Image

അമേരിക്കയാകെ പ്രക്ഷോഭം

Published on 01 June, 2020
അമേരിക്കയാകെ  പ്രക്ഷോഭം

മിനിയാപൊളിസ്‌/വാഷിങ്‌ടൺ: നിരായുധനായ കറുത്തവംശജനെ വിലങ്ങണിയിച്ച്‌ തെരുവിലിട്ട്‌ ശ്വാസം മുട്ടിച്ച്‌ കൊന്ന പൊലീസ്‌ നിഷ്ഠുരതയ്‌ക്കെതിരെ ആറ്‌ ദിവസം മുമ്പാരംഭിച്ച പ്രക്ഷോഭം അമേരിക്കയാകെ പടർന്നു. നിരന്തരമായ വംശീയ വിവേചനവും പീഡനവും നേരിടുന്നവരുടെ രോഷത്തീയിൽ  പൊലീസ്‌ സ്‌റ്റേഷനുകളടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ചാമ്പലായി. വിവിധ സംസ്ഥാനങ്ങളിൽ നിശാനിയമം പ്രഖ്യാപിച്ചിട്ടും അക്രമങ്ങൾക്കും കൊള്ളിവയ്‌പുകൾക്കും അയവില്ല.

28 വർഷം മുമ്പ്‌ റോഡ്‌നി കിങ് സംഭവത്തെത്തുടർന്നുണ്ടായ പ്രക്ഷോഭത്തെ അനുസ്‌മരിപ്പിക്കുന്നതാണ്‌ ഇത്തവണത്തേത്‌. ജോർജ്‌ ഫ്ലോയ്‌ഡ്‌ എന്ന 46കാരനാണ്‌ കഴിഞ്ഞ തിങ്കളാഴ്‌ച പൊലീസ്‌ അതിക്രമത്തിൽ കൊല്ലപ്പെട്ടത്‌. ഇതിനെതിരെ രാജ്യമെങ്ങും അലയടിക്കുന്ന പ്രതിഷേധത്തിൽ ഭൂരിപക്ഷവും സമാധാനപരമാണ്‌. എന്നാൽ ചിലയിടങ്ങളിൽ യുവാക്കളുടെ രോഷം അണപൊട്ടി. അക്രമം തടയാൻ പ്രക്ഷോഭകരിൽ മുതിർന്നവരും ഇടപെടുന്നുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല. പ്രതിഷേധത്തെ അടിച്ചമർത്താൻ ചില സംസ്ഥാനങ്ങളിൽ പൊലീസിന്‌ പുറമെ സൈന്യത്തിന്‌ കീഴിലുള്ള നാഷണൽ ഗാർഡ്‌സിനെയും ഇറക്കിയിട്ടുണ്ട്‌. 22 നഗരങ്ങളിലായി 1669 പേരെ അറസ്‌റ്റ്‌ ചെയ്‌തു. ഇൻഡ്യാനപൊളിസിൽ ഒരാൾ കൂടി വെടിയേറ്റ്‌ മരിച്ചതോടെ പ്രക്ഷോഭത്തിൽ മരിച്ചവർ മൂന്നായി.

ഉത്തര–-ദക്ഷിണ കാരലൈനകൾ, വിർജീനിയ, മിസിസിപ്പി എന്നീ നാല്‌ സംസ്ഥാനങ്ങളിൽ അമേരിക്കൻ ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ടുള്ള ചരിത്രസ്‌മാരകങ്ങളും ആക്രമിച്ചു. വൈറ്റ്‌ഹൗസിന്‌ സമീപം ചവർവീപ്പയ്‌ക്ക്‌ തീപിടിച്ചു. ഇവിടെ പ്രസിഡന്റ്‌ ട്രംപിന്റെ പ്രിയ ചാനലായ ഫോക്‌സ്‌ ന്യൂസിന്റെ ലേഖകനെ ആൾക്കൂട്ടം ഓടിച്ചിട്ടടിച്ചു. മറ്റ്‌ പലയിടങ്ങളിലും മാധ്യമപ്രവർത്തകർക്ക്‌ നേരെ ഇരുഭാഗത്ത്‌ നിന്നും ആക്രമണമുണ്ടായി. പ്രക്ഷോഭകർക്ക്‌ പിന്തുണയുമായി ഹോളിവുഡിലെയും സംഗീതരംഗത്തെയും പ്രമുഖരും രംഗത്തിറങ്ങി. രണ്ട്‌ നടന്മാർക്ക് പൊലീസിന്റെ റബർ ബുള്ളറ്റേറ്റു. താരങ്ങൾക്ക്‌ ലാത്തിയടിയും ഏറ്റിട്ടുണ്ട്‌.

ഫിലാഡൽഫിയയിൽ 13 പൊലീസുകാർക്ക്‌ പരിക്കേറ്റു. നാല്‌ പൊലീസ്‌ വാഹനങ്ങൾ കത്തിച്ചു. മറ്റ്‌ ചില സ്ഥലങ്ങളിൽ പൊലീസുകാർക്ക്‌ പരിക്കുണ്ട്‌. ന്യൂയോർക്കിൽ രണ്ട്‌ പൊലീസ്‌ വാഹനങ്ങൾ പ്രതിഷേധക്കാർക്കിടയിലേക്ക്‌ ഓടിച്ചുകയറ്റി. ‌  അലാസ്‌കയിലെ ജൂനോയിൽ പൊലീസുകാരും ജനങ്ങൾക്കൊപ്പം പ്രതിഷേധ റാലിയിൽ പങ്കെടുത്തു. ഫിലാഡെൽഫിയയിൽ സിഗ്നലിൽ നിർത്തിയ ട്രക്ക്‌ വളഞ്ഞ ആളുകൾക്കിടയിലൂടെ ഡ്രൈവർ വാഹനം ഓടിച്ചപ്പോൾ ചിലർക്ക്‌ പരിക്കേറ്റു. സാൻ ഡീഗോയിൽ രണ്ട്‌ ബാങ്കുകൾ കത്തിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക