Image

ഷാവേസിനു ട്വിറ്ററില്‍ 30 ലക്ഷം അനുയായികള്‍

Published on 28 May, 2012
ഷാവേസിനു ട്വിറ്ററില്‍ 30 ലക്ഷം അനുയായികള്‍
കാരക്കസ്: അര്‍ബുദരോഗത്തെ കീഴടക്കിയ വെനസ്വേലന്‍ പ്രസിഡന്റ് ഹൂഗോ ഷാവേസിനു ട്വിറ്ററില്‍ 30 ലക്ഷം അനുയായികള്‍. ട്വിറ്ററില്‍ ചരിത്രനേട്ടമാണ് അദ്ദേഹം കുറിച്ചത്. അര്‍ബുദ രോഗത്തെ മനഃശക്തി കൊണ്ടു നേരിട്ട ഷാവേസ് 2010 ഏപ്രിലിലാണു ട്വിറ്റര്‍ അക്കൌണ്ട് ആരംഭിച്ചത്. ജനങ്ങളുമായുളള നേരിട്ടുളള സമ്പര്‍ക്കം വര്‍ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം പ്രതിപക്ഷത്തെ സോഷ്യല്‍നെറ്റു വര്‍ക്കിലൂടെ നേരിടുകയും ചെയ്യുകയായിരുന്നു ഷാവേസ്. ആദ്യനാളുകളില്‍ തന്നെ നല്ല പ്രതികരണമാണ് ഉണ്ടായത്. 2011 ജൂണിലെ ആദ്യ അര്‍ബുദ ശസ്ത്രക്രിയയ്ക്കു ശേഷമാണ് അദ്ദേഹം ട്വിറ്ററില്‍ ഏറെ ശ്രദ്ധ ചെലുത്തിയത്. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി നിരവധി പേര്‍ ഷാവേസിനെ ട്വിറ്ററിലൂടെ ബന്ധപ്പെടാന്‍ തുടങ്ങി. അതുവരെ ജനസമ്പര്‍ക്കം മാത്രമായിരുന്ന ഷാവേസ് പിന്നീട് ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു ട്വിറ്ററിലൂടെ പരിഹാരം കാണാന്‍ തുടക്കമിട്ടു. തന്റെ ട്വിറ്റര്‍ അക്കൌണ്ടില്‍ 30 ലക്ഷം അനുയായികള്‍ അണിചേര്‍ന്ന സന്തോഷവിവരം ലോകത്തെ അറിയിച്ച ഷാവേസ് തന്റെ അനുയായികള്‍ക്കു നന്ദിയറിയിച്ചു. 57കാരനായ ഷാവേസ് 1999ലാണ് അധികാരമേല്‍ക്കുന്നത്. അര്‍ബുദരോഗബാധിതനായ അദ്ദേഹം ക്യൂബയിലാണ് ചികിത്സ തേടിയത്. നിരവധി തവണ റേഡിയേഷന്‍ ചികിത്സകള്‍ക്കും അദ്ദേഹം വിധേയനായി. ഒടുവില്‍ മരണദൂതനായെത്തിയ രോഗത്തെ അതിജീവിച്ച അദ്ദേഹം അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള തയാറെടുപ്പിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക