Image

മഹാമാരിയും പ്രതിഷേധങ്ങളും ഉയര്‍ത്തുന്ന ആശങ്കകള്‍ തോക്ക് വില്പന വര്‍ധിപ്പിച്ചു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 04 June, 2020
മഹാമാരിയും പ്രതിഷേധങ്ങളും ഉയര്‍ത്തുന്ന ആശങ്കകള്‍ തോക്ക് വില്പന വര്‍ധിപ്പിച്ചു (ഏബ്രഹാം തോമസ്)
ആപല്‍ ശങ്കകളും അനിശ്ചിതത്വവും ഉണ്ടാകുമ്പോള്‍ ബ്രെഡും മുട്ടയും പാലും വാങ്ങാന്‍ തിരക്ക് കൂട്ടുകയാണ് സാധാരണ പതിവ്. എന്നാല്‍ ടെക്‌സസില്‍ മഹാമാരി പടര്‍ന്നു പിടിക്കുകയും ജോര്‍ജ് ഫ്‌ളോയിഡിന്റെ പാതകത്തിന്റെ പ്രതിഷേധം ശക്തമാവുകയും ചെയ്തപ്പോള്‍ ജനങ്ങള്‍ തിരക്കുകൂട്ടിയത് തോക്കുകളും ബങ്കറുകളും വാങ്ങാനാണ്.
ഡാലസ് നഗരത്തില്‍ നിന്ന് കഷ്ടിച്ചു ഒരു മണിക്കൂര്‍ കിഴക്കോട്ടു ഡ്രൈവ് ചെയ്താല്‍ സള്‍ഫര്‍ സ്പ്രിംഗ്‌സ് എന്ന ചെറിയനഗരത്തിലെത്താം. ഇവിടെയുള്ള അറ്റ്‌ലസ് സര്‍വൈവല്‍ ഷെല്‍ട്ടേഴ്‌സിന്റെ ഉടമ റോണ്‍ ഹബാര്‍ഡ് പറയുന്നത് തന്റെ ഫോണ്‍ ശബ്ദം നിലയ്ക്കാതെയായിട്ട് നാളുകള്‍ ഏറെയായി എന്നാണ്. തോക്കുകളുടെ വില്പന ഈ മെയ്മാസത്തില്‍ 2019 മെയ്മാസത്തെ അപേക്ഷിച്ച് 80% വര്‍ധിച്ചു എന്ന് സ്മാള്‍ ആംസ് അനലിറ്റിക്‌സ്  ആന്റ് ഫോര്‍കാസ്റ്റിംഗിന്റെ വിവരം പറയുന്നു. ചെറിയ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വിവരം ശേഖരിക്കുന്ന സ്ഥാപനമാണിത്.
ആശങ്കാകുലമായ ഒരു വര്‍ഷമാണ് 2020. കോവിഡ്-19 സാമ്പത്തികാവസ്ഥയെ സ്തംഭിപ്പിച്ചതും യു.എസില്‍ മെമ്മോറിയല്‍ ഡേയ്ക്ക് ശേഷം അരങ്ങേറുന്ന പ്രതിഷേധങ്ങളും ഇത് സൃഷ്ടിക്കുന്ന വംശീയ ഏറ്റുമുട്ടലിന്റെ സാധ്യതകളും മുന്നില്‍ കാണാതിരിക്കാനാവില്ല. ഡാലസില്‍ കഴിഞ്ഞ ആറ് ദിവസമായി ദിവസേന പ്രതിഷേധ പ്രകടനങ്ങള്‍ കാണുന്നു. ഇത് പെട്ടെന്ന് പൊട്ടിത്തെറിച്ചാല്‍ ജനങ്ങള്‍ക്ക് ഒരു പ്ലാന്‍ ബി ഉണ്ടായിരിക്കണമെന്ന് അവര്‍ക്ക് തോന്നുതായി ഹബാര്‍ഡ് പറയുന്നു. പ്രതിഷേധങ്ങള്‍ ഈ വര്‍ഷം ഒരു ബങ്കര്‍ വേണമെന്നാഗ്രഹിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു. ഹബാര്‍ഡിന് യൂട്യൂബില്‍ 2,50,000 ല്‍ അധികം വരിക്കാരുണ്ട്. താന്‍ വില്‍ക്കുന്ന ഒരു ബങ്കറിന്റെ ശരാശരി വില 75,000 ഡോളറാണ്.  എന്നാല്‍ ഏറ്റവും വില കുറഞ്ഞത് 20,000 മുതല്‍ 25,000 ഡോളറിന് വരെ ലഭിക്കുമെന്നും പറഞ്ഞു. മില്യണയറുകള്‍ മാത്രം അതിജീവിച്ചാല്‍ പോരാ എന്ന തത്വവും മുന്നോട്ടു വച്ചു.

ഈ ആഴ്ചയിലെ പ്രതിഷേധ സമരങ്ങള്‍ പ്രചോദനം നല്‍കിയ ഒരു ഉപഭോക്താവ് തന്റെ കമ്പനിയായ റൈസിംഗ് എസ്ആന്റ് കോവില്‍ നിന്ന് ഒരു ബങ്കര്‍ വാങ്ങിയെന്ന് ജനറല്‍ മാനേജര്‍ ഗാരിലിഞ്ച് പറഞ്ഞു. തങ്ങളുടെ പ്രദേശത്ത് യുദ്ധം ഉണ്ടാവുമോ എന്ന അങ്കലാപ്പിലാണ് ഇവരില്‍ ചിലര്‍.

ബങ്കര്‍ വില്പന പോലെ സ്വയരക്ഷക്കുറിച്ച് ജനങ്ങള്‍ ആശങ്കാകുലരാവുമ്പോള്‍ തോക്കുകളുടെ വില്പനയും വര്‍ധിക്കുന്നു. ഡാലസില്‍ നിന്ന് തെക്കോട്ടു മാറി സ്ഥിതി ചെയ്യുന്ന ചെറിയ നഗരമായ കോഴ്‌സികാനയിലെ ബിഇഎആര്‍ ഷോപ്പ് ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ചിരട്ടി വില്പന നടത്തിയതായി ഉടമ ആര്‍ലന്‍ സ്വാര്‍റ്റ് സെന്‍ട്രൂബര്‍ പറഞ്ഞു. സ്റ്റോക്ക് എത്തുന്നതിനനുസരിച്ച് തോക്കുകള്‍ വിറ്റഴിയുന്നു. പ്രതിഷേധങ്ങള്‍ കാരണം വില്പന ഇനിയും കൂടാനാണ് സാധ്യത. ഭാവിയെ കുറിച്ച് ജനം ആശങ്കപ്പെടുമ്പോള്‍ കൂടുതല്‍ തോക്കുകള്‍ വാങ്ങും. സാധാരണയായി ഉപഭോക്താക്കളില്‍ 10% സ്ത്രീകളാണ് ഉണ്ടായിരുന്നത്. കോവിഡ്-19 പടര്‍ന്നു പിടിച്ചതിന് ശേഷം തോക്കു വാങ്ങുന്നവര്‍ 40% വും സ്ത്രീകളാണ്. മാര്‍ച്ചില്‍ അടച്ചുപൂട്ടല്‍ ഉണ്ടായപ്പോള്‍ ഉപഭോക്താക്കളില്‍ പകുതിയും ആദ്യമായി വാങ്ങുന്നവര്‍ ആയിരുന്നു.

ഏറ്റവുമധികം പ്രിയം ഗ്ലോക്ക് 17 ഉം ഗ്ലോക്ക് 19 ഉം കൈത്തോക്കുകള്‍ക്കും എആര്‍-15 റൈഫിളിനുമാണ്. ഇവ കുറെക്കാലമായി പ്രിയപ്പെട്ടവയായി നിലകൊള്ളുന്നു.
ഡാലസിലെ റേസ് ഹാര്‍ഡ് വെയര്‍ ആന്റ് സ്‌പോര്‍ട്ടിംഗ് ഗുഡ്‌സ് സ്‌റ്റോര്‍ പറഞ്ഞത് ചൊവ്വാഴ്ച നഗരത്തില്‍ നടന്ന പ്രകടനത്തിന് ശേഷം 30,40 പേര്‍ ലൈനില്‍ വെയിറ്റിംഗില്‍ ഉണ്ടായിരുന്നു എന്നാണ്. ഒരു കാരണം സ്റ്റോറിന് ഞായറാഴ്ചയും തിങ്കളാഴ്ചയും ഒഴിവായിരുന്നു എന്നതാകാം.

ഡാലസിലെ ഡിഎഫ്ഡബ്‌ളിയൂ ഗണ്‍ റേഞ്ച് ആന്റ് ട്രെയിനിംഗ് സെന്റര്‍ കോവിഡ്-19നും പ്രതിഷേധപ്രകടനവും മൂലമാണ് വില്പന വര്‍ധിച്ചത് എന്ന് പറഞ്ഞു. പ്രസിഡന്റ് ജിം പിസോണി: 'ഒരു തോക്ക് വാങ്ങുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ യുക്തിപരമായ നടപടി ആയിരിക്കും. ടോയ്‌ലെറ്റ് പേപ്പറുകള്‍ വാങ്ങുന്നതിനെക്കാള്‍ വിവേകമുള്ള നടപടി ഒരു തോക്ക് വാങ്ങുന്നതാണ്. സംസ്ഥാനത്ത് സമൂഹത്തിലുള്ള പലര്‍ക്കും തങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് ജനങ്ങളെ സംരക്ഷിക്കേണ്ടതാണ് തങ്ങളുടെ ഉത്തരവാദിത്തം എന്നറിയില്ല. തങ്ങളുടെ വീടുകളിലും ബിസിനസുകളിലും പൊതുസ്ഥലത്തും തങ്ങള്‍ സുരക്ഷിതരല്ല എന്ന് ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.'

കാരണം എന്തായാലും സാധാരണ ജനങ്ങളും ആശങ്കകള്‍  ദിനം തോറും വര്‍ധിക്കുകയാണ്. തോക്കുകള്‍ വാങ്ങിക്കൂട്ടുകയല്ല ഇതിന് പ്രതിവിധി എന്ന് എന്നാണാവോ നാം മനസ്സിലാക്കുക?

മഹാമാരിയും പ്രതിഷേധങ്ങളും ഉയര്‍ത്തുന്ന ആശങ്കകള്‍ തോക്ക് വില്പന വര്‍ധിപ്പിച്ചു (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക