപ്ടറില്‍ പറക്കുമ്പോള്‍ അഫ്ഗാന്‍/ഇറാന്‍/ഇറാഖ് എന്നീ ഭൂപടരാജ്യങ്ങളില്‍ നിന്നോ ലക്ഷ്യം തെറ്റി വരുന്ന ഒരു മിസൈലേറ്റ് ഛന്നം പിന്നം പൊട്ടിത്തെറിച്ചു, കരിഞ്ഞു പൊടിഞ്ഞു ഒരു ഡിഎന്‍എ ടെസ്റ്റിനുള്ള ഡിഎന്‍എ പോലും ബാക്കിവയ്ക്കാതെ ചത്തോ ചത്തില്ലേ എന്നു ലോകത്തിനെ കണ്ണാരം പൊത്തിക്കളിപ്പിച്ച് ഒരു മരണം.

ഇതൊക്കെയാണ് മിസ്റ്റര്‍ ദാവൂദ് ഇബ്രാഹിം മരിച്ചു എന്ന വാര്‍ത്തയുടെ പിന്നാലെ നമ്മള്‍ മലയാളികള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്ന മരണ കാരണങ്ങള്‍. പിന്നാലെ, പിറ്റേന്ന് മനോരമ പത്രം വിശദമായി വരച്ചിടുന്ന രേഖാചിത്രവും മാതൃഭൂമിയുടെ എഡിറ്റോറിയല്‍ പേജിലെ യുഗാന്ത്യത്തിലെ രണ്ട് പേജ് നിറയെ ദാവൂദ് ജീവചരിത്രം കൂടി വായിച്ചു കഴിയുമ്പോ ചുമ്മാ നമ്മുക്കും തോന്നും പണ്ടേ ഒരു ഡോണായാല്‍ മതിയായിരുന്നെന്ന്....

എന്തൊക്കെ തള്ളായിരുന്നു മച്ചൂ...... ആറ്റംബോംബിട്ടാലേ ചാവൂ.. രാവിലെ ഒന്നു പുകയ്ക്കുന്നതു പോലും പാകിസ്ഥാന്റെ മിലിട്ടറി മിസൈലെടുത്തു കത്തിച്ചു ചുണ്ടത്തു പിടിപ്പിട്ടാ... ശിവകാശി ഗുണ്ട്, മലപ്പുറം കത്തി. ഒക്കെ തീര്‍ന്നില്ലേ? സാധാരണ ഗതിയില്‍ ഒരു മരണ വാര്‍ത്ത വായിക്കുമ്പോഴും ചിരിച്ചു പോയിട്ടില്ല. പക്ഷേ, ഇതിപ്പം എങ്ങനാ ചിരിക്കാതിരിക്കുക? ട്രോളര്‍മാരെല്ലാം കൂടി സംസ്ഥാനസമ്മേളനം നടത്തും ഇയാള്‍ടെ നെഞ്ചത്തിട്ടെന്ന് ഒറപ്പായിട്ടൊണ്ട്. ഇന്റര്‍പോളടക്കം സകല പോളും കൂടി അരിച്ചുപെറുക്കീട്ടും കിട്ടാത്ത മ്മടെ സ്വന്തം ദാവൂദ് ഇബ്രാഹിം മരിച്ചിരിക്കുന്നു! അതും കോവിഡ് പിടിച്ച്!

വിശ്വാസം അത്രക്കങ്ങ് വന്നിട്ടില്ല. ചിലപ്പോ ഒരു നമ്പറായിക്കൂടേ? മ്മടെ കിംങ്ങ് ജോങ് ഉന്‍ പോയ പോലെ കൊറോണയെ പേടിച്ച് ഒളിച്ചിരിക്കുന്നതാകുമോ? ഛായ്... ഡി കമ്പനിയുടെ ദാവൂദ് ഇബ്രാഹിം അങ്ങനൊരു ഭീരുവാകാന്‍ സാധ്യതയില്ല. വാര്‍ത്ത സത്യമാണെങ്കില്‍, ബോംബേ നഗരത്തെ കിടുകിടാ വിറപ്പിച്ച അധോലോക നായകന്‍ പോലീസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടുന്നതിനിടയില്‍ വെടിയേറ്റു മരിച്ചു എന്നു വായിക്കേണ്ട വാര്‍ത്ത, 'ദാവൂദ് ഇബ്രാഹിം (64) ഛര്‍ദ്ദിയും വയറിളക്കവും വന്നു പട്ടാളാശുപത്രിയുടെ വരാന്തയില്‍ കിടന്ന് അന്തരിച്ചു. പരേതന്‍ ഒരു പഴയ അധോലോക നായകനായിരുന്നുവെന്നു പോലീസ് സ്ഥിjീകരിച്ചു.' എന്നു വായിക്കേണ്ടി വരുന്ന അതേ ഫീല്‍...

എന്നാലുമെന്റെ കൊറോണേ... ഇതിത്തിരി കടന്നു പോയില്ലേ...? 25 മില്യണ്‍ യുഎസ് ഡോളര്‍ ഹുദാഗവാ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക