Image

ഏകാന്തത (കവിത: സാജിത മുഹമ്മദ്‌)

Published on 04 June, 2020
ഏകാന്തത (കവിത: സാജിത മുഹമ്മദ്‌)
പലപ്പോഴും ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടിരുന്ന
അവൾക്ക് പൂർണമായൊരു ഒറ്റപ്പെടൽ,
ശരീരവും മനസ്സും ഒറ്റപ്പെടുന്ന നിമിഷം
ഒന്നും അവളെ ബാധിക്കുന്നതായിരുന്നില്ല,

മനസ്സിനെ ഒറ്റയ്ക്ക് ജീവിക്കാൻ
എന്നോ പാകപ്പെടുത്തിയ അവൾ
ഏകാന്തതയുടെ മധുരം നുണയാൻ പഠിച്ച അവൾ,

ശരിക്കും ആഗ്രഹിച്ചിട്ടുണ്ടായിരുന്നു..
ഇങ്ങനെയൊരു പൂർണത കൈവരുന്നത്
ഒറ്റയ്ക്കൊരു മുറിയിൽ
ഒറ്റയ്ക്ക് കഴിയുമ്പോഴാണെന്നു.
അപ്പോഴാണത്ര അവൾ പൂർണ
സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നത്.

ഒന്നിനെ കുറിച്ചും ചിന്തിക്കാതെ
സ്വന്തം മനസ്സു മാത്രമായൊരു
ലോകത്ത് ഉല്ലസിക്കുക എന്നത്
അവളുടെ വലിയൊരു
അഭിലാഷവുമായിരുന്നു.
അതാണിന്നു സാധ്യമായിരിക്കുന്നത്

മനസ്സിലെ അലാറമടിക്കുമ്പോൾ
ഒറ്റയ്ക്ക് എണീക്കുക,
ഒറ്റയ്ക്ക് എല്ലാ കൃത്യങ്ങളും ചെയ്യുക,
തന്നിഷ്ടങ്ങളെ മാത്രം കൂട്ടു പിടിക്കുക,
ഏതാനും പുസ്തകങ്ങളിലെ
ചില വാചകങ്ങളെ വീണ്ടും വീണ്ടും
ആർത്തിയോടെ വിഴുങ്ങുക,
വിശപ്പ് എന്ന വികാരത്തെ ഇല്ലായ്മ ചെയ്യാൻ,
അതിനെ മറക്കാൻ ഇത് തന്നെ ധാരാളം,

ഓർമ്മകൾ ഓരോന്നായി കടന്നു വരുമ്പോൾ
അവൾ പ്രേമിക്കുന്നത് പേനയെയാണ്,
അവ ഡയറിയിൽ കുറിക്കുമ്പോൾ കിട്ടുന്നത്
മനോധൈര്യവും ആശ്വാസവുമാണ് ,

അവൾക്ക് അത്താഴം 'മനോവ്യഥകളാണ് ',
മനസ്സിലെ നൊമ്പരങ്ങളെ
അവൾ കടിച്ചു മുറിച്ചു കഴിക്കും.
വയറു നിറഞ്ഞ സുഖത്തിൽ ഉറങ്ങാൻ
കേൾക്കുന്ന പാട്ടിലും അവനുണ്ടാകും,
പാട്ടിന്റെ ഓരോ വരികളിലും കാണുന്ന
ചിത്രങ്ങളിൽ അവന്റെ രൂപമായിരിക്കും,
അങ്ങനെ പുലരുവോളം അത് തുടരവേ
കണ്ണടച്ച് കാണുന്ന സ്വപ്നങ്ങളിൽ 
അവളുടെ ദാഹത്തെ അവൾ വറ്റിച്ചെടുത്ത്
അഗാധമായ ഉറക്കത്തിലേക്ക്
ഒറ്റയ്ക്ക് വഴുതി വീഴുക,
അതിലോളം സുഖം മറ്റെന്തിനാണുള്ളത്.
ഏകാന്തത (കവിത: സാജിത മുഹമ്മദ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക