Image

മടങ്ങിയെത്തിയ പ്രവാസികളുടെ ആശങ്കകള്‍ പ്രവാസി ലീഗല്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.

Published on 05 June, 2020
 മടങ്ങിയെത്തിയ പ്രവാസികളുടെ ആശങ്കകള്‍ പ്രവാസി ലീഗല്‍ മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചു.


കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രവാസികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ: ജോസ് അബ്രഹാമാണ് നിവേദനം സമര്‍പ്പിച്ചത്.

വിമാനത്താവളത്തില്‍ ഇറങ്ങിയ സമയം മുതല്‍ ആരംഭിക്കുന്ന പ്രവാസികളുടെ ആശങ്കകളിലേക്ക് നിവേദനത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. .വിമാനതാവളങ്ങളില്‍ നിന്ന് ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ക്രമീകരണങ്ങളെക്കുറിച്ച് വ്യക്തത ആവശ്യമാണെന്നും ഇടുങ്ങിയ ബസുകളില്‍ മണിക്കൂറുകളോളം യാത്ര ചെയ്തിട്ടും ക്വാറന്‍രൈന്‍ കേന്ദ്രങ്ങള്‍ കൃത്യസമയത്ത് അനുവദിക്കാത്തതിന്റെ പ്രശ്‌നങ്ങളും , സംസ്ഥാനത്തെ ക്വാറന്റൈനുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതീക്ഷിക്കുന്ന സഹായത്തിന്റെ അഭാവവും നിവേദനത്തില്‍ വിശദമാക്കിയിട്ടുണ്ട്.

വിവിധ സ്ഥലങ്ങളിലെ കോവിഡ് കെയര്‍ സെന്ററുകളുടെ മോശം അവസ്ഥയെക്കുറിച്ചും പല കെയര്‍ സെന്ററുകളും അടിസ്ഥാന ഭക്ഷണം കൃത്യസമയത്ത് നല്‍കുന്നില്ലെന്ന പരാതിയും നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഡ് കെയര്‍ സെന്ററുകളിലെ രോഗികളുടെ പരിചരണത്തിലുണ്ടാകുന്ന വീഴ്ചകള്‍ മൂലം ഗര്‍ഭിണികള്‍, പ്രായമായവര്‍, പ്രമേഹ രോഗികള്‍ എന്നിവര്‍ക്ക് ഉണ്ടാകുന്ന മറ്റു പ്രശ്‌നങ്ങളും നിവേദനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മടങ്ങി വരുന്ന പ്രവാസികളോട് കൂടുതല്‍ അനുകമ്പയോടെ പെരുമാറാന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും ക്വാറന്റൈന്‍ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവാസികള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ക്രമീകരണങ്ങളൊരുക്കാവാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാനും മുഖ്യമന്ത്രിയോട് നിവേദനത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ നടപടികള്‍ വഴി ക്വാറന്റൈന്‍ ക്രമീകരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള അവ്യക്തത പ്രവാസികളുടെ മനസില്‍ നിന്ന് ഒഴിവാക്കാനാകുമെന്നും വരുമാനനഷ്ടവും വൈറസ് പിടിപെട്ടിട്ടുണ്ടോ എന്ന ഭയവും കാരണം ഇതിനകം കടുത്ത വിഷമം അനുഭവിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരാന്‍ നിവേദനത്തില്‍ ആവശ്യപ്പെട്ട നടപടികള്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക