Image

പ്രവേശനോല്‍സവം കോവിഡിന്; പഠിക്കലും പഠിപ്പിക്കലും ഇനി വീട്ടില്‍ (ശ്രീനി)

Published on 01 June, 2020
പ്രവേശനോല്‍സവം കോവിഡിന്; പഠിക്കലും പഠിപ്പിക്കലും ഇനി വീട്ടില്‍ (ശ്രീനി)

ഇന്ന് ജൂണ്‍ ഒന്ന്. ഓര്‍മ വച്ച കാലം മുതല്‍ നാം പിന്തുടര്‍ന്നു പോന്ന ഒരു പതിവ് തെറ്റിയ ദിവസം. ഒപ്പം ഒരു പുതു പരീക്ഷണത്തിന് തുടക്കം കുറിച്ച ചരിത്ര ദിനവുമാണിന്ന്. മധ്യവേനലവധിയുടെ കളിയാവേശങ്ങള്‍ അടങ്ങി കേരളത്തിലെ സ്‌കൂളുകള്‍ തുറക്കുന്ന ദിവസമാണ് ജൂണ്‍ ഒന്ന്. കാലവര്‍ഷം കണക്കുതെറ്റാതെ എത്തി പെയ്തു തുടങ്ങുകയാണ് ഇന്നു മുതല്‍. പുതിയ ഉടുപ്പ് ഇട്ട് പുത്തന്‍ കുട ചൂടി പുസ്തകബാഗും തോളില്‍ തൂക്കി മണ്‍സൂണ്‍ മഴയിലൂടെ സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളുടെ കലപിലാരവങ്ങള്‍ ഉയരുമ്പോള്‍ അതൊരു പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ നാന്ദി കുറിക്കലാവുന്നു.

എന്നാല്‍ കുരുന്നുകളുടെ ശബ്ദകോലാഹലങ്ങള്‍ ഇല്ലാതെ സംസ്ഥാനത്തെ സ്‌കൂളുകളെ ചുറ്റിപ്പറ്റി മൂകത തളം കെട്ടി നില്‍ക്കുന്നു. പ്രവേശനോത്സവം ഒരോര്‍മ്മയായി മാറുമ്പോള്‍ കൊറോണ വൈറസ് ഓണ്‍ലൈന്‍ ക്ലാസുകളെടുക്കാന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു. ഓണ്‍ ലൈന്‍ അദ്ധ്യയനത്തിന്റെ ആരംഭം ഒരു പുതു ചരിത്രം ചമയ്ക്കലാണ്. വിദ്യാഭ്യാസ രംഗത്ത് വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണിവിടെ. ലോകോത്തര വിദ്യാഭ്യാസം നേടാനുള്ള സ്മാര്‍ട് അദ്ധ്യയനത്തിലേക്ക് കേരളമൊന്നാകെ ഇതാദ്യമായി പ്രവേശിച്ചിരിക്കുന്നു.

കോരിച്ചൊരിയുന്ന മഴയത്ത് കുഞ്ഞ് മക്കളില്‍ ചിലര്‍ സന്തോഷത്തോടെയും മറ്റു ചിലര്‍ തെല്ലു ദുഖത്തോടെയും വിദ്യാലയ മുറ്റത്തേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ ക്ലാസ് മുറികള്‍ക്ക് ജീവന്‍ വയ്ക്കുന്നു. അദ്ധ്യാപകര്‍ പുത്തന്‍ അറിവിന്റെ പാഠങ്ങള്‍ പകര്‍ന്നു കൊടുക്കുമ്പോഴും കളി ചിരികളുടെ ശബ്ദം മാറ്റൊലി കൊള്ളുന്ന വിദ്യാലയ അന്തരീക്ഷം കോവിഡ് കാലത്ത് നമുക്ക് നഷ്ടമായിരിക്കുന്നു. ക്ലാസ് മുറികള്‍ മൂകമാകുമ്പോള്‍ അദ്ധ്യാപകരുടെ മനസ്സും വൈകാരിക തലത്തില്‍ നിശബ്ദമാകുന്നു.

അദ്ധ്യാപകര്‍ പാഠങ്ങള്‍ പറഞ്ഞുകൊടുക്കുക, വിദ്യാര്‍ത്ഥികള്‍ സംശയം ചോദിക്കുക, ഉഴപ്പുന്ന വിദ്യാര്‍ത്ഥികളെ ശകാരിക്കുക, കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുക... ഇങ്ങനെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ആരോഗ്യകരമായ ബന്ധം നിലനിന്നിരുന്ന കാലം പതുക്കെ പിന്നോട്ടു പോവുകയാണ്. ഇന്ന് അദ്ധ്യാപകര്‍ ഒരിടത്തും വിദ്യാര്‍ത്ഥികള്‍ അകലെ മറ്റൊരിടത്തുമായി ഇരിക്കുമ്പോള്‍ ഗുരു ശിഷ്യ ബന്ധത്തിന്റെ ഇമ്പത്തെക്കുറിച്ച് ഓര്‍ത്തു പോവുക സ്വാഭാവികം.

എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ഒരുക്കുക എന്നത് ആദ്യാനുഭവമാണ്. ഇവിടെ ബ്ലാക് ബോര്‍ഡിനും ചോക്കിനും ഡസ്റ്ററിനും പകരം സ്മാര്‍ട് ഫോണും ടാബും ലാപ്‌ടോപ്പും ഡെസ്‌ക് ടോപ്പും ഒക്കെ സ്ഥാനം പിടിച്ചിരിക്കുന്നു. ഇനിയെല്ലാം വാട്‌സ് ആപ്പിലൂടെയും സൂമിലൂടെയും മറ്റ് പ്ലാറ്റ് ഫോമുകളിലൂടെയുമായിരിക്കും. വിക്‌ടേഴ്‌സ് ചാനലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

എന്നാല്‍ കേരളത്തിന്റെ ആദിവാസി മേഖലകളുള്‍പ്പെടെയുള്ള പിന്നോക്ക പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുള്ള സൗകര്യങ്ങള്‍ നിലവിലില്ല. വിദ്യുഛക്തി പോലും ഇല്ലാത്ത ഇത്തരം പ്രദേശങ്ങളില്‍ അടിയന്തിരമായി സൗകര്യങ്ങള്‍ ഒരുക്കുമെന്നാണ് വ്യക്തമാക്കപ്പെട്ടിട്ടുള്ളത്.

വായനശാലകളും ഗ്രാമപഞ്ചായത്ത് ഹാളുകളും ആരാധനാലയങ്ങളുടെ ഓഡിറ്റോറിയങ്ങളും, സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പുത്തന്‍ ക്ലാസ് മുറകളാവും. നിലവില്‍ മിക്ക വിദ്യാലയങ്ങളും അവയുടെ ഹോസ്റ്റലുകളുമെല്ലാം ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ മേഖലയിലെ നവ വിപ്ലവമായ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി ടൂള്‍സ് പൂര്‍ണമായും ഉപയുക്തമാക്കുന്ന തലത്തിലേക്ക് നാം എത്തുകയാണ്.

ഈ പുതിയ സമ്പ്രദായം അവലംബിക്കേണ്ടി വരുമ്പോള്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക ഉണ്ടാകും. സ്‌കൂള്‍ ദിനങ്ങളില്‍ സുഹൃത്തുക്കളുമായി കളിയും ചിരിയുമായി കഴിഞ്ഞിരുന്ന കുട്ടികള്‍ വീട്ടിലെ മുറിയില്‍ പഠിക്കാനായി ഒറ്റയ്ക്കിരിക്കുമ്പോള്‍ മാനസികമായ സമ്മര്‍ദ്ദങ്ങളെയും അഭിമുഖീകരിച്ചേക്കാം. അത് പരിഹരിക്കുന്നതിന് കൃത്യമായ കൗണ്‍സിലിങ്ങും അത്യന്താപേക്ഷിതമാണ്. ഇനി മണിയടിയില്ല, ഇന്റര്‍വെല്ലില്ല, ഇമ്പോസിഷനില്ല, അവധികളില്ല, ''അച്ഛനെ വിളിച്ചുകൊണ്ടുവന്നിട്ട് ക്ലാസില്‍ കയറിയാമതി...'' എന്ന ഇണ്ടാസുമില്ല.

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ മനുഷ്യന്‍ ജയിക്കുമോ തോല്‍ക്കുമോ എന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നു. അതിനാല്‍ നമുക്ക് പുതിയ ജീവിതശൈലീ പാഠങ്ങള്‍ നിര്‍ബന്ധമായും പഠിക്കേണ്ടി വരുന്നു. കോവിഡിനു ശേഷം എന്ത് എന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. കാരണം, ഈ വൈറസ് ഭൂമുഖത്തു തന്നെ ഇനിയുള്ള കാലമുണ്ടാവും എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. അതുകൊണ്ട് കോവിഡിനൊപ്പം എങ്ങിനെ സമരസപ്പെട്ട് ജീവിക്കണം എന്നതായിരിക്കും ഇനിയുള്ള ചിന്ത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക