Image

ഗന്ധങ്ങൾ ( കവിത: അനിതാ നരേൻ)

Published on 02 June, 2020
ഗന്ധങ്ങൾ ( കവിത: അനിതാ നരേൻ)
ഗന്ധങ്ങൾ പലപ്പോഴും
മായാജാലക്കാരനെ പോലെ
മനസ്സിനെ കയ്യടക്കും. 
ചതുരത്തൊപ്പിയും കോട്ടുമണിഞ്ഞ
ഒന്നുമില്ലായ്മയിൽ നിന്ന്
മുയലിനെയും പറന്നു
പോകുന്ന പ്രാവിനെയും
വർണക്കടലാസുകളെയും
അടർത്തിയെടുക്കുന്ന  മായികൻ.
കുന്നും കടലും  കടത്തി
ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ
ഒരു നിമിഷാർദ്ധം പോലും
വേണ്ടാത്ത ചെപ്പടിവിദ്യക്കാരൻ.

അതുകൊണ്ടല്ലേ  മറവിയുടെ
മൂടലിൽ പെട്ടു പോയ ചില ഓർമ്മകൾ
ഗന്ധങ്ങളിലൂടെ സഞ്ചരിച്ച് 
കണ്ണും നെഞ്ചും മനസ്സുo നിറക്കുന്നത്..
ഓർമ്മകളെ അടയിരുത്തും
ഗന്ധങ്ങൾ.

പുതിയ പുസ്തകത്തിന്റെ ഗന്ധത്തിനുള്ളിലുണ്ട്
എണ്ണമറ്റ ഓർമ്മകൾ
ഒരു സ്കൂൾ മുഴുവൻ
അതിൽ നിറച്ചു വച്ചിട്ടുണ്ടാകും.
ബാഗിന്റെ,
യൂണിഫോമിന്റെ,
കുത്തിയൊഴുകുന്ന മഴയിൽ     
നനഞ്ഞ വർണ്ണക്കുടകൾ
നെഞ്ചോടു ചേർത്ത ഗന്ധം.
മടക്കിപ്പിടിച്ച കയ്യിലെ 
ചെമ്പകയിതളുകളുടെ ഗന്ധം.
സ്കൂൾ മുറ്റത്തെ മാവിനോട്‌
ചേർന്ന  ഉച്ചക്കഞ്ഞിയുടെ
രുചി മണത്തിനൊപ്പം 
ഓടി വീണ് പൊട്ടിയ മുട്ടിന്റെ
വേദനയുണ്ടായിരുന്നു.
പഠിച്ചു തീരാത്ത പരീക്ഷാത്തലേന്നുകളിലെ
പേടി മണം.
 
കിട്ടാതെ പോയ
കൊടുക്കാൻ മടിച്ച
പ്രണയലേഖനങ്ങൾക്ക്
നഷ്ടപ്രണയത്തിന്റെ ഗന്ധം.
ആട്ടിത്തെളിച്ചു പോവുന്ന താറാവിൻപറ്റം
കണക്കെയങ്ങനെ
നിരയായി വരിയായി
മുന്നിൽ വരുന്ന ഗന്ധങ്ങൾ.

മണങ്ങൾ  അപ്രതീക്ഷിതമായി
കടന്ന് വരുന്നവയാണ്.
തുറന്ന് പോയ ഒരു പൊതിച്ചോറിന്റെ
സ്നേഹമായി..
അല്ലെങ്കിൽ കഞ്ഞി പശ മുക്കി 
തേച്ചു വെച്ച വടിവൊത്ത
ഈർക്കിലി കരയുള്ള
സെറ്റുമുണ്ടിന്റെ മണത്തിനു പിന്നിലെ 
അമ്മവാത്സല്യമായി
പെട്ടി തുറക്കുമ്പോൾ  മനസ്സിൽ നിറയും..
കാലം ഓർമകൾക്ക് മീതെയിട്ട
ചാരത്തിനു മീതെ
ചിലത് മാത്രമങ്ങിനെ വാശിയോടെ
അണയാതെയൊടുങ്ങാതെ
യെരിഞ്ഞുകൊണ്ടേയിരിക്കും
കരവിരുതുകളിൽ,
കാലഘട്ടത്തിന്റെ,
അവശേഷിപ്പുകൾ തീർക്കുന്ന
എണ്ണമറ്റ ഗന്ധങ്ങൾ.
പൊട്ടിയൊഴുകുന്ന ഒരു മാങ്ങാ ചുണയുടെ
അല്ലെങ്കിൽ ആണി കൊണ്ട് തുള വീഴ്ത്തി
കുടഞ്ഞിടുന്ന കുട്ടിക്കൂറ
പൌഡർന്റെ മണങ്ങൾക്കു
എത്ര എത്ര കുട്ടിയോർമ്മകളും
കാറ്റിൽ നിറക്കാൻ ഉണ്ടാവും? 

കാലം ഒഴുകുന്നതിനൊപ്പം
സഞ്ചരിക്കുന്ന ഓർമ്മകൾക്ക്
പുറകിലുമുണ്ടാവും എപ്പോളും
ഒരു ഏഴു തിരി വിളക്കെരിയുന്ന ഗന്ധവും.

ഹൃദയത്തിൽ  സൂക്ഷിക്കുന്ന
എന്റെ മാത്രം  ഗന്ധങ്ങൾ. 
തനിച്ചിരിക്കുമ്പോൾ ആകാശത്തിന്റെ 
കോണിൽ നിന്നു മനസ്സിലേക്കൊരു
നിലാവിന്റെ കീറ് പോലെ പെയ്തിറങ്ങുന്ന
ചില ഗന്ധങ്ങൾ.

നല്ലൊരു ഇന്ത്യൻ കോഫിയുടെ
അല്ലെങ്കിൽ ചെറുനാരങ്ങയുടെ മണത്തിൽ 
അച്ഛന്റെ പഴയ തോൾ സഞ്ചിയുണ്ട്.
അതിൽ കുട്ടികൾക്ക് അച്ഛൻ
കൊണ്ടു തരാറുള്ള വറുത്ത കപ്പലണ്ടിയും
മാതൃഭൂമി ആഴ്ചപ്പതിപ്പും സൂചിമുഖിയുമുണ്ട്.

ഓർത്തു നോക്കു നിങ്ങൾ
നിങ്ങളുടെ  ഹൃദയത്തിലെ
പൊടി പിടിച്ച ഓർമകൾക്ക് പുറകിലെ
മഴവില്ലിൻ അഴകുള്ള മണങ്ങളെ..
പിന്നെയും പിന്നെയും നമ്മെ ചൂഴ്ന്നു നിൽക്കുന്ന,
തിരിച്ചറിയപ്പെടാത്ത  വാക്കുകളിൽ
വിവരിക്കാനാകാത്ത,
അനുഭൂതി പകരുന്ന  മണങ്ങൾ..
അതിനു പിന്നിൽ
അടിത്തട്ട് കാണാത്ത ഓർമകളുടെ
കലവറ തന്നെ ഉണ്ടാവും.
അവിടെ ക്ലാവ് പിടിച്ച
ഓട്ടു വിളക്ക് പോലെ നിറം മങ്ങി
എന്തിന്റെയൊക്കെയോ അവശേഷിപ്പുകൾ
പോലെ മരവിച്ച് കിടക്കുന്ന 
ഇന്നലെകളുണ്ടാകും.

ഇനിയൊരു ഗന്ധത്തിനും
നിനക്കവകാശമില്ലെന്ന മട്ടിൽ വന്നു ചേരുന്ന
രണ്ടു പഞ്ഞി തുണ്ടുകളുടെ
അഹങ്കാരത്തിനുമപ്പുറം 
നമ്മെ പിൻ തുടരുന്ന തീക്ഷ്ണ ഗന്ധങ്ങൾ
ഏതായിരിക്കും? 
ആ മഹാപ്രളയജലത്തിന്റെ മണം ആയിരിക്കുമോ.. 
അതോ എരിയുന്ന ചിതയുടെയോ??


ഗന്ധങ്ങൾ ( കവിത: അനിതാ നരേൻ)
Join WhatsApp News
Shibu manchery 2020-06-03 06:19:53
Well done ani👏👏
കുറുമാൻ 2020-06-03 06:31:47
ആഹ, എന്തൊരു സൗരഭ്യമാണു. നല്ല എഴുത്ത്‌. ഗംഭീരം. ഇനി എഴുതികൊണ്ടേയിരിക്കൂ
രാക്ഷസൻ 2020-06-03 09:05:53
ഒരു കവിത എന്നതിനും അപ്പുറം "എന്റെ ബാല്യകാല സ്മരണ" എന്ന തലകെട്ടിൽ വരുന്ന ഒരു ആത്മകഥയുടെ സുന്ദരമായ ഒരു അധ്യായം പോലെ വായിക്കുവാനാണ്.... അത്രയ്ക്ക് നിറഞ്ഞു നിൽക്കുന്ന ഒരു സുന്ദര ബാല്യത്തിന്റെ ഓർമകൾ........ ഹൃദ്യം സുന്ദരം
പെണ്ണ് എഴുതിയാല്‍ 2020-06-03 12:01:10
സുന്ദരി പെണ്ണിന്‍റെ എഴുത്ത് കണ്ടാല്‍ ....പിന്നെ കസ്തുരി മാനിന്‍റെ മണം കിട്ടിയ കാള മാന്‍ പോലെ - മുക്ര ഇട്ട് ഓടുന്നു ചിലര്‍ - സരസമ്മ. NY
സജിത്ത് നരേൻ 2020-06-04 01:44:49
KP അനിതച്ചമ്മ കലക്കി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക