Image

മഹാമാരിക്കെതിരെ നക്ഷത്ര ദീപമായി ജനസംഖ്യാ ശാസ്ത്രജ്ഞന്‍ ജെയിംസ്(കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 30 May, 2020
 മഹാമാരിക്കെതിരെ നക്ഷത്ര  ദീപമായി ജനസംഖ്യാ ശാസ്ത്രജ്ഞന്‍ ജെയിംസ്(കുര്യന്‍ പാമ്പാടി)
മഹാനഗരത്തിന്റെ നടുമുറ്റത്ത് ചെമ്പൂരില്‍ ആറു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മഹദ് സ്ഥാപനമാണ് ഇന്റര്‍നാണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പോപ്പുലേഷന്‍ സയന്‍സസ്. ഇന്ത്യയിലും ഏഷ്യാപസിഫിക്കിലും ആഫ്രിക്കയിലും നോര്‍ത്ത് അമേരിക്കയിലുമുള്ളവര്‍ പഠന ഗവേഷണം നടത്തുന്ന സ്ഥാപനം.  അവിടത്തെ ജനസംഖ്യാ ക്‌ളോക്ക് 2020 മെയ് 30നു ഇന്ത്യയില്‍ 138,0,499 899 ജനം ഉണ്ടെന്നു കാണിക്കുന്നു.

'മാക്‌സിമം സിറ്റി:  ബോംബെ ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്' എന്നാണ് സുകേതു മേത്ത 2004ല്‍ എഴുതി  റാന്‍ഡം ഹൗസ് പ്രസിദ്ധീകരിച്ച ബെസ്‌റ്‌സെല്ലറിന്റെ പേര്. ജനം നിമിഷം തോറും വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും   ഗേറ്റ് വേ ഓഫ് ഇന്ത്യയും ഫ്‌ലോറ ഫൗണ്ടനും ധാരാവിയും എലിഫെന്റ ദ്വീപും അടങ്ങിയ മുംബൈയുടെ സൗന്ദര്യം ഒന്ന് വേറെയാണെന്നു മുംബൈയില്‍ ജനിച്ചു ന്യൂയോര്‍ക്കില്‍ താമസിക്കുന്ന സുകേതു മേത്ത സമര്‍ഥിക്കുന്നു.

ന്യൂയോര്‍ക്കില്‍ കാല്‍നടയായി ചുറ്റി സഞ്ചരിച്ച  പൈക്കോ അയ്യര്‍ ന്യൂയോര്‍ക്കിനെപ്പോലെ ഹൃദയത്തെ സ്പര്‍ശിക്കുന്ന മറ്റൊരു നഗരം തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന് എഴുതിയതും  ഓര്‍ക്കണം. എന്നാല്‍ അമേരിക്കയില്‍ ന്യൂയോര്‍ക്കും ബ്രസീലില്‍ റിയോ ഡി ജനീറോയും പോലെ  ഇന്ത്യയില്‍ മുബൈയും ഏറ്റവും അധികം കോവിഡ് ബാധിതരുള്ള നഗരമായി കലാശിച്ചു എന്നതാണ് കാലത്തിന്റെ വികൃതി. മെയ് 30  ലെ കണക്കനുസരിച്ച് മഹാരാഷ്ട്രത്തില്‍ മരിച്ച  2000 ല്‍ 1173 പേരും വിശാല മുംബൈ നഗരത്തിലാണ്.

ഇന്ത്യയുടെ ആകെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രോഗബാധിച്ച 90,000 പേര്‍ ആകെ ജനസംഖ്യയുടെ 0.0065 ശതമാനമേ വരുന്നുള്ളു. മരണമടഞ്ഞവരാകട്ടെ രോഗബാധിതരുടെ 2.92 ശതമാനവും . ആഗോള കണക്കുകളുമായി നോക്കുമ്പോള്‍ ഇത് നിസാരം എന്നാണ് കേന്ദ്ര ഗവര്‍മെ
ന്റും കേന്ദ്ര ആരോഗ്യമന്ത്രിയും  ഉയര്‍ത്തികാട്ടുന്നത്.

അഭിമാനിക്കാന്‍ വരട്ടെ, ഇന്ത്യയിലെ ജനകോടികള്‍ക്കിടയില്‍ കോവിഡ് ബാധിച്ചവര്‍   ഇത്രയും പേരെ ഉള്ളോ എന്ന് എങ്ങിനെ തീര്‍ച്ചപ്പെടുത്താം? ഇന്ത്യയൊട്ടാകെ ഒരു സര്‍വേ നടത്താതെ അത് കൃത്യമായി കണ്ടുപിടിക്കാനാവില്ലെന്നു ഐഐ പിഎസ് എന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസിന്റെ ഡയറക്ടറും വൈസ് ചാന്‍സലറും അറിയപ്പെടുന്ന ജനസംഖ്യാ ശാസ്ത്രജ്ഞനുമായ ഡോ.കെഎസ് ജെയിംസ്  വാദിക്കുന്നു.  എന്നിട്ടുവേണം മഹാമാരിയെ പ്രതിരോധിക്കാനുള്ള മാസ്ടര്‍ പ്ലാനുകള്‍ രൂപപ്പെടുത്താന്‍.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഈ ഡീംഡ് യൂണിവേഴ്സിറ്റിയുടെ ചാന്‍സലര്‍ ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ആണ്.

വിദേശത്ത് നിന്നോ അന്യസംസ്ഥാനങ്ങളില്‍ നിന്നോ അധികൃതരുടെ മുമ്പില്‍ ചെന്നു പെടുന്നവരെയാണ് ഇപ്പോള്‍  പരിശോധന നടത്തുന്നത്. സമ്പര്‍ക്കം മൂലം അണുബാധ ഉണ്ടെങ്കിലും അതറിയാതെ കഴിയുന്ന ആയിരക്കണക്കിന് ആളുകള്‍ ഇന്ത്യയില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. അവരുടെ വ്യാപനം എവിടെല്ലാം ഉണ്ടെന്നു  കണ്ടുപിടിക്കുക എളുപ്പവുമല്ല. പക്ഷെ. പക്ഷെ അതിനു വഴിയുണ്ട്.

ഇരുപതു വര്‍ഷം മുമ്പ് എയ്ഡ്‌സ് ലോകത്ത് പടര്‍ന്നു പിടിച്ച കാലത്ത് ഇന്ത്യയിലുണ്ടായ പരിഭ്രാന്തി ഓര്‍ക്കണം. രോഗത്തിന്റെ വലിയൊരു കലവറ എന്ന മട്ടില്‍ ഇന്ത്യ ആഗോള റഡാറില്‍ വന്നു. ലോകാരോഗ്യ സംഘടനയില്‍ നിന്നും സമ്പന്ന രാഷ്രങ്ങളില്‍ നിന്നും സഹായം പ്രവഹിച്ചു. അഞ്ചു വര്‍ഷം കഴിഞ്ഞു  ഇന്ത്യ നടത്തിയ ദേശിയ കുടുംബാരോഗ്യ സര്‍വേയില്‍ എയ്ഡ്‌സ് വ്യാപനം കാര്യമായി ഉണ്ടായിട്ടില്ലെന്നു സംശയലേശമെന്യേ തെളിഞ്ഞു. അന്ന് ആ പഠനത്തിന് നേതൃത്വം നല്കിയതു  ഐഐപിഎസ് ആണ്.    

ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇത്തരം സര്‍വേകള്‍ രൂപകല്‍പന ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള സ്ഥാപനമാണ് ഐഐപിഎസ്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വെ (എന്‍എഫ്എച്എസ്) , ലോന്‍ജിറ്യുഡിനല്‍ സര്‍വ്വേ ഒഫ് എയ്ജിങ് ഇന്‍ ഇന്ത്യ (എല്‍എഎസ്ഐ) എന്നിവ ഉദാഹരണം. ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന അഞ്ചാമത്തെ ദേശിയ കുടുംബാരോഗ്യ സര്‍വേ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന  നാഷണല്‍ സാംപിള്‍ സര്‍വൈ ഓഫീസ് (എന്‍എസ്എസ്ഒ) കാലാകാലങ്ങളില്‍ നടത്തുന്ന സര്‍വേകളെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിന്റെ വികസന പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. ശാസ്ത്രീയ അടിസ്ഥാനമുള്ള  ഇത്തരം പഠനങ്ങള്‍ ആധികാരികവുമാണെന്നു ഡോ. ജെയിംസ് ഉറപ്പിച്ച് പറയുന്നു.

അറിയപ്പെടാത്ത പെടാത്ത രോഗബാധിതരില്‍ എത്രപേര്‍ക്ക് കോവിഡ് ആന്റിബോഡികള്‍ ഉണ്ടെന്നു കണ്ടു പിടിക്കാന്‍ ജനസംഖ്യാടിസ്ഥാനത്തില്‍ സര്‍വേകള്‍ നടത്തുകയാണ് അത്യാവശ്യമെന്നു പ്രശസ്ത വൈറോളജിസ്‌റ് ഡോ. ടി.  ജേക്കബ് ജോണും ഇന്‌സ്ടിട്യൂട് ഒഫ്  സോഷ്യല്‍ സയന്‍സസിലെ  മാല്‍കം ആദിശേഷയ്യ ചെയര്‍  പ്രൊഫസര്‍ അരുണ്‍ കുമാറും ചേര്‍ന്ന് മെയ് 29 ലെ  ദി ഹിന്ദുവിലും അഭിപ്രായപ്പെട്ടിട്ടുണ്ട്.  

പാലാക്കടുത്ത് ഇടനാട് ജനിച്ച ജെയിംസ് തിരുവന്തപുരത്തെ സിഡിഎസില്‍ പഠിച്ച ആളാണ്. ജെഎന്‍യു വില്‍  നിന്ന് പിഎച്ച്ഡി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ സെന്റര്‍ ഫോര്‍ പോപ്പുലേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ് സ്റ്റഡീസില്‍  പോസ്റ്റ് ഡോക്ടറല്‍. കാര്യവട്ടം, ദല്‍ഹി, ഹൈദ്രബാദ്, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളില്‍ സേവനം.   

ലണ്ടന്‍ സ്‌കൂള്‍ എക്കണോമിക്‌സ്, യുണിവേഴ്സിറ്റി ഓഫ് സൗതാംപ്ടണ്‍, നെതര്‍ലാന്‍ഡ്സിലെ യൂണിവേര്‍ഴ്സിറ്റി ഓഫ് ഗ്രോണിന്‍ജന്‍, ഓസ്ട്രിയയിലെ  ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് സിസ്റ്റം അനാലിസിസ്  എന്നിവിടങ്ങളില്‍ വിസിറ്റിംഗ് ഫെല്ലോ ഇതൊക്കെയാണ് അദ്ദേഹം. ഇന്ത്യയിലെ വാര്‍ദ്ധക്യം ആണ് ഇഷ്ടപെട്ട ഒരു പഠന വിഷയം. ലാന്‍സെറ്റ് ഉള്‍പ്പെടെ ആഗോള പ്രസിദ്ധീകരങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു. 

ഇടനാട് കുര്യത്ത് അന്തരിച്ച ദേവസ്യാസാറിന്റെ മകനാണ്. ഭാര്യ അല്‍ഫോന്‍സ് അന്ത്യാളം വെള്ളിമുഴയില്‍   ഔസേപ്പച്ചന്റെ മകള്‍. ഇക്കണോമിക്സില്‍ എംഎ, എംഫില്‍. അധ്യാപികയായിരുന്നു. അജിത്, അഖില്‍ മക്കള്‍.

കൊറോണ പ്രതിരോധത്തില്‍ മഹാരാഷ്ട്ര ഗവര്‍മെന്റ് തന്റെ ജന്മനാടായ കേരളത്തില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ അഭിമാനം തോന്നുന്നു ജെയിംസിന്. എന്നാല്‍ ജനസംഖ്യയില്‍ ലോകത്തില്‍ ഒമ്പതാം സ്ഥാനമുള്ള മുംബൈ മഹാനഗരവും (രണ്ടരക്കോടി, കൊച്ചി  30 ലക്ഷം) മൂന്നരക്കോടി ജനമുള്ള കേരളവും തമ്മില്‍ അജഗജാന്തരമാണുള്ളത്.  

വാള്‍സ്ട്രീറ്റ്  ഉള്‍പ്പെടുന്ന ന്യൂയോര്‍ക് അമേരിക്കയുടെ ട്രേഡ് സെന്റര്‍ ആണ്. ഇന്ത്യയില്‍  മുംബൈയും അങ്ങിനെ തന്നെ. ന്യൂയോര്‍ക്കിലെ വേര്‍ഡ് ട്രേഡ് സെന്റര്‍ 9 /11 ആക്രമണത്തില്‍ നിലംപരിചായെങ്കിലും സടകുടഞ്ഞെണീറ്റു. പക്ഷെ കൊറോണയോടു പരാജയം വാങ്ങി  ഇനിയൊരു പ്രഭാതത്തിനു വേണ്ടി കാത്തിരിക്കുന്നു. ഇന്ത്യയുടെ ബിസിനസ് കേന്ദ്രമായ മുംബൈയുടെ സ്ഥിതിയും അങ്ങിനെ തന്നെ.

ഇന്ത്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവി മുംബൈയിലാണ്. പക്ഷെ ആശങ്കിച്ചതുപോലെ അവിടെ കോവിഡ് മരണം അനിയന്ത്രിതമാവിധം പടര്‍ന്നിട്ടില്ല. ആകാശം മുട്ടുന്ന മണിമന്ദിരങ്ങളുടെ നിഴലില്‍ ആണെങ്കിലും ധാരാവിക്കു അതിന്റെതായ ജീവിതതാളങ്ങള്‍ ഉണ്ട്--സ്ലം ഡോഗ് മില്യണയേഴ്‌സ് ഉണ്ട്.

ഓസ്‌കര്‍ നേടിയ 'ഗാന്ധി' ചിത്രത്തിന്റെ സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ മുംബൈയുടെ ആത്മാവ് കണ്ടറിഞ്ഞ ഒരാളാണ്. ''എയര്‍പോര്‍ട്ടില്‍ നിന്ന് നഗരമധ്യത്തിലേക്കു കാറില്‍ വരുമ്പോള്‍ ടാജ്മഹല്‍ ഹോട്ടലിനു മുമ്പില്‍ ഒരു ലോട്ടയില്‍ വെള്ളവും കൈയില്‍ ഒരു കത്തിയുമായി ക്ഷൗരം ചെയ്തു കൊടുക്കുന്ന ഒരാളെ ഞാന്‍ കണ്ടു. പത്തു പേരടങ്ങിയ ഒരു കുടുംബത്തെ താങ്ങി നിറുത്തുന്ന ആളാണത്. ലോകത്ത് മറ്റെവിടെ ക്കാണും ഭൂമിയോളം താണ ഇങ്ങിനെ ഒരാളെ?''- ആറ്റന്‍ബറോ ചോദിക്കുന്നു.

മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകര്‍ മുംബൈയില്‍ കോവിഡിന് ഇരയായി
ക്കൊണ്ടിരുന്നപ്പോള്‍  ഉണ്ടായ ഒരു സംഭവം ഡോ. ജെയിംസ് ഓര്‍മ്മിച്ചെടുത്തു.

ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ കിശോരി പെഡ്‌നേക്കര്‍ ഒരു ദിവസം രാവിലെ കോര്‍പറേഷന്‍ നടത്തുന്ന നായര്‍ ഹോസ്പിറ്റലിനു മുമ്പില്‍ കാറില്‍ വന്നിറങ്ങി.സാരിയായിരുന്നില്ല വേഷം. ഒരു നഴ്‌സിന്റെ തൂവെള്ള യൂണിഫോമില്‍. ക്യാപ്പും നെയിംപ്‌ളേറ്റും ഉള്‍പ്പെടെ.

ഇരുപത്തെട്ടു വര്‍ഷം മുമ്പ് നഗരത്തിലെ ഒരു നഴ്‌സിങ് ഹോമില്‍ നഴ്സ് ആയി ജോലി ചെയ്തിരുന്ന കാലം ഹോസ്പിറ്റലിലെ നഴ്‌സിങ് വിദ്യാത്ഥികള്‍ക്കു കാണിച്ചു കൊടുക്കുകയായിരുന്നു ലക്ഷ്യം. 'നിങ്ങള്‍ ചെയ്യുന്നത് പോലെ ത്യാഗനിര്‍ ഭരമായ മറ്റൊരു സേവനം ഇല്ല,''കിശോരി അവരോടു പറഞ്ഞു. എന്നിട്ടു മേയറുടെ കൊടിവച്ച കാറില്‍ കയറി  കോര്‍പ റേഷന്‍ ഒഫീസിലേക്കു പാഞ്ഞു. പതിവ് പോലെ കൊറോണയോടു പോരാടാന്‍.  

ശരിയാണ്. മുംബൈ ഉയര്‍ത്തെഴുനേല്‍ക്കും. ന്യൂയോര്‍ക്കിനെ പോലെ. റിയോ ഡി ജനീറയെപ്പോലെ.




 മഹാമാരിക്കെതിരെ നക്ഷത്ര  ദീപമായി ജനസംഖ്യാ ശാസ്ത്രജ്ഞന്‍ ജെയിംസ്(കുര്യന്‍ പാമ്പാടി)
മുബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റി. ഫോര്‍ പോപ്പുലേഷന്‍ സയന്‍സസില്‍ ഡയക്ടറും വൈസ് ചാന്‍സലറുമായ ഡോ. കെഎസ് ജെയിംസ്
 മഹാമാരിക്കെതിരെ നക്ഷത്ര  ദീപമായി ജനസംഖ്യാ ശാസ്ത്രജ്ഞന്‍ ജെയിംസ്(കുര്യന്‍ പാമ്പാടി)
ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പഠനകാലത്ത്
 മഹാമാരിക്കെതിരെ നക്ഷത്ര  ദീപമായി ജനസംഖ്യാ ശാസ്ത്രജ്ഞന്‍ ജെയിംസ്(കുര്യന്‍ പാമ്പാടി)
മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ മുമ്പിലെ മാസ്‌ക് ധാരികള്‍
 മഹാമാരിക്കെതിരെ നക്ഷത്ര  ദീപമായി ജനസംഖ്യാ ശാസ്ത്രജ്ഞന്‍ ജെയിംസ്(കുര്യന്‍ പാമ്പാടി)
ധാരാവിയില്‍ നിഴല്‍ വീഴ്ത്തി നില്‍ക്കുന്ന മുംബൈ നഗരം
 മഹാമാരിക്കെതിരെ നക്ഷത്ര  ദീപമായി ജനസംഖ്യാ ശാസ്ത്രജ്ഞന്‍ ജെയിംസ്(കുര്യന്‍ പാമ്പാടി)
വെറുതെ എവിടെ പോകുന്നു, യാത്രക്കാരിയോട് മുംബൈ പൊലീസുകാരി
 മഹാമാരിക്കെതിരെ നക്ഷത്ര  ദീപമായി ജനസംഖ്യാ ശാസ്ത്രജ്ഞന്‍ ജെയിംസ്(കുര്യന്‍ പാമ്പാടി)
മുംബൈ തെരുവീഥിയില്‍ തെര്‍മല്‍ ടെസ്റ്റ്
 മഹാമാരിക്കെതിരെ നക്ഷത്ര  ദീപമായി ജനസംഖ്യാ ശാസ്ത്രജ്ഞന്‍ ജെയിംസ്(കുര്യന്‍ പാമ്പാടി)
നഗരം നഗരം മഹാസാഗരം--മുംബൈ സബര്‍ബന്‍ റെയില്‍ സ്റ്റേഷന്‍
 മഹാമാരിക്കെതിരെ നക്ഷത്ര  ദീപമായി ജനസംഖ്യാ ശാസ്ത്രജ്ഞന്‍ ജെയിംസ്(കുര്യന്‍ പാമ്പാടി)
കോവിഡിനെതിരെ മുംബൈ നഴ്സുമാര്‍
 മഹാമാരിക്കെതിരെ നക്ഷത്ര  ദീപമായി ജനസംഖ്യാ ശാസ്ത്രജ്ഞന്‍ ജെയിംസ്(കുര്യന്‍ പാമ്പാടി)
നഴ്സ് ആയിരുന്ന കാലത്തെ യൂണിഫോം അണിഞ്ഞ ഗ്രേറ്റര്‍ മുംബൈ മേയര്‍ കിശോരി പെഡ്‌നേക്കര്‍
 മഹാമാരിക്കെതിരെ നക്ഷത്ര  ദീപമായി ജനസംഖ്യാ ശാസ്ത്രജ്ഞന്‍ ജെയിംസ്(കുര്യന്‍ പാമ്പാടി)
ഡോ കെഎസ് ജെയിംസ് ഭാര്യ അല്‍ഫോന്‍സും മകന്‍ അജിത്തുമൊത്ത് ബോസ്റ്റനില്‍ ടീ പാര്‍ട്ടി മ്യൂസിയത്തിന് മുമ്പില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക