Image

ഗര്‍ഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവം; കേന്ദ്ര മന്ത്രി റിപ്പോര്‍ട്ട് തേടി

Published on 03 June, 2020
ഗര്‍ഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവം; കേന്ദ്ര മന്ത്രി റിപ്പോര്‍ട്ട് തേടി
പാലക്കാട് :  പൈനാപ്പിളില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു ചെരിഞ്ഞ  സംഭവത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍ റിപ്പോര്‍ട്ട് തേടി. ഫ്‌ളയിങ് സ്ക്വാഡ് ഡിഎഫ്ഒ ആര്‍.ശിവപ്രസാദ്  തെളിവെടുത്തു. മണ്ണാര്‍ക്കാട് ഡിഎഫ്ഒ കെ.കെ. സുനില്‍കുമാര്‍ ഉത്തര മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. പൈനാപ്പിള്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് വനമേഖലയില്‍ അമ്പലപ്പാറ വെള്ളിയാറില്‍ 15 വയസ്സുള്ള പിടിയാനയുടെയും ഉദരത്തിലെ കുട്ടിയുടെയും മരണം രാജ്യത്തിന്റെ തന്നെ വേദനയായി. മനുഷ്യരുടെ ക്രൂരതയില്‍ മുഖം കുനിച്ചു വേദന പങ്കുവച്ചവരുടെ കൂട്ടത്തില്‍ മുന്‍ കേന്ദ്രമന്ത്രിമാരായ ശശി തരൂരും മേനക ഗാന്ധിയും ചലച്ചിത്ര താരങ്ങളായ അനുഷ്ക ശര്‍മ, ശ്രദ്ധ കപൂര്‍, ജോണ്‍ ഏബ്രഹാം, രണ്‍ദീപ് ഹൂഡ, പൃഥ്വിരാജ്, വ്യവസായി രത്തന്‍ ടാറ്റ, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലി തുടങ്ങിയവരും ഉള്‍പ്പെടുന്നു.

കൃഷിയിടത്തിലിറങ്ങുന്ന വന്യമൃഗങ്ങളെ ഓടിക്കാന്‍ മനുഷ്യനൊരുക്കിയ കെണിയെന്നാണു വനംവകുപ്പിന്റെ നിഗമനം. പൈനാപ്പിള്‍ തിന്നപ്പോള്‍ പൊട്ടിത്തെറിച്ചു മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നു. മുറിവു പഴുത്തതോടെ തീറ്റയെടുക്കാന്‍ പോലും കഴിയാതെ കാട്ടാന പുഴയോരത്തു നിലയുറപ്പിച്ചു. മുറിവില്‍ ഈച്ച വന്നു തുടങ്ങിയപ്പോള്‍ അതില്‍നിന്നു രക്ഷപ്പെടാന്‍ പുഴയില്‍ മുഖം പൂഴ്ത്തി. 4 ദിവസത്തോളം നീണ്ട ഇരിപ്പാണ് അവളുടെ ജീവന്‍ കവര്‍ന്നത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണു മരണം.

മേയ് 23നു പുഴയില്‍ ആനയെ കണ്ട വനം ഉദ്യോഗസ്ഥര്‍ കാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ ശ്രമിച്ചെങ്കിലും പോയില്ല. കരയിലെത്തിച്ചു ചികിത്സ നല്‍കാന്‍ 2 കുങ്കിയാനകളെ എത്തിച്ചെങ്കിലും 27ന് ഉച്ചയോടെ ആന ചെരിഞ്ഞു. ഭ്രൂണത്തിന് 1–2 മാസം വളര്‍ച്ചയുണ്ടായിരുന്നു.

ഗര്‍ഭിണിയായ കാട്ടാന അനുഭവിച്ച വേദന പുറത്തറിയുന്നത് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ. മോഹന്‍ കൃഷ്ണന്റെ സമൂഹമാധ്യമ കുറിപ്പിലൂടെയാണ്. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വിജിലന്‍സ്) ഡോ. അടലരശന്റെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കും. പൊലീസ് കേസെടുത്തു. വനം വകുപ്പിന്റെ പരാതിയില്‍ സ്‌ഫോടക വസ്തു അലക്ഷ്യമായി ഉപയോഗിച്ചതിനാണു കേസ്.


ഗര്‍ഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവം; കേന്ദ്ര മന്ത്രി റിപ്പോര്‍ട്ട് തേടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക