Image

ലോക്ഡൗണിനെ തുടര്‍ന്ന് കുടുംബം പോറ്റാന്‍ വഴിയില്ല; യു.പിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

Published on 30 May, 2020
ലോക്ഡൗണിനെ തുടര്‍ന്ന് കുടുംബം പോറ്റാന്‍ വഴിയില്ല; യു.പിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ലക്‌നൗ: കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട മധ്യവയസ്‌കന്‍ ജീവനൊടുക്കി. കുടുംബത്തിന്റെ പട്ടിണി കാണാന്‍ കഴിയാതെയാണ് ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശിലെ ലക്ഷിപേുര്‍ഖേരി സ്വദേശിയായ ഭാനു പ്രകാശ് ഗുപ്ത (50) ആണ് വെള്ളിയാഴ്ച മരിച്ചത്. 

ഷാജഹാന്‍പുരിലെ ഒരു ഹോട്ടലില്‍ തൊഴിലാളിയായിരുന്നു ഇയാള്‍. ഭാര്യയും നാലു കുട്ടികളും സുഖമില്ലാത്ത അമ്മയുമടക്കമുള്ള കുടുംബം കഴിഞ്ഞിരുന്നത് ഇയാളുടെ വരുമാനത്താലായിരുന്നു. ലോക്ഡൗണ്‍ മൂലം ജീവിക്കാന്‍ കഴിയാതെയാണ് ജീവനൊടുക്കുന്നതെന്ന് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത ആത്മഹത്യ കുറിപ്പില്‍ പറയുന്നു. 

റേഷന്‍ കടവഴി കിട്ടിയ അരിയും ഗോതമ്പും വീട്ടിലുണ്ട്. അത് നല്‍കിയതില്‍ നന്ദി. എന്നാല്‍ കുടുംബത്തിന് കഴിയാന്‍ അത് മതിയാവില്ല. പഞ്ചസാര, പാല്‍, ഉപ്പ് തുടങ്ങിയ അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പണമില്ലെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. 

സുഖമില്ലാത്ത അമ്മയ്ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്നില്ലെന്നും ജില്ലാ ഭരണകൂടം ഒരു സഹയവും നല്‍കുന്നില്ലെന്നും ഇയാള്‍ പറയുന്നു. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും ഭാനു പ്രകാശിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക