Image

വൈറ്റ്‌ഹൗസിന്‌ സമീപത്തടക്കം പലയിടത്തും പ്രക്ഷോഭകർ സർക്കാർ മന്ദിരങ്ങളിൽനിന്ന്‌ അമേരിക്കൻ പതാകയഴിച്ച്‌ കത്തിച്ചു

Published on 02 June, 2020
വൈറ്റ്‌ഹൗസിന്‌ സമീപത്തടക്കം പലയിടത്തും പ്രക്ഷോഭകർ സർക്കാർ മന്ദിരങ്ങളിൽനിന്ന്‌ അമേരിക്കൻ പതാകയഴിച്ച്‌ കത്തിച്ചു

വാഷിങ്‌ടൺ:പൊലീസ്‌ നടത്തിയ വംശീയ കൊലപാതകത്തിനെതിരെ വ്യാപിച്ച പ്രതിഷേധം അമേരിക്കയിൽ 140 നഗരത്തിലെങ്കിലും ശക്തമായതായി വാർത്താ ഏജൻസി റിപ്പോർട്ട്‌ ചെയ്‌തു. ഇതിൽ കടുത്ത അക്രമങ്ങൾ നടക്കുന്ന നാൽപ്പതോളം നഗരത്തിൽ കർഫ്യൂ ഏർപ്പെടുത്തി‌. ദിവസങ്ങളായി വൈറ്റ്‌ഹൗസിനു പുറത്ത്‌ തടിച്ചുകൂടിയ പ്രക്ഷോഭകർ വർണവെറിയനായ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെതിരെ മുദ്രാവാക്യം മുഴക്കി പലയിടത്തും തീയിട്ടു. സ്ഥിതി വഷളായേക്കുമെന്നു ഭയന്ന്‌ അംഗരക്ഷകർ ട്രംപിനെയും ഭാര്യ മെലാനിയെയും മകൻ ബാരണെയും വൈറ്റ്‌ഹൗസിലെ ഭൂഗർഭ നിലവറയിൽ ഒളിപ്പിച്ചതായി സിഎൻഎൻ റിപ്പോർട്ട്‌ ചെയ്‌തു.

കറുത്തവംശജനായ ജോർജ്‌ ഫ്‌ളോയ്‌ഡിനെ പൊലീസുകാർ വിലങ്ങണിയിച്ച്‌ തെരുവിൽ കിടത്തി കാൽമുട്ട്‌ കഴുത്തിലമർത്തി ശ്വാസം മുട്ടിച്ചുകൊന്നിട്ട്‌ ഒരാഴ്‌ച പിന്നിട്ടു. ഇതിനെതിരെ ആരംഭിച്ച പ്രക്ഷോഭത്തിൽ അമേരിക്ക കത്തുകയാണ്‌. പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. രണ്ടു ഡസനിൽപ്പരം നഗരങ്ങളിലായി 2564 പേരെ അറസ്‌റ്റുചെയ്‌തിട്ടുണ്ട്‌. ഇതിൽ അഞ്ചിലൊന്നും ലൊസ്‌ ആഞ്ചലസിലാണ്‌.

വൈറ്റ്‌ഹൗസിന്‌ സമീപത്തടക്കം പലയിടത്തും പ്രക്ഷോഭകർ സർക്കാർ മന്ദിരങ്ങളിൽനിന്ന്‌ അമേരിക്കൻ പതാകയഴിച്ച്‌ കത്തിച്ചു. വൈറ്റ്‌ഹൗസിനു പുറത്ത്‌ പ്രക്ഷോഭകർ പ്രധാന മന്ദിരങ്ങളുടെ ജാലകങ്ങൾ തകർത്തു. കാറുകൾ കത്തിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ്‌ കണ്ണീർവാതകം പ്രയോഗിച്ചു. ട്രംപിനെ ബങ്കറിൽ ഒളിപ്പിച്ചത്‌ വെള്ളിയാഴ്‌ചയാണെന്ന്‌ വൈറ്റ്‌ഹൗസുമായി അടുപ്പമുള്ള റിപ്പബ്ലിക്കൻ പാർടി നേതാവ്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.

കലിഫോർണിയയിൽ സർക്കാർ മന്ദിരങ്ങൾ അടയ്‌ക്കാൻ ഉത്തരവിട്ടു. ചിലയിടത്ത്‌ സമാധാനപരമായി നടക്കുന്ന പ്രകടനങ്ങളെ പൊലീസ്‌ അക്രമിക്കുന്നത്‌‌ സ്ഥിതി വഷളാക്കി. അവസരം മുതലാക്കി ചിലർ ബാങ്കുകളും ആഭരണശാലകളും മറ്റും കൊള്ളയടിക്കുന്നുണ്ട്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക