Image

ഈജിപ്ത് ഇലക്ഷന്‍: ഷഫീക്കിന്റെ ഓഫീസിനു തീവച്ചു

Published on 28 May, 2012
ഈജിപ്ത് ഇലക്ഷന്‍: ഷഫീക്കിന്റെ ഓഫീസിനു തീവച്ചു
കയ്റോ: ഈജിപ്ഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പിന്റെ ഫലം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ മുബാറക്കിന്റെ മുന്‍ പ്രധാനമന്ത്രിയായിരുന്ന അഹമ്മദ് ഷഫീക്കിന്റെ ഇലക്ഷന്‍ പ്രചാരണ ഓഫീസിനു അക്രമികള്‍ തീവച്ചു. തലസ്ഥാനമായ കയ്റോയിലെ ദോക്കി ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഷഫീക്കിന്റെ പ്രധാന ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സിയും മുന്‍ പ്രധാനമന്ത്രി ഷഫീക്കും തമ്മില്‍ ജൂണില്‍ രണ്ടാം ഘട്ട മത്സരം നടക്കുമെന്ന പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. സംഭവത്തില്‍ കെട്ടിടം ഭാഗികമായി കത്തിനശിച്ചു. അതേസമയം, ആളപായമോ പരിക്കോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ അറസ്റു ചെയ്തതായി പോലീസ് അറിയിച്ചു. അക്രമികള്‍ ഇലക്ഷന്‍ പ്രചരണ ഓഫീസിലെ കംപ്യൂട്ടറുകള്‍ നശിപ്പിച്ചതായും ഷഫീക്കിന്റെ പോസ്ററുകള്‍ക്കു തീയിട്ടതായും ഈജിപ്ഷ്യന്‍ ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതേത്തുടര്‍ന്ന് ഷഫീക്കിന്റെ അനുയായികള്‍ കൂടി രംഗത്തെത്തിയതോടെ സ്ഥിതിഗതികള്‍ വഷളായി. ഷഫീക്ക് വിരുദ്ധരും അദ്ദേഹത്തിന്റെ അണികളും തെരുവില്‍ ഏറ്റുമുട്ടി. സംഭവസ്ഥലത്തെത്തിയ വന്‍പോലീസ് സംഘം ഏറെപണിപ്പെട്ടാണ് ഇവരെ പിരിച്ചുവിട്ടത്. ആദ്യഘട്ടം വോട്ടെടുപ്പില്‍ മുര്‍സിക്കും ഷഫീക്കിനും ഭൂരിപക്ഷം നേടാനായില്ല. ഇരുവര്‍ക്കും 24 ശതമാനം വോട്ടുകള്‍ കിട്ടിയെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. വോട്ടിംഗില്‍ ക്രമക്കേടു നടന്നെന്ന മൂന്നാംസ്ഥാനക്കാരന്‍ ഹംദീന്‍സബാഹിയുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക