Image

കൂടണയും കാറ്റ് (കഥ: രമണി അമ്മാൾ )

Published on 03 June, 2020
കൂടണയും കാറ്റ് (കഥ: രമണി അമ്മാൾ )



മുറ്റം മുഴുവനും പുല്ലു വളർന്നുകേറി...
പാകിയിട്ട ഓരോ ടൈലിന്റേയും ഇത്തിരി വിടവിലൂടെ വളരെ  കഷ്ടപ്പട്ടാണ് പുല്ലിന്റെ മുഖം കാണിക്കൽ....!
നാട്ടിലുളള ഈയാംപാറ്റകൾ മുഴുവനും ചിറകു കുടഞ്ഞിട്ടിരിക്കുന്നതു കാർ പോർച്ചിനുളളിൽ...!

പലദിവസങ്ങളിലേതാവും.....
.
തൂക്കിയിട്ട  റാന്തൽ വിളക്കിന്റെ  താഴെയും,  മുകളിലും, വശങ്ങളിലും 
കടന്നൽക്കൂടുകൾ....!

പണ്ടായിരുന്നെങ്കിൽ ,  വീടിന്റെ പരിസരത്തെങ്ങാനുമൊരു കടന്നൽക്കുടു പ്രത്യക്ഷപ്പെട്ടാൽ ഞങ്ങൾ 
കുട്ടിപ്പട്ടാളമെത്തുകയായി.
കൂട്ടത്തിൽ തലമുതിർന്ന ചേട്ടൻ, നീളമുളള ഒരു കമ്പിന്റെയറ്റത്തു  തുണിചുറ്റി അതിൽ
മണ്ണെണ്ണയിറ്റിച്ച്  തീ കൊളുത്തി  കടന്നൽ ക്കൂട്ടിലേക്ക് നീട്ടിപ്പിടിക്കും.. ക്ഷണനേരത്തിൽ 
കൂടും കടന്നലും ഒന്നോടെ കരിഞ്ഞു താഴെ വീഴും...

ഇവിടെ,
ഒച്ചയും അനക്കവും
ഇല്ലാത്തിടത്ത്
സ്വസ്ഥമായ ഒരു സങ്കേതം
കണ്ടെത്തിയിരിക്കുകയാണ്
കടന്നലുകൾ...

മാസങ്ങൾക്ക് ശേഷമുളള  വരവാണിത്...
തലചായ്ക്കാനൊരിടം,
അതിന്റെ  ആഗ്രഹ പൂർത്തീകരണമാണീ വീട്...
!വർഷങ്ങൾ താലോലിച്ച സ്വപ്ന സാക്ഷാത്ക്കാരം....!

വീടിനകം  പൊടിപിടിച്ചു കിടക്കുന്നുണ്ടാവും..
ഒന്നു തൂത്തുവാരി തുടയ്ക്കണം...
അടച്ചിട്ടിരിക്കുന്ന വീടിനുളളിൽ
ഇത്രയധികം പൊടി  കയറിപ്പറ്റുന്നതെങ്ങനെ..?

ഒറ്റയ്ക്കിങ്ങു പോന്നുകളയാമെന്നു വിചാരിച്ചതുകൊണ്ടാ  ഇന്നെങ്കിലും ഈ വരവു നടന്നത്..
കഴിഞ്ഞ സ്കൂൾ വെക്കേഷനു കുറച്ചു ദിവസം കുട്ടികളുമായി വന്നു 
താമസിച്ചിട്ടു പോയി...അന്നു വന്നപ്പോൾ 
ഒരു മിനി ലോറിയിൽ കുറച്ചു ഫർണിച്ചറുകളും  ഒപ്പം കൊണ്ടു പോന്നു.. നേരത്തെ 
വാങ്ങിയിട്ടിരുന്നത്...
തടി വ്യവസായത്തിനു പേരുകേട്ട നാട്ടിലെ  ഇടക്കാല വാസം കൊണ്ടുണ്ടായ നേട്ടം...!
മറ്റെവിടെ നിന്നു  
വാങ്ങുന്നതിനേക്കാൾ വിലക്കുറവിൽ....

ബാഗിലുണ്ടായിരുന്ന താക്കോൽ കൂട്ടം....
മുൻവാതിന്റേതൊഴിച്ച്
ഏതൊക്കെ താക്കോൽ  ഏതിന്റേതൊക്കെയാണെന്ന് ഇന്നും ഒരു തപ്പലാണ്... 

ഒരീർക്കിൽ വിടവുപോലുമില്ലാത്ത
വാതിലിനടിയിലൂടെ പൊടി വീശിയെറിഞ്ഞതുപോലെ ഹാളിനകം..
ചെരിപ്പൂരിയിട്ട് അകത്തു കടന്നപ്പോൾ 
പൊടിയിലമർന്ന കല്പാദ വടിവുകൾ...

വീടിന്റെ സ്പെയർ കീ ഒരെണ്ണം  ജോസഫേട്ടന്റെ കയ്യിൽ ഏൽപ്പിച്ചിട്ടുണ്ടായിരുന്നു..

കോമ്പൗണ്ടിലുളള താമസക്കാരില്ലാത്ത  വീടുകളുടെ അംഗീകൃത സൂക്ഷിപ്പുകാരനാണ് ജോസഫുചേട്ടൻ..

"ഇടയ്ക്കെപ്പോഴെങ്കിലും   വീടൊന്നു  തുറന്നു നോക്കി 
ചിലന്തിവലയോ മറ്റോ ഉണ്ടെങ്കിൽ  അടിച്ചു കളയണം,..
വീടിന്റെ പിന്നിലെ  വീതികുറഞ്ഞ ചെറിയ മുറ്റത്തെ, അടുത്ത പറമ്പീന്നു  വീഴുന്ന കരിയിലകൾ  വാരിക്കളയണം,"

നേരിട്ടു കാണുമ്പോൾ നോട്ടക്കൂലി രൊക്കം കൊടുത്തോളാമെന്ന
കരാറുമുണ്ടാക്കി...

കഴിഞ്ഞ മൂന്നു മാസത്തിനിടയ്ക്ക് ഒരു പ്രാവശ്യം പോലും അയാൾ  ഇങ്ങോട്ടൊന്നെത്തി നോക്കിയിട്ടില്ലെന്ന് ഗേറ്റു കടക്കുമ്മുന്നേ മനസ്സിലായി.
എന്തു പറ്റിയോ, ആവോ...?
ഞാൻ  വരുന്നുണ്ടെന്ന കാര്യം ഒന്നു വിളിച്ചു പറയാനും കഴിഞ്ഞില്ല....
 
ഈ വരവിനു  
ഒരുറപ്പും ഉണ്ടായിരുന്നില്ല..
അല്ലെങ്കിൽ ഏതു കാര്യത്തിനാണ് ഒരുറപ്പുളളത്....?.ജീവിതം അനിച്ഛിതത്ത്വത്തിന്റെ പാതയിലൂടെ,
ഒഴുക്കു മുറിച്ചു നീന്തുന്ന  
പ്രയാണത്തിൽ....

അടുക്കളയിൽ, 
സ്റ്റൗവ്വു  മൂടിവച്ചിരുന്നതുകൊണ്ട് പൊടി തൊട്ടുരുമ്മിയിട്ടില്ല.
ഒരു കട്ടൻ കാപ്പിയിടാൻ, മൂന്നുമാസത്തെ പഴക്കമുളള കപ്പിപ്പൊടി മണത്തു...കുഴപ്പമില്ല...
വെളുത്ത പ്ളാസ്റ്റിക്ക് ഡപ്പിയിലെ പഞ്ചസാരയ്ക്കും തിളക്കം..! 

ടാങ്കിലെ വെളളം   കിണറിലേതാണെങ്കിലും അതിനുമുണ്ട് പഴക്കം..
ഒരു തൊട്ടി  വെളളം കിണറ്റിൽ നിന്ന്  കോരിയെടുക്കാം...

വീടു വാങ്ങുമ്പോൾ ഇതിനുളളിൽ കിണറുണ്ടായിരുന്നില്ല... പൊതുകിണറിൽ നിന്ന് മെയിൻ ടാങ്കിലേക്ക്  വെളളം അടിച്ചു കയറ്റും..
അവിടുന്ന്  വീടുകളിലെ ടാങ്കിലേക്ക്...

വീടിന്റ ഫ്രണ്ടിൽ മാത്രമാണ് അല്പം മുറ്റമുളളത്..
പുറകിൽ അടുത്ത പുരയിടത്തിന്റ മതിലും വീടുമായി ഒന്നരമീറ്റർ കഷ്ടി.

സ്വന്തമായി ഒരു കിണർ;
സർവ്വ സ്വാതന്ത്ര്യത്തോടെ വെളളമെടുത്തുപയോഗിക്കാൻ, അത്യാവശ്യമെന്നു  തോന്നിയ ഘട്ടത്തിൽ,
ഒട്ടുമാവിനോടു ചേർന്ന്, മുറ്റത്തിന്റെ മൂലയും കൂടി ചേർത്ത്, വാ വട്ടം കുറഞ്ഞ ഒരു കിണർ...
വളരെ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു..

വയലിനോടു ചേർന്നുളള
കരഭൂമിയായതു കൊണ്ടാവും 
ഒൻപതരഞ്ഞാണം കുത്തിക്കഴിഞ്ഞപ്പോഴേ ശക്തമായ തെളിനീരുറവ....!
കഴിഞ്ഞ കടുത്ത വേനലിലും കിണറിൽ നല്ലപോലെ വെള്ളമുണ്ടായിരുന്നു.. .

സ്റ്റോർ റൂമിൽ നിന്നു
തൊട്ടിയും കയറും എടുത്തുകൊണ്ടു പുറത്തിറങ്ങി....

ഒരു തെളിഞ്ഞ പകൽ...
ആകാശത്തെ വെളുത്ത മേഘവിരിപ്പിൽ
സൂര്യൻ പനിച്ചൂടിൽ ... !

പൊതുകിണറിനപ്പുറം വയലിന്റെ വിശാലമായ പച്ചപ്പ്.,
നെൽകൃഷിയില്ലാതെ സമൃദ്ധിയായി വളരുന്ന പുല്ലിന്റെ പച്ചപ്പ്.
തോരാത്ത മഴപ്പെയ്ത്തിൽ
ഈ വയൽ  വിസ്തൃതിയുള്ള  ജലാശയമാവും..  

കിണറിന്റെ പകുതിയോളം  വെളളമുണ്ട്..
സ്ഫടികം പോലെ തെളിഞ്ഞ്  അനക്കമില്ലാതങ്ങനെ കിടക്കുന്നു..
വലയിട്ടു പുതപ്പിച്ചിരുന്നതുകൊണ്ട് ചേർന്നു നിൽക്കുന്ന മാവ്
ശല്യം ചെയ്തിട്ടില്ല.

കപ്പിയിൽ കയറിടാതെ വെളളം കോരിയെടുക്കുമ്പോൾ കുഞ്ഞോളങ്ങൾ സന്തോഷത്തോടെ കുണുങ്ങി....
എന്തൊരു തണുപ്പാണീ കിണർ വെളളത്തിന്  ...!

സ്കൂളിൽ, ഇന്റർവല്ലിനു  വിടുമ്പോൾ തൊട്ടടുത്ത വീട്ടിലെ കിണറ്റീന്ന് വെളളം കോരി കുടിക്കാൻ ഞങ്ങൾ ഓടും.. .ഒരാൾ വെളളം കോരും, 
തൊട്ടിയിൽ നിന്നു തന്നെ പരസ്പരം  കൈക്കുമ്പിളിലേക്കു പകർന്നു കുടിക്കും... 
ഈ വെളളത്തിനും അതേ വെളളത്തിന്റെ തണുപ്പ്.. രുചി..!

തിരികെ പോകാനുളള സീറ്റും കൂടി റിസർവ്വു ചെയ്തതുകൊണ്ട് നാലു മണിക്ക്  സ്റ്റേഷനിൽ എത്തിയാൽ മതി...

മുറ്റം വൃത്തിയാക്കൽ 
ഒറ്റയ്ക്കു നടക്കില്ല.....
ജോസഫുചേട്ടൻ തന്നെ ശരണം..
ഒന്നു വിളിക്കണം..
അരുതായ്കകൾ
വല്ലതുമാകുമോ...
മോളിയാന്റിക്കറിയാമായിരിക്കും...

ഓട്ടോറിക്ഷ  മെയിൻ ഗേറ്റു കടന്നു പോരുമ്പോൾ   മോളി ആന്റി....
വീടിന്റെ സിറ്റൗട്ടിൽ. ..കണ്ടു...
ആ മുഖം പെട്ടെന്നു വിടർന്നു.
 
"ചെന്നിട്ടു  വരാം"
 ഞാൻ  ആംഗ്യം കാണിച്ചു. 

ഇവിടേക്ക് എപ്പോൾ വന്നാലും
മോളിയാന്റിയെ ചെന്നു  കാണാത്ത തിരിച്ചു പോക്കില്ല.  
വർഷങ്ങൾക്കു മുൻപു മരണപ്പെട്ട  അമ്മയുടെ മുഖമാണവർക്ക്.

പത്തു മിനിറ്റൊന്നു കിടക്കട്ടെ.....

സ്വന്തമായൊരു വീടിനേക്കുറിച്ചുളള
ആലോചനയിട്ടപ്പോൾ ഈ നാടാണ് മനസ്സിൽ ആദ്യം വന്നത്..
ജനിച്ചു വളർന്ന നാട്ടിൽ നിന്നും ഒരുപാടകലെയല്ല;
തലസ്ഥാന നഗരിയിലേക്കും വ്യാവസായിക നഗരിയിലേക്കും  തുല്യ ദൂരം....

വീടും സ്ഥലവും  കൂടി ഒന്നിച്ചുളളതു വാങ്ങുന്നതിനോടായിരുന്നു  എനിക്കു താല്പര്യം..

കുറച്ചു സ്ഥലം കൂടുതൽ  വാങ്ങി,   അതിൽ ഇഷ്ടാനുസരണം പോലോരുവീട്...
അദ്ധേഹത്തിന്റെ താല്പര്യം...

രണ്ടു പേർക്കും  ഉത്തരവാദപ്പെട്ട
സ്ഥാപനങ്ങളിൽ  ജോലി....ഇടയിൽ 
അലട്ടുന്ന
ചില ആരോഗ്യപ്രശ്നങ്ങളും..
സ്ഥലം വാങ്ങിയ ശേഷം അതിലൊരു വീട്...അടുത്തകാലത്തെങ്ങും നടക്കാൻ സാധ്യതയില്ലെന്ന എന്റെ  ന്യായം...

വാദപ്രതിവാദങ്ങൾ-
ക്കൊടുവിൽ, ശീതസമരങ്ങൾക്കൊടുവിൽ,
അർദ്ധ മനസ്സോടെ സമ്മതിക്കുകയായിരുന്നു..
,
"വല്ലവനും, അവന്റെ ഇഷ്ടത്തിനു വച്ച വീടു" വാങ്ങുവാൻ...

ഒരുപാടിടങ്ങളിൽ, വില്പനക്കായി പണികഴിപ്പിച്ചിട്ടിരുന്ന,
വീടുകൾ
ചെന്നു കണ്ടു നോക്കി....
ഒരാൾക്ക് ഒന്നു പിടിക്കുമ്പോൾ മറ്റൊരാൾക്ക് അതു പിടിക്കില്ല....

ഒപ്പം ജോലി ചെയ്തിരുന്ന ഗോപിയാണ്  യാദൃശ്ചികമായി  ടൗണിൽ വച്ചു കണ്ടപ്പോൾ,   ഈ വീടിനേപ്പറ്റി  സൂചിപ്പിച്ചത്..

റോഡിന്റെ ഓരം ചേർന്ന്
താഴേക്കു ചരിവുളള സ്ഥലത്തിന്റെ അതിര് അവസാനിക്കുന്നത് 
കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന  വയലിലിന്റെ തുടക്കത്തിലാണെന്ന്;

ചെറുതും വലുതുമായ പ്ളോട്ടുകളിൽ വീടുകളുടെ നിർമാണ പ്രക്രിയകൾ 
നടന്നുകൊണ്ടിരിക്കുകയാണെന്ന്; 

കാണാൻ പോകുന്ന വീടിന്റെ  പണി മുഴുവനും കഴിഞ്ഞതാണെന്ന്; 

വീടിന്റെ 
ഏകദേശ വിലയും
ഗോപി സൂചിപ്പിച്ചു....

"ദൈവമേ അത്യാവശ്യം സൗകര്യങ്ങളൊക്കുയുളള
വീടാണെങ്കിൽ  അദ്ധേഹത്തിന്റെ കണ്ണിനതു  പിടിക്കണേ.." 

" ഇതെന്താ കുഴിയിൽ കൊണ്ടു വീടുവച്ചിരിക്കുന്നത്."

ആദ്യത്തെ അഭിപ്രായം. 

ഞാനും മക്കളും പരസ്പരം നോക്കി..

പുറമേ നിന്നു നോക്കിക്കാണാൻ നല്ല ഭംഗിയുളള.ഒറ്റനിലയിൽ പണിത  ഒതുക്കമുളള വീട്...

വീടു നോക്കിക്കാണാൻ വരുന്ന ഏകദേശ സമയം നേരത്തെ സൂചിപ്പിച്ചിരുന്നതുകൊണ്ട്
വീട്ടുടമസ്ഥൻ പ്രതീക്ഷിച്ചു നില്പുണ്ടായിരുന്നു. 

ഗൃഹപ്രവേശം....വലതുകാൽ വച്ചു തന്നെ അകത്തുകയറി..

" .മറ്റൊരു കൂട്ടർ ഇന്നലെ വന്നു വീടു കണ്ടിഷ്ടപ്പെട്ടു പോയിട്ടുണ്ട്.."
വീടിന്റെ മുതലാളി 
ഡിമാന്റു കൂട്ടുകയാണല്ലോ...
മനസ്സിലോർത്തു..

വിശാലമായ മുറികൾ...അടുക്കളയുടെ കബ്ബോർഡടക്കം എല്ലാം ഭംഗിയോടെ  ചെയ്തിരിക്കുന്നു...
ഇന്നു തന്നെ താമസിക്കാൻ യോഗ്യമായ വിധത്തിൽ...!

"ഇഷ്ടപ്പെട്ടു..തേടിനടന്നതുപോലെയൊരു വീട്..."
അദ്ദേഹത്തിനെ സാവധാനം ഒന്നു നോക്കി...
കുറവുകൾ കണ്ടുപിടിക്കാനുളള വ്യഗ്രതയിലാണോ.?.. 
വലിയ അതൃപ്തി ആ മുഖത്തു കണ്ടില്ല..!

ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു...

"അച്ഛാ..അച്ഛാ...ഇതുമതിയച്ഛാ.ഞങ്ങൾക്കിഷ്ടപ്പെട്ടച്ഛാ ഈ വീട്.."
മക്കളുടെ സന്തോഷം...
"മിണ്ടാതിരിക്ക്" 
അദ്ദേഹം ചൂണ്ടുവിരൽ ചുണ്ടോടമർത്തി..

"പെങ്ങൾക്കുവേണ്ടി വെച്ച  വീടാണു  സാറേ..
ഇപ്പോൾ ഇതു വാങ്ങാൻ അവൾക്ക്  എന്തോ അസൗകര്യം.. ആവശ്യക്കാരുണ്ടെങ്കിൽ കൊടുത്തേക്കാൻ പറഞ്ഞു."

മക്കൾ ഇതിനോടകം അവരുടെ മുറികളുടെ തിരഞ്ഞെടുപ്പും കഴിച്ചു..

"അച്ഛനും അമ്മയ്ക്കും കൂടി ആ മാസ്റ്റർ ബഡ്റൂം" 

"ഇതാ നീ അന്വേഷിച്ചു നടന്ന നിന്റെ സ്വന്തം വീട്.." 
മനസ്സും പറഞ്ഞു..

"സർ, താല്പര്യമുണ്ടെങ്കിൽ നാളെത്തന്നെ വിവരം പറയണം...
പറഞ്ഞിരുന്ന  വിലയിൽ  ഒരു മാറ്റവുമില്ല.."

വിലപേശേണ്ടെന്ന്..

"ശരി..
ആലോചിച്ചിട്ടു വിളിക്കാം" 

ആലോചനാമഗ്നനായിട്ടു തന്നെയാണവിടെ നിന്നിറങ്ങിയത്...

"വില ഒരുപാടു കൂടുതലാ മക്കളേ...ഇത്രയും കാശുണ്ടെങ്കിൽ കുറച്ചുകൂടി കൂടുതൽ സ്ഥലം വാങ്ങി, അതിൽ 
ഇതിലും നല്ലൊരു വീടുണ്ടാക്കാം"

"ദൈവമേ...."

മക്കൾ, അച്ഛനും അമ്മയ്ക്കുമായ് പകുത്ത മാസ്റ്റർ ബഡ്റൂം...!

ഈ കിടക്കയിൽ
അദ്ദേഹത്തിന്റെ ചൂടും ചൂരും ഇന്നു വരെ പുരണ്ടിട്ടില്ല.

ഭാര്യയുടേയും മക്കളുടെയും ഇഷ്ടത്തിനു വഴങ്ങി 
പൂർണ്ണ തൃപ്തിയില്ലാതെ വാങ്ങിയ വീടിന്റെ വിലയുടെ  നഷ്ട ഗണിതങ്ങളിൽ ആകുലനായി
വീട്ടിലേക്കുളള വരവുപോലും 
കഴിയുന്നത്ര  കുറച്ചുകൊണ്ട്...
അദ്ദേഹം...എത്രനാൾ..?

മോളി ആന്റി ഭക്ഷണം എടുത്തുവച്ചു കാത്തിരിക്കുകയായിരുന്നു..
കുശലങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറയുന്നതിനിടയിൽ
ആഹാരവും...

"ഓട്ടോറിക്ഷ വരാൻ പറയട്ടേ കുഞ്ഞേ..?"
"അപ്പോൾ ഇനിയെന്നാ എല്ലാരുംകൂടി ഇങ്ങോട്ടു  സ്ഥിരതാമസത്തിനു വരുന്നത്..?
ഇവിടെങ്ങുമൊരാളനക്കമില്ല..വല്ലോമൊന്നു മിണ്ടാനും പറയാനും.."

ശരിയാണു..
മോളിയാന്റീടെ മോനും കുടുംബവും നാലു കലോമീറ്ററിനപ്പുറം, കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യത്തിനായി  വാടകവീടെടുത്തു താമസിക്കുന്നു.
രണ്ടു പെണ്മക്കളെ കെട്ടിച്ചു വിട്ടത് ഒരുപാടു ദൂരത്തും...
വയസ്സായ അച്ഛനുമമ്മയും ഒറ്റക്കൊരുവീട്ടിൽ....

ട്രെയിൻ 20 മിനിറ്റ് ലേറ്റാണെന്ന്.....,

വിളിച്ചു പറഞ്ഞ ഓട്ടോറിക്ഷ  ഇറക്കമിറങ്ങിവരുന്നുണ്ടായിരുന്നു..
മോളിയാന്റിയോടു യാത്രപറഞ്ഞ് ഓട്ടോയിൽ 
കയറുമ്പോൾ സ്വപ്നങ്ങളുടെ  ചകിരിയും നാരും കൊണ്ടു മെനഞ്ഞുണ്ടാക്കിയ  സ്വന്തം കൂട്ടിലേക്കൊന്നു 
കണ്ണോടിച്ചു...തല്ക്കാലം ഒരു
യാത്രാമൊഴി...

ഇനി മറ്റൊരു കൂട്ടിലേക്ക്....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക