Image

പ്രതിസന്ധിയൊഴിയാതെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: അതിര്‍ത്തിക്ക് സമീപത്തെ റോഡ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

Published on 31 May, 2020
പ്രതിസന്ധിയൊഴിയാതെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: അതിര്‍ത്തിക്ക് സമീപത്തെ റോഡ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:ഇന്ത്യ-ചൈന  അതിര്‍ത്തി തര്‍ക്കം വീണ്ടും രൂക്ഷമായിരിക്കെ  ലഡാക്കിന് സമീപത്തുള്ള എയര്‍ബേസില്‍ ചൈന ചില നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്നതിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. പ്യാംഗോങ് തടാകത്തില്‍ നിന്നും 200 കിലോമീറ്റര്‍ മാത്രം അകലേയുള്ള വ്യോമതാവളത്തില്‍ ചൈന വന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. 


ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്ന പ്രദേശത്തിന് സമീപമാണ് ഈ വ്യോമതാവളം.

ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതിര്‍ത്തിയില്‍ ഇന്ത്യ-ചൈനീസ്‍ സേനകള്‍ ഒന്നിലേറ സ്ഥലങ്ങളില്‍ മുഖാമുഖം തുടരുന്നത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ ഏറ്റമുട്ടലുകളും നടന്നിട്ടുണ്ടെന്നാണ് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 


മേയ് ആദ്യ വാരം മുതല്‍ കമാന്‍ഡിംഗ് ഓഫീസര്‍മാരും ബ്രിഗേഡിയര്‍മാരും തമ്മില്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കലും പരാജയപ്പെട്ടുവെന്നും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനായി മേജര്‍ ജനറല്‍ ലെവല്‍ ചര്‍ച്ചകള്‍ ഉടന്‍ നടക്കുമെന്നുമാണ് സോഴ്സുകളെ ഉദ്ധരിച്ച്‌ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.


വലിയ തോതിലുള്ള സൈനിക നീക്കമാണ് അതിര്‍ത്തിയില്‍ ചൈന നടത്തുന്നത്. വലിയ സൈനിക വാഹനങ്ങളും പീരങ്കികളും ഇവിടേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നു. . 5000 ത്തിലധികം സൈനിക ശക്തിയാണ് ഇവിടെ ചൈനക്ക് ഉള്ളതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി കൂടുതല്‍ സൈനികരെ ഇന്ത്യയും ലഡാക്ക് മേഖലയിലേക്ക് എത്തിക്കുന്നു. 


ഇന്ത്യന്‍ മണ്ണിലൂടെ ഒരു ദിശയിലേക്കും സഞ്ചരിക്കാന്‍ ചൈനക്കാരെ ഇന്ത്യന്‍ സൈനികര്‍ അനുവദിക്കുന്നില്ലെന്ന് വൃത്തങ്ങള്‍ ഇന്ത്യാ ടുഡേയെ അറിയിച്ചു.


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നതിനിടെ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 


ഇതിനായി 11 പ്രത്യേക ട്രെയിനുകള്‍ സജ്ജമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കി.

ചൈന അതിര്‍ത്തി പങ്കിടുന്ന ഉത്തരാഖണ്ഡ്, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായി ഝാര്‍ഖണ്ഡില്‍ നിന്നും 12,000ത്തോളം തൊഴിലാളികളെയാണ് അയക്കുക. ഇവരെ ആദ്യം ജമ്മു കശമീരിലേക്കും ചണ്ഡീഗഡിലേക്കുമാണ് എത്തിക്കുക. 


പിന്നീട് ഇവരെ ഉത്തരാഖണ്ഡ്, ലഡാക്ക്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലേക്ക് അയക്കും.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 11,815 തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാന്‍ 11 പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് മെയ് 22ന് തന്നെ ആഭ്യന്തരമന്ത്രാലയം റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. 


പ്രതിരോധ മന്ത്രാലയവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ചൈന സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിനിടയിലാണ് നിര്‍ണായക തീരുമാനമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 


ഇന്ത്യയുടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കടന്നുകയറ്റങ്ങള്‍ നടത്തുക എന്നതായിരുന്നു ചൈനീസ് സൈനികരുടെ ലക്ഷ്യം. എന്നാല്‍ പല മേഖലകളിലും സമയബന്ധിതമായി സൈന്യത്തെ വിന്യസിക്കാന്‍ കഴിഞ്ഞതിലൂടെ അവരുടെ നീക്കങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 


കിഴക്കന്‍ ലഡാക്ക് മേഖലയില്‍ ഇന്ത്യന്‍ സൈനികര്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനെ ചൈന എതിര്‍ക്കുന്നു.  എന്നാല്‍ ഈ അതിര്‍ത്തി ഭാഗത്ത് ഇന്ത്യയും കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച്‌ വരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക