Image

ദേഹവും ദേഹിയും (ശങ്കര്‍ ഒറ്റപ്പാലം)

Published on 02 June, 2020
ദേഹവും ദേഹിയും (ശങ്കര്‍ ഒറ്റപ്പാലം)
രാമനെകണ്ടതും കൃഷ്ണന്‍കുട്ടി ചൊല്ലി വിഷാദനായ്
നമ്മുടെ സുഗുണന്‍ നമ്മളെ വിട്ട് പോയിട്ടോന്ന്
എന്ത് പറ്റിയെന്ന് രാമന്റെ മറുചോദ്യം?
പാണ്ടിലോറിയിടിച്ചു, തെറിച്ചു പിന്നെ സുഗുണന്‍  നിശ്ചലം
കിടപ്പുണ്ട് റോഡില്‍ ചേതനയറ്റു സുഗുണനപ്പോഴും
പക്ഷെ ജനം ചൊല്ലികൊണ്ടേയിരുന്നു വഴിനീളെ  
സുഗുണന്‍ പോയിട്ടോ...നമ്മളെ വിട്ടുപോയെന്ന്!
കിടപ്പുണ്ട് സുഗുണന്‍ റോഡിലപ്പോഴും നിശ്ചലം
ജനങ്ങള്‍ അസത്യം തുടര്‍ന്നു സുഗുണന്‍ പോയിട്ടോന്ന്!
പിന്നെ ജനസഞ്ചയം പോലീസെത്തി ആംബുലന്‍സെത്തി
എവിടെയും പോയിട്ടില്ലാത്ത സുഗുണനെയവര്‍  കൊണ്ടുപോയ്
പോസ്റ്റുമാര്‍ട്ട കര്‍മ്മങ്ങളും നടത്തി പിന്നെ വെള്ളത്തുണിയിലൊതുക്കി
ഫോണുകള്‍ ചിലച്ചു ബന്ധു മിത്രാദികളെത്തി പല വാഹനങ്ങളില്‍
സുഗുണനെ പിന്നെ വീട്ടിലെത്തിച്ചു വാഹനവ്യൂഹം
ജനങ്ങള്‍ സംഘടനകള്‍ റീത്തുകള്‍ പലവിധമായെത്തി
വലിയൊരു മാവ് വെട്ടിയടുക്കിയ ചിതയില്‍ സുഗുണനുമെത്തി
ആളിക്കത്തിയ തീ നാമ്പുകളില്‍ സുഗുണാനൊടുങ്ങി ചാരവുമായ്
ഇപ്പോള്‍ സത്യം സത്യമായ് പറയാം ആള്‍ നമ്മെ വിട്ടുപോയെന്ന്
ദേഹവും ദേഹിയുമൊരു കിളിയും കുടും പോലെ
ആദ്യം ‘പോയെന്നു’ ജനം പറഞ്ഞത് അദൃശ്യമാം കിളിയെ
പിന്നെ ചാരമായതു ദര്‍ശനമായ കിളിക്കൂട്
നമ്മിലെ കിളികള്‍ ഒരുനാള്‍ പറന്നുപോകും കട്ടായം
പറന്നുപോയ കിളി അനന്തവിഹായസ്സിലലിഞ്ഞീടും
പിന്നെ ചാമ്പലായി മനുഷ്യന്‍ മണ്ണിനോട് ലയിച്ചീടും
അങ്ങിനെ ഒരുനാള്‍ ദേഹവും ദേഹിയും വഴിപിരിയുന്നു
ഒരു ജീവിത ചക്രം ഇവിടെ തീരുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക