Image

പുതിയ സര്‍വേയില്‍ ടെക്‌സസില്‍ ട്രമ്പിന് ബൈഡന് മേല്‍ നേരിയ നേട്ടം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 05 June, 2020
പുതിയ സര്‍വേയില്‍ ടെക്‌സസില്‍ ട്രമ്പിന് ബൈഡന് മേല്‍ നേരിയ നേട്ടം (ഏബ്രഹാം തോമസ്)
ഏതാനും ദിവസം മുമ്പ് ഒരു ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുത്തപ്പോള്‍ സംഘാടകരുടെ ചായ് വ് ഡെമോക്രാറ്റിക് പാര്‍ട്ടിയോടാണെന്ന് വ്യക്തമാക്കി. ചോദ്യങ്ങള്‍ ചിലത് ഏകപക്ഷീയമായതാണ് കാരണം. എന്തായാലും ഇന്ന് പുറത്തുവന്ന സര്‍വേഫലങ്ങള്‍ നിഷ്പക്ഷത പാലിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിന് കൃത്യം അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് പുറത്തു വന്ന ക്വിന്നിപിയാക് യൂണിവേഴ്‌സിറ്റി പോളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന് മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന് നേരിയ മുന്‍തൂക്കം 
ഉള്ളതായി കണ്ടെത്തി.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 44% ട്രമ്പിനെയും 43% ബൈഡനെയും പിന്തുണയ്ക്കുന്നതായാണ് ടെക്‌സസിലെ വോട്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. ആര്‍ക്കാണ് സാമ്പത്തികാവസ്ഥ ഭദ്രമായി കൈകാര്യം ചെയ്യുവാന്‍ കഴിയുക എന്ന അടുത്ത ചോദ്യത്തിന് കുറെക്കൂടി വ്യക്തമായ മറുപടി ലഭിച്ചു. ട്രമ്പിന് 54% വും ബൈഡന് 40% പിന്തുണ ഉണ്ടായി. കൊറോണ വൈറസ് മഹാമാരി പ്രശ്‌നം ബൈഡന് കുറെക്കൂടി നന്നായി കൈകാര്യം ചെയ്യുവാന്‍ കഴിയുമെന്ന പ്രതീക്ഷ ഒരു നേരിയ ഭൂരിപക്ഷം പ്രകടിപ്പിച്ചു.

ടെക്‌സസിലേത് പ്രവചിക്കാനാവാത്ത സാഹചര്യമാണ്. രാജ്യം കോവിഡ്- 19 പ്രതിസന്ധിയെ നേരിടുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനങ്ങളില്‍ ഒന്നായ ടെക്‌സസ് അങ്ങോട്ടോ ഇങ്ങോട്ടോ എന്ന അവസ്ഥയിലാണ്, ക്വിന്നി പിയാക് പോളിംഗ് അനാലിസ്റ്റ് ടിം മല്ലോയ് പറഞ്ഞു.

1976 ല്‍ ജിമ്മി കാര്‍ട്ടര്‍ പ്രസിഡന്റായതിന്‌ശേഷം ടെക്‌സ് ഡെമോക്രാറ്റിക് പക്ഷത്തേയ്ക്ക് ചാഞ്ഞിട്ടില്ല. ഇപ്രാവശ്യം സംസ്ഥാനം തിരിച്ചു പിടിക്കുവാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തീവ്രശ്രമം നടത്തുകയാണ്.

ട്രമ്പിനുള്ള പിന്തുണ ടെക്‌സസില്‍ കുറഞ്ഞു. 48% വോട്ടര്‍മാര്‍ ട്രമ്പിന് വോട്ടു ചെയ്യുകയില്ലെന്ന് പറയുന്നു. 35% തീര്‍ച്ചയായും ട്രമ്പിന് വോട്ടു ചെയ്യുകയില്ലെന്ന് പറയുന്നു. 14% മിക്കവാറും ട്രമ്പിന് തന്നെ വോട്ടു ചെയ്യുമെന്ന അഭിപ്രായക്കാരാണ്. 2016 ല്‍ ട്രമ്പ് എതിര്‍ സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ 9% പെഴ്‌സെന്റേജ് പോയിന്റിന് തോല്‍പിച്ചിരുന്നു. ടെക്‌സസ് നേടാതെ റിപ്പബ്ലിക്കനുകള്‍ക്ക് വൈറ്റ് ഹൗസ് നേടാനാവില്ല. ടെക്‌സസിലെ വിജയം നിര്‍ണ്ണായകമാണ് എന്ന് അവര്‍ക്ക് അറിയാം. ഒരു മാസം മുമ്പ് ഡാലസ് മോണിംഗ് ന്യൂസും യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് അറ്റ് ടൈലറും ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ ട്രമ്പും ബൈഡനും 43% വീതം വോട്ടുകള്‍ നേടി തുല്യത നിലനിര്‍ത്തിയിരുന്നു. ഇപ്പോള്‍ ട്രമ്പ് 1% തന്റെ നില മെച്ചപ്പെടുത്തിയിരിക്കുന്നു.
ഇതാണ് റിപ്പബ്ലിക്കന്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ ടെക്‌സസില്‍ നടത്തണമെന്ന് ട്രമ്പ് പറയുവാന്‍ കാരണം. നോര്‍ത്ത് കരോലിനയിലെ ഷാര്‍വെറ്റായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ്-19 പശ്ചാത്തലത്തില്‍ ഒരു വേദി ഒരുക്കാന്‍ സംസ്ഥാന ഭരണകൂടം വിസമ്മതിക്കുകയായിരുന്നു. മറ്റൊരു വേദി പരിഗണിക്കുന്നതിനിടയിലാണ് ട്രമ്പ് തന്റെ താല്‍പര്യം വ്യക്തമാക്കിയത്. ഓഗസ്റ്റില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ട്രമ്പിനെ പ്രസിഡന്റ് സ്ഥാനത്തേയ്ക്കും മൈക്ക് പെന്‍സിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കും നിര്‍ദേശിക്കും. തന്റെ മൂന്ന് മാസത്തെ പ്രചരണ ഇടവേളയ്ക്ക് ശേഷം ജൂണ്‍ 11ന് ട്രമ്പ് ഡാലസ് സന്ദര്‍ശിക്കുകയാണ്. ധനികരായ രണ്ടു ഡസന്‍ ദമ്പതികള്‍ ഓരോരുത്തരും 5,80,600 ഡോളര്‍ വീതം നല്‍കി ട്രമ്പിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കും.

ടെക്‌സസിലെ സെനറ്റ് മത്സരത്തിന് മുന്നോടിയായി നടക്കുന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ റോയ്‌സ് വെസ്റ്റും എംജെ ഹേഗറും ഏറ്റുമുട്ടുന്നു. പ്രചരണത്തില്‍ വെസ്റ്റ് മുന്നിലാണ്. മെയിലറുകളും ഫോണ്‍സന്ദേശവും തുടര്‍ച്ചയായി അയയ്ക്കുന്നു. നിലവിലെ സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ അപ്രൂവല്‍ റേറ്റിംഗ് 37% നോണ്‍ അപ്രൂവല്‍ 36%വും ആണെന്ന് സര്‍വേ പറയുന്നു. അപ്പോള്‍ തിരഞ്ഞെടുപ്പ് നേരിടാത്ത ടെഡ്ക്രൂസിന്റേത് 45-42 ആണ്. ടെക്‌സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ടിന്റേത് 56-32 ഉം. കോര്‍ണിന്റെ നില അത്ര ആശാസ്യമല്ലെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇയാളുടെ ഫണ്ട് കളക്ഷന്‍ വെസ്റ്റിനെയും ഹേഗറിനെയുംകാള്‍ മെച്ചമാണ്.

അമേരിക്കയില്‍ 4 കോടിയിലധികം പേര്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്ക് കോവിഡ്-19 പശ്ചാത്തലത്തില്‍ അപേക്ഷിച്ചു. ഇവരില്‍ 22 ലക്ഷം പേര്‍ ടെക്‌സസില്‍ നിന്നാണ്. ഇപ്പോഴത്തെ 12.8% തൊഴില്ലായ്മ നിരക്ക് സംസ്ഥാനത്ത് ആദ്യമാണ്. എന്നാല്‍ അരഡസന്‍ മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ ഇതിലും ആവശ്യമാണ്. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ടെക്‌സസുകാര്‍ ആബട്ട് ഇവ കൈകാര്യം ചെയ്യുന്ന രീതിയെ അഭിനന്ദിക്കുന്നു. 49% വും സ്റ്റേ ഹോം ഓര്‍ഡറുകളില്‍ പരാതികള്‍ ഇല്ലാത്തവരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക