Image

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര നിര്‍ദേശം വന്നതിന് ശേഷമെന്ന് മുഖ്യമന്ത്രി

Published on 04 June, 2020
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് കേന്ദ്ര നിര്‍ദേശം വന്നതിന് ശേഷമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ എട്ടു മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 30ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇതുവരെ പ്രസദ്ധീകരിച്ചിട്ടില്ല. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആരാധനാ കേന്ദ്രങ്ങള്‍ തുറക്കാമെന്ന് പറയുമ്പോഴും വലിയ ആള്‍കൂട്ടങ്ങള്‍ ഉണ്ടാകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരുന്ന മുറയ്ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കേരളത്തില്‍ ആരാധനാലയങ്ങള്‍ എങ്ങനെ തുറക്കാമെന്നത് സംബന്ധിച്ച് അഭിപ്രായം ആരായാനാണ് വിവിധ മതവിഭാഗങ്ങളുമായും മത സംഘടനകളുമായും മതനേതാക്കളുമായും വീഡിയോ കോണ്‍ഫറന്‍സ് മുഖേനെ ചര്‍ച്ച നടത്തിയത്.

ആരാധനാലയങ്ങളില്‍ സാധാരണ നില പുനഃസ്ഥാപിച്ചാല്‍ വലിയ ആള്‍കൂട്ടമുണ്ടാകുമെന്നും അത് ഇന്നത്തെ സാഹചര്യത്തില്‍ രോഗവ്യാപനത്തിന് ഇടയാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ നിലപാടിനോട് എല്ലാവരും അനുകൂലമായി പ്രതികരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളുമായി വെവ്വേറെയാണ് ചര്‍ച്ച നടത്തിയത്. ആരാധനാലയത്തില്‍ എത്തുന്ന വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്തുന്ന നടപടികള്‍ സ്വീകരിക്കാമെന്നാണ് പങ്കെടുത്ത എല്ലാ മതനേതാക്കളും അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക