Image

നമോവാകം കൊറോണാ! (വാസുദേവ് പുളിക്കല്‍)

Published on 01 June, 2020
നമോവാകം കൊറോണാ! (വാസുദേവ് പുളിക്കല്‍)
കൊറോണാക്ക് പുകഴ്ത്തു പാട്ടു പാടിക്കൊണ്ട് "നമോവാകം കൊറോണാ'' എന്നു സംബോധന ചെയ്ത്  കൊറോണായെ സ്വീകരണമുറിയിലിരുത്തി സല്‍ക്കരിക്കുന്ന ചിലരുണ്ട്. അവരുടെ "നമോവാക'ത്തിന്റെ ധ്വനി കേള്‍ക്കുമ്പോള്‍ കൊറോണായുടെ സ്ഥാനത്ത് ഓര്‍മ്മയില്‍ വരുന്നത് ഏദന്‍ തോട്ടത്തില്‍ പാപക്കനികള്‍ നല്‍കി ഹവ്വായുടെ ജീവിതം താറുമാറാക്കിയ സൂത്രശാലിയായ സര്‍പ്പത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട സാത്താനെയാണ്. യേശുദേവനെ പരീക്ഷിക്കാനും സാത്താനെത്തി. യേശുക്രിസ്തുവിന് ജ്ഞാനോദയം ഉണ്ടാകുന്നതിനു മുമ്പായി സാത്താന്‍ അദ്ദേഹത്തെ ഒരു മലമുകളില്‍ കൊണ്ടുപോയി ലോകസൗഭാഗ്യം മുഴുവന്‍ കാട്ടിക്കൊടുത്തുകൊണ്ട് തന്നെ നമസ്കരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സാത്താന്റെ സൂത്രം മനസ്സിലാക്കി മൂന്നു ലോകത്തിലുമുള്ള സമസ്ത ഐശ്വര്യങ്ങളേയും യേശുദേവന്‍ വിലയില്ലാത്തതായി തള്ളിക്കളഞ്ഞതില്‍ നിന്ന് സാത്താനെപ്പോലുള്ള നികൃഷ്ടജീവികളെ നമസ്കരിച്ച് തരം താഴ്ന്നു പോകരുതെന്ന സന്ദേശം ലഭിക്കുന്നു. ഇതുപോലെ തമസ്സ് മനസ്സിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി കാണാം. ഉണര്‍ന്നിരിക്കുമ്പോള്‍ തന്നെ ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ഗോചരമാകുന്ന തത്കാലികമായ അനുഭൂതികളിലെ രസാസ്വാദനംകൊണ്ട് തമസ്സില്‍ ഒളിഞ്ഞു കിടക്കുന്ന ദുഃഖജന്യമായ വാസനകള്‍ തത്കാലം മനസ്സിനെ പീഢിപ്പിക്കുമെങ്കിലും മനസ്സിന് വിവേചനശക്തിയുള്ളതുകൊണ്ട് മനസ്സ് വീണ്ടും യഥാസ്ഥാനത്തേക്ക് തിരിച്ചു വരുന്നു. തമസ്സിന് ഭയത്തേയും ആകാംക്ഷയേയും ഉണ്ടാക്കാന്‍ സാധിക്കും. തമസ്സ് മനസ്സിന്റെ തെളിമ ഇല്ലാതാക്കി ചിന്തയെ വികലമാക്കുകയും ഭയഹേതുകങ്ങളായ കല്‍പനകളെ ഉണ്ടാക്കാന്‍ ഇടയാക്കുകുയും ചെയ്യുന്നുവെങ്കിലും മനസ്സ് അത് തിരിച്ചറിയുന്നു. പ്രതികൂല സാഹചര്യങ്ങളെ മനസ്സിലാക്കാനും അവയെ തരണം ചെയ്യാനുമുള്ള മനസ്സാന്നിദ്ധ്യം നേടിയെടുക്കാന്‍ ശ്രമിക്കണം.
    
കാറ്റുവിതച്ച് സൃഷ്ടിക്കുന്ന കൊടുംങ്കാറ്റിന്റെ ശീല്‍ക്കാരത്തെ സംഗീതധ്വനിയായി കണക്കാക്കി ആരെങ്കിലും ആസ്വദിക്കുന്നുണ്ടെങ്കില്‍ അത് സംഗീതത്തിന്റെ ശ്രുതിയില്‍ വരുന്ന സപ്തസ്വരങ്ങളിലുള്ള അജ്ഞതമൂലമാണ്. വീണക്കമ്പികള്‍ മീട്ടുമ്പോഴുണ്ടാകുന്ന ആദ്യത്തെ ശബ്ദം ശ്രുതിയാണ്.  സ്വരം ഒരുവന്റെ ആത്മാവിനെ ആനന്ദിപ്പിക്കുന്നു. നാദം ആത്മവിലേക്ക് തിരിയുമ്പോള്‍ സ്വരമായി ഭവിക്കുന്നു എന്ന് സംഗീതജ്ഞനായ സാരംഗദേവന്‍ തന്റെ സംഗീതരത്‌നാകരത്തില്‍ കുറിച്ചിട്ടിരിക്കുന്നു. കൊടുങ്കാറ്റിന്റെ ശീല്‍ക്കാരത്തില്‍ സംഗീതമോ രസമോ കലര്‍ന്നിരിക്കുന്നുവെങ്കില്‍ അത് മനസ്സിലാക്കാനോ ആസ്വദിക്കാനോ സാധാരണക്കാര്‍ക്ക് കഴിയുകയില്ല. കൊടുങ്കാറ്റ് അവരുടെ മനസ്സില്‍ ഉണ്ടാക്കുന്ന വികാരം ഭയമാണ്. അവരില്‍ കൊറോണാ ഉണ്ടാക്കുന്ന വികരവും ഭയം തന്നെ. ഭയത്തെ ജനിപ്പിക്കുന്ന തമസ്സു പോലെയാണ് കൊറോണാ. മനുഷ്യന്‍ വരാനിടയുള്ള എല്ലാ ഭയങ്ങളേയും മുന്നില്‍ കണ്ടുകൊണ്ട് പ്രതിരോധനിരകള്‍ സൃഷ്ടിക്കുന്നതില്‍ വ്യാപൃതനായിരിക്കുന്നുവെങ്കിലും കൊറോണാ വാഴ്ത്തപ്പെടുമ്പോള്‍ ഭീതിപൂണ്ട് അവന്‍ അമ്പരന്നു നില്‍ക്കുകയാണ്. ഇമ്മ്യുണിറ്റിയാണെത്രെ ലക്ഷ്യം. ജീവിച്ചിരുന്നിട്ടുവേണ്ടേ ഇമ്മ്യൂണിറ്റിയെപ്പറ്റി ചിന്തിക്കാന്‍.  നാശം വിതച്ചുവെങ്കിലും നന്മയുണ്ടല്ലോ എന്നാണ് ചിലരുടെ ചിന്ത. കൊറോണാ ബാധിതരായി മതാപിതാക്കന്മാര്‍ മരണമടയുന്നതു മൂലം അനാഥരും നിരാലംബരുമാകുന്ന കുട്ടികള്‍ സമൂഹത്തിന്റെ ചിന്തയെ അലോസരപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ ഇതു കൊറോണായുടെ നന്മയോ എന്ന ചോദ്യത്തിനു നേരെ കൊറോണാ പ്രേമികള്‍ കണ്ണടക്കുന്നു. സമൂഹത്തിന് സ്വീകാര്യമായ ഒരു മറുപടി നല്‍കാന്‍ കഴിയാതെ അവര്‍ കുഴങ്ങുന്നു. മനുഷ്യന്റെ വിശേഷത, കാണുന്നതും കേള്‍ക്കുന്നതും വിശകലനം ചെയ്ത് അതിന് അര്‍ത്ഥവ്യഖ്യാനം ചെയ്യാന്‍ കഴിയുന്നു എന്നതാണ്. കൊറോണായുടെ കാര്യത്തില്‍ അതിന്റെ സ്ഥിതിഗതികള്‍ മനസ്സിലാക്കി ഒരര്‍ത്ഥവ്യഖ്യാനം നല്‍കുന്നതില്‍ പലരും പരാജയപ്പെടുന്നതായിട്ടാണ് കാണുന്നത്. കൊറോണായെ അകറ്റി നിര്‍ത്താന്‍ ചെയ്ത ഷട്ട് ഡൗന്‍ (shut down) മൂലം ലക്ഷക്കണക്കിനാളുകളുടെ ജോലി നഷ്ടപ്പെടുകയും അവരുടെ കുടുംബം പട്ടിണിയിലാവുകയും, നഷ്ടപ്പെട്ട ജോലി തിരിച്ചു കിട്ടാനുള്ള സാധ്യത വിദൂരത യില്‍ പോലും കാണാന്‍ സാധിക്കാത്ത ദുരവസ്ഥ സംജാതമാവുകയും ചെയ്തത് കൊറോണാ സൃഷ്ടിച്ച വിനയാണെന്ന് തിരിച്ചറിയാതെ അതു നന്മയാണെന്ന് വ്യാഖ്യാനിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് അനുഭവത്തിന്റെ ആവര്‍ത്തനമനുസരിച്ച് തെറ്റിനേയും ശരിയേയും പറ്റി ഒരു സാമാന്യബോധമങ്കുരിച്ച് ശരിയിലേക്ക് തിരിയുന്ന രീതി ബലവത്താക്കിത്തിര്‍ക്കുന്നതില്‍ കൊറോണാ അനുഭാവികള്‍ പരാജയപ്പെടുന്നു എന്നാണ്. കൊറോണ വന്നോട്ടെ, പ്രതിരോധശേഷി വര്‍ദ്ധിക്കുമക്ലോ എന്ന് കരുതുന്നവര്‍ കൊറാണാ വൈറസ്സ് ശരീത്തില്‍ കുത്തിവച്ച്് കോവിഡ് ഏറ്റുവാങ്ങി ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിക്കാതെന്ത്യേ? മറിച്ച് അവര്‍ പുറത്തിറങ്ങാതെ വീട്ടില്‍ത്തന്നെ കുത്തിയുരുന്ന് കൊറോണാ വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സമര്‍ത്ഥമായി എടുക്കുകയാണ് ചെയ്യുന്നത്. എന്തൊരു വിരോധാഭാസം!
    
കൊറോണാ ബാധിച്ച് മരണമടഞ്ഞ മാതാപിതാക്കളുടെ കുട്ടികളെ കാണുമ്പോള്‍ സാധാരണ ജനങ്ങള്‍ വ്യാകുലരാകുന്നു. ഇതൊക്കെ കാണുമ്പോള്‍ കൊറോണാ വാന്നോട്ടെ എന്ന നിലപാട് സ്വീകരിക്കുന്നവരുടെ മാനസികാവസ്ഥ നമ്മേ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആര്‍ക്കും എന്തു വേണമെങ്കിലും ചിന്തിക്കുകയും പറയുകയും ചെയ്യാമല്ലോ. എന്താണ് മരണമെന്ന് ഭാരതീയ ഋഷിമാര്‍ നമുക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്. പഞ്ചഭൂതനിര്‍മ്മിതമായ ശരീരത്തിന്റെ നാശമാണ് മരണം. ശരീരത്തില്‍ നിവസിക്കുന്ന നിത്യനും അദൃശ്യനുമായ ആത്മാവ് മരിക്കുന്നില്ല, അതുകൊണ്ട് മരണത്തെപ്പറ്റി ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല എന്നറിയാമെങ്കിലും മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ അനാഥത്ത്വം ഇല്ലാതാകുന്നില്ല. അവരുടെ മതാപിതാക്കളുടെ വിയോഗം ഭയാനകവും ആശങ്കാനിര്‍ഭരവുമായ വികാരമാണ് സാധാരണക്കാരില്‍ ഉണ്ടാക്കുന്നത്. നിത്യതയുടെ മഹാസാഗരത്തില്‍ ഉണ്ടായി വരുന്ന തരംഗം പോലെയാണ് ജീവിതം. ഉയര്‍ന്നു പൊങ്ങിയ വെള്ളിനുരകള്‍ ആകാശത്തിലേക്കുയര്‍ത്തുന്ന മഹാതരംഗത്തെ കാണുമ്പോഴും അത് അധികം താമസിയാതെ നീലക്കടലിന്റെ ആഴത്തില്‍ ഉറങ്ങാന്‍ പോകുമെന്നറിയാം. ഒരു ജ്ഞാനി മരണത്തെയോര്‍ത്ത് പരിഭ്രാന്തനാകുന്നില്ല. വേഗം തന്നെ കര്‍മ്മത്തിന്റെ പൂര്‍ത്തീകരണത്തിനായി തിരിച്ചു വരുമെന്ന് അവന്‍ പ്രത്യാശിക്കുന്നു. ഇങ്ങനെയൊക്കെ താത്ത്വികമായി ചിന്തിക്കാമെങ്കിലും നാശം വിതക്കുകയും ജനങ്ങളെ മരണത്തിലേക്കെത്തിക്കുകയും ചെയ്യുന്ന കൊറോണായെ പുകഴ്ത്തുന്നതു കാണുമ്പോള്‍ അവന്റെ മനസ്സ് പിടക്കുന്നു. കൊറാണാബാധിതരായതിനു ശേഷം രക്ഷപ്പെട്ടവരെല്ലാവരും കോറോണാ വന്നത് അനുഗ്രഹമായി എന്നു പറഞ്ഞു കേള്‍ക്കുന്നില്ല. മറിച്ച് രോഗം മാറിയിട്ട് ഏറെ നാളുകള്‍ കഴിഞ്ഞെങ്കിലും ശരീരത്തിന്റെ ക്ഷീണം മാറുന്നില്ല എന്നാണ് അവര്‍ പരാതിപ്പെടുന്നത്. ശരീരത്തിന്റെ ബലഹീനത മാറാന്‍ ഇനി എത്രനാളെടുക്കുമെന്നും അവര്‍ വ്യാകുലപ്പെടുന്നു. ചുരുക്കം ചിലര്‍ അനുകൂലമായി സംസാരിക്കുന്നുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കാന്‍ ആര്‍ക്കാണ് സാധിക്കുക?
    
കോവിഡ് പിടിപെട്ട് വെന്റിലേറ്ററില്‍ കിടക്കേണ്ടി വരുന്നവരുടെ ദുരിതപൂര്‍ണ്ണമായ അവസ്ഥയെപ്പറ്റി കോവിഡ് ഡിപ്പര്‍ട്ട്‌മെന്റില്‍ വെന്റിലേഷന്‍ സെക്ഷനില്‍ ജോലി ചെയ്യുന്ന ഒരു നേഴ്‌സിനെ ഉദ്ധരിക്കട്ടെ, " വെന്റിലേറ്റര്‍ എന്നാല്‍ നിങ്ങളുടെ മൂക്കിലോ വായിലോ ഓക്‌സിജന്‍ തരുവാന്‍ ഘടിപ്പിക്കുന്ന ഒരു കുഴല്‍ അല്ല. നിങ്ങള്‍ക്ക് അതു ഘടിപ്പിച്ചുകൊണ്ട് പത്രമോ മാസികയോ വായിച്ചുകൊണ്ട് സുഖമായി കിടക്കാന്‍ കഴിയുമെന്ന് കരുതരുത്. കോവിഡ് 19 നു ഘടിപ്പിക്കുന്ന വെന്റിലേറ്റര്‍ നിങ്ങളുടെ തൊണ്ടയിലൂടെ ശ്വാസകോശത്തിന്റെ അതിരുവരെ എത്തുന്ന, വേദനയും അസ്വസ്ഥതയും ഉണ്ടാക്കുന്ന ഒരു കുഴലാണ്. അനസ്‌ത്യേഷ്യ കൊടുത്താണ് അത് ഘടിപ്പിക്കുന്നത്. ആഥവ നിങ്ങളെ ബോധം കെടുത്തിയാണ് ചെയ്യുന്നത്. നിങ്ങള്‍ ആരോഗ്യത്തിലേക്ക് തിരിച്ചു വരുന്നതുവരെയോ മരിക്കുന്നതു വരെയോ ഈ കുഴല്‍ സംവിധാനം മാറ്റുകയില്ല. രണ്ടുമൂന്നു ആഴ്ചകളോളം ഒരു ചലനവുമില്ലാതെ ശ്വസനയന്ത്രത്തിന്റെ താളത്തിനൊത്തു മാത്രം ചലിക്കുന്ന ഒരു ശ്വാസകോശവുമായിക്കിടക്കണം. അഥവ നിങ്ങളുടെ ശ്വാസകോശമാണ് വെന്റിലേറ്റര്‍ മെഷീന്‍. നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയുകയില്ല, ഭക്ഷണം കഴിക്കാന്‍ കഴിയുകയില്ല. സ്വാഭാവികമായി ഒരു ചലനവുമില്ലാതെ കിടക്കണം. യന്ത്രം ചലിക്കുന്നതുകൊണ്ടു മാത്രം ജീവന്‍ നിലനില്‍ക്കുന്നു. അങ്ങനെ മനസ്സിലാക്കിയാല്‍ മതി. വേദനസംഹാരികളും മരവിപ്പുണ്ടാക്കുന്ന മരുന്നുകളും വേദനയും അസ്വസ്ഥതയും കുറക്കാന്‍ ഇടിക്കിടെ തരും. അതൊരു നിര്‍ജ്ജീവാവസ്ഥ (coma) പോലെയാണ്. ഇരുപതു ദിവസം ഈ ചികത്സയില്‍ കഴിയുന്ന ഒരാള്‍ക്ക് തന്റെ പേശികളുടെ ബലം നാല്‍പ്പതു ശതമാനം ക്ഷയിക്കും. വായ്, തൊണ്ട, ശബ്ദം ഇവക്ക് മാന്ദ്യവും മരവിപ്പുമുണ്ടാകും. അതോടൊപ്പം ഹൃദയത്തിനും ശ്വാസകോശങ്ങള്‍ക്കും ഒക്കെ മാന്ദ്യം ഉണ്ടാകും. ഇതു കാരണമാണ് കോവിഡ് 19 ബാധിച്ചവരില്‍ വൃദ്ധരായവര്‍ ഈ ചികത്സ താങ്ങാനാവാതെ മരിക്കുന്നത്. നാം ഇന്ന് ഈ കപ്പലിലാണ്. അതുകൊണ്ട് ആ അവസ്ഥയിലേക്ക് എത്തിപ്പെടാതെ ശരീരം കാത്തുകൊള്ളുക. പരമാവധി സൂക്ഷിക്കുക" ഇങ്ങനെയുള്ള ദുരിതങ്ങളിലൂടെ കടന്നുപോയി ഒടുവില്‍ രക്ഷപ്പെടുന്നവര്‍ കോവിഡ് വരുന്നത് നല്ലത് എന്നു പറയുകയില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഭക്തിഹീനര്‍ക്ക് മുക്തി ലഭിക്കുകയില്ല എന്നു പറയുന്നതുപോലെ യുക്തിപരമായി ചിന്തിക്കാത്തവര്‍ക്ക് കോറോണായുടെ ഭീകരത മനസ്സിലാക്കാന്‍ സാധിക്കുകയിക്ല. 1918 ലോകമെമ്പാടും പടര്‍ന്നു പിടിച്ച സ്പാനിഷ് ഫ്‌ളൂ ലക്ഷക്കണിക്കിന് ജനങ്ങളുടെ മരണത്തിനു കാരണമായെങ്കിലും ഫ്‌ളൂ നിരോധിക്കാന്‍ വാക്‌സിന്‍ കണ്ടു പിടിച്ചതുപോലെ കൊറോണ ബാധിച്ച്് കോടികള്‍ മരിച്ചാലും കോവിഡിന് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ സമാധാനമായല്ലോ എന്നു ചിന്തിക്കുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ആഗ്രഹിക്കുന്നത് കൊറോണാ ബാധിക്കരുത് എന്നു തന്നെയാണ്. തെളിഞ്ഞ ജലാശയം കലക്കിയിട്ട് തെളിയാന്‍ കാത്തിരിക്കാതെ വെള്ളം കലക്കാതിരിക്കുന്നതാണ് നല്ലത് എന്നു ചിന്തിക്കുന്നതല്ലെയുത്തമം.
    
കോവിഡ് 19 വന്നാല്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെപ്പറ്റി  വിവരമുള്ളവര്‍ പറയുന്നതു മനസ്സിലാക്കാതെ രോഗം വന്നോട്ടെ എന്ന് അവിവേകം പുലമ്പുന്നവരോട് സഹതപിക്കാനേ നിവൃത്തിയുള്ളൂ. കൊറോണായുടെ മുഖം ഭീഭത്സമാണ്. ആ ഭീഭത്സതയിലും സൗന്ദര്യമുണ്ടെന്നു പറയുന്നത് ആത്മാര്‍ത്ഥതയുടെ കണിക പോലുമില്ലാത്ത പ്രസ്താവനയാണെന്നു വേണം കരുതാന്‍. കൊറാണായുടെ മുഖം ശോഭയുള്ളതാക്കിത്തീര്‍ക്കാന്‍ എത്ര വിശേഷപ്പെട്ടതും ആകര്‍ഷണീയവുമായ ആവരണമണിയിച്ചാലും കൊറോണായുടെ മുഖം ആവരണം മാറ്റിയാല്‍ വികൃതമായിത്തന്നെ കാണപ്പെടും. അന്ത്യസമയത്ത് പരിപൂര്‍ണ്ണമായ ആത്മാനന്ദം വരുമാറ് ഈശ്വരനെ മാത്രം മനസ്സില്‍ പ്രതിഷ്ഠിച്ച് മുക്തനാകാന്‍ ആഗ്രഹിക്കുന്നവര്‍ കൊറോണായുടെ ഭീകരമുഖം കണ്ട് ഭയവിഹ്വലരായി മരിക്കേണ്ടി വരുന്ന അവസ്ഥ എത്ര ദയനീയം. അതുകൊണ്ട്, കൊറോണായെ സ്വാഗതം ചെയ്യാതെ വിവരമുള്ളവര്‍ പറയുന്നതു കേട്ട് കൊറോണായെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തുക. കൊറോണായെ പാടിപ്പുകഴ്ത്തുകയും തദ്വാര മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നേരത്ത് കൊറോണായെ സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റിത്തരാന്‍ ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കുന്നതായിരിക്കും ഉചിതകം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക