ന്യുഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ജനങ്ങള്‍ കടന്നുപോകുന്നത് ക്ലേശകരമായ സഹനത്തിലൂടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. മറ്റ് മഹാമാരികളെ അതിജീവിച്ചപോലെ ഇതിനേയും നാം മറികടക്കും. സാമ്പത്തിക മേഖലയില്‍ തിരിച്ചുവരവ് നടത്തി ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തുമെന്നും മോഡി പറഞ്ഞു. തന്റെ നേതൃത്വത്തിലുള്ള രണ്ടാം എന്‍.ഡി.എ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യത്തോടായി നല്‍കിയ കത്തിലാണ് മോഡിയുടെ പരമര്‍ശം.
പ്രതിസന്ധി ഏറ്റവും ആധിക്യത്തില്‍ നില്‍ക്കുന്ന ഈ സമയത്ത് അസൗകര്യങ്ങളം അസ്വസ്ഥതകളും നേരിടാത്തവരായി ആരുംതന്നെയില്ല. തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, ശില്പികള്‍, വഴിവണിഭക്കാര്‍ തുടങ്ങി നിരവധി മേഖലയില്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് പ്രതിസന്ധി നേരിടുന്നത്. എന്നാല്‍ ഇപ്പോള്‍ നേരിടുന്ന ഈ പ്രതിസന്ധിയൊന്നും വലിയ ദുരന്തമായി മാറില്ലെന്ന് ഉറപ്പാക്കാന്‍ നമ്മുക്ക് കഴിയണം. മറ്റു രാജ്യങ്ങളില്‍ ഉള്ളവരെ അപേക്ഷിച്ച് നാം ഇന്ത്യക്കാര്‍ ഏറെ ക്ഷമയുള്ളവരാണെന്നും മോഡി പറഞ്ഞു.