Image

ഗാർഡൻ ഓഫ് ഡ്രീംസ് (ചരിത്രമുറങ്ങുന്ന നേപ്പാൾ-15: മിനി വിശ്വനാഥൻ)

Published on 29 May, 2020
ഗാർഡൻ ഓഫ് ഡ്രീംസ് (ചരിത്രമുറങ്ങുന്ന നേപ്പാൾ-15: മിനി വിശ്വനാഥൻ)
അടുത്ത ലക്ഷ്യമായ "ഗാർഡൻ ഓഫ് ഡ്രീംസ് "എന്ന സ്വപ്നോദ്യാനം കാഠ്മണ്ടുവിലെ തിരക്ക് പിടിച്ച തമ്മൽ മാർക്കറ്റിന്റെ പ്രവേശന കവാടത്തിനടുത്താണ്. സന്ധ്യ മയങ്ങിയാൽ ഉദ്യാനക്കാഴ്ചകളുടെ ശോഭ ഇല്ലാതാവുമെന്നതിനാൽ ഞങ്ങൾ നേരെ അങ്ങോട്ടേക്ക് തന്നെ നടന്നു.

ചരിത്രകഥകൾ ഉറങ്ങിക്കിടക്കുന്ന ഈ ഉദ്യാനത്തിന്റെ നിർമ്മാതാവ് ഫീൽഡ് മാർഷൽ കൈസർ സംഷേർ റാണയാണ്. അദ്ദേഹത്തിന്റെ ഇംഗ്ലണ്ട് സന്ദർശനത്തിനിടെ അവിടെയുള്ള വിവിധ തോട്ടങ്ങളും എസ്റ്റേറ്റുകളും കാണുകയുണ്ടായി . എഡ്വേർഡിയൻ രീതിയിൽ നിർമ്മിക്കപ്പെട്ട അവയിൽ നിന്ന് ആശയങ്ങൾ ഉൾക്കൊണ്ട് കൊണ്ട് 1920 ൽ കൈസർമഹൽ എന്ന തന്റെ കൊട്ടാരത്തിനു മുന്നിൽ നിയോക്ലാസിക് ശൈലിയിൽ പണികഴിപ്പിച്ച സ്വകാര്യ ഉദ്യാനമായിരുന്നു ഇത്. രാജകൊട്ടാരത്തിന്റെ വാസ്തു ശില്പികളിൽ ഒരാളായിരുന്ന
കിശോർ നരസിംഗ് എന്ന ലാൻഡ്സ്കേപ്പ് ആർക്കിടെക്റ്റ് ആണ് ഈ ഉദ്യാനം ഈ രീതിയിൽ രൂപകല്പന ചെയ്തത്. ആ കാലഘട്ടത്തിലെ തീർത്തും വ്യത്യസ്തവും പരിഷ്കൃതവുമായ ഒരു പൂന്തോട്ടമായിരുന്നു അത്.

ആറ് വ്യത്യസ്ത ഋതുക്കളുണ്ട് നേപ്പാളിൽ . ഇവയെ
പ്രതിനിധാനം ചെയ്ത് കൊണ്ട് ആറ് മണ്ഡപങ്ങളും വിവിധ ഋതുക്കളിൽ വളരുന്ന സസ്യവർഗങ്ങളമാണ് ഒന്നര ഹെക്ടറോളം വരുന്ന ഈ തോട്ടത്തിന്റെ പ്രധാന പ്രത്യേകതകൾ. മിതശീതോഷ്ണ കാലാവസ്ഥയിൽ വളരുന്ന സസ്യജാലങ്ങളുടെ സംരക്ഷണവും കൂടി ഈ തോട്ടത്തിന്റെ ഉദ്ദേശ്യങ്ങളിൽ പെടും.
താമരപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ചെറു ജലാശയങ്ങളും , നടപ്പാതകളും , മണ്ഡപങ്ങളും , ഫൗണ്ടനുകളുമാൽ അലംകൃതമായ ഈ പൂന്തോട്ടം കാലക്രമേണ വേണ്ടത്ര പരിപാലനമില്ലാതെ നശിക്കാൻ തുടങ്ങിയിരുന്നു.

പിന്നീട് ആസ്ട്രിയൻ ഗവൺമെന്റിന്റെ സഹായത്തോടെ രണ്ടായിരാമാണ്ടിൽ ഈ ഉദ്യാനം പുനർനിർമ്മിച്ചു പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. പക്ഷേ ഒന്നര ഹെക്ടറിൽ നിന്ന് അര ഹെക്ടറിലേക്ക് തോട്ടത്തിന്റെ വിസ്കൃതി കുറഞ്ഞു. ആറ് മണ്ഡപങ്ങൾക്ക് പകരം മൂന്ന് മണ്ഡപങ്ങളായി ചുരുങ്ങി.

പൂന്തോട്ടത്തോടൊപ്പം കൈസർ ഷംഷേറിന്റെ കൊട്ടാരത്തിന്റെ ഒരു ഭാഗം വിവിധയിനം പുസ്തകങ്ങൾ നിറഞ്ഞ മ്യൂസിയം ലൈബ്രററിയായി മാറ്റി. വാസ്തുശില്പം , സാഹിത്യം പൂന്തോട്ട നിർമ്മാണം മുതലായ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളായിരുന്നു അവിടെ സംരക്ഷിച്ചിരുന്നത്. പഴയ ഫോട്ടോകളും ചരിത്രസ്മാരകങ്ങളായ ചിത്രങ്ങളും ആ കെട്ടിടത്തിന്റെ ചുവരുകളെ അലങ്കരിച്ചു. ചരിത്രം ചിത്രങ്ങളാവുമ്പോൾ കാണുന്നവരിലുണ്ടാവുന്ന അനുഭൂതി അനുഭവിച്ചറിഞ്ഞു.

ഭൂകമ്പം വീണ്ടും കേസർ മഹളിനെ പിടിച്ചുലച്ചെ ങ്കിലും സാരമായ കേടുപാടുകൾ പറ്റിയില്ല. നഗരത്തിന്റെ തിരക്കുകൾക്കിടയിൽ ശാന്തിയുടെയും സമാധാനത്തിന്റെയും തുരുത്തു പോലെ തോന്നുന്ന ഒന്നായി മാറി അത്.
പരമ്പരാഗത നേപ്പാളീ വാസ്തുനിർമ്മാണ രീതിയിൽ നിന്ന് വ്യത്യസ്തമാണ് ഈ ഉദ്യാനത്തിന്റെ പുറം ചുവരുകൾ മുതലിങ്ങോട്ട് എല്ലാം. പുതുക്കിപണിതതിന് ശേഷം ഇരുന്നൂറ് നേപ്പാളി രൂപ പ്രവേശന ഫീസ് ഈടാക്കിക്കൊണ്ടാണ് പ്രവേശനമെങ്കിലും അവിടെ ആൾക്കൂട്ടത്തിന് യാതൊരു കുറവുമില്ലായിരുന്നു. പ്രണയികളുടെ സ്വർഗ്ഗം കൂടിയാണിവിടം. കൂട്ടത്തിൽ ഗൃഹസ്ഥരുടേയും .പ്രവേശന കവാടത്തിന്റെ ഉൾഭിത്തികളിലെ വെളിച്ച വിന്യാസം മുതലുള്ള കൗതുകങ്ങൾ ആസ്വദിച്ചു കൊണ്ട് ഞങ്ങളും വെട്ടിയൊരുക്കിയ നടപ്പാതകളിലൂടെ നടന്നു.

പഴയ കേസർമഹൽ ഇന്ന് കേസർ മഹൽ കഫേ എന്ന പഞ്ചനക്ഷത്ര കോഫി ഷോപ്പാണ്. വിദേശ സഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള എല്ലാ ഏർപ്പാടുകളോടും കൂടിയ ഒന്ന്. ലൈവ് മ്യൂസിക്കിന്റെ അകമ്പടിയോടെ ചൂട് ഇഞ്ചിച്ചായയും ചോക്കലേറ്റ് ബ്രൗണി കേക്കുകളുമായി മനോഹരമായ ആ സായാഹ്നം ആസ്വദിക്കുന്നവർക്കിടയിലൂടെ ചെറിയ കുട്ടികൾ ബഹളമുണ്ടാക്കി ഓടി നടന്നു. ഫോട്ടോ പോസ് ചെയ്യാനായി ഒരുക്കിയിരിക്കുന്ന വിവിധയിനം കമാനങ്ങൾക്കടുത്തും ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു. ആ കൂട്ടത്തിൽ ഞങ്ങളും എടുത്തു ചില ചിത്രങ്ങൾ.

മഴക്കാലമായിട്ട് പോലും ധാരാളം  പൂക്കൾ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളും അപൂർവ്വങ്ങളായ വളർത്തു ചെടികൾക്കിടയിലൂടെ അലസമായി നടന്നു. രാവിലെ മുതൽ കണ്ടു തീർത്ത കാഴ്ചാ വൈചിത്ര്യങ്ങൾ ഓർത്തെടുക്കുന്നതിനിടെ വിനിതയും വിശ്വേട്ടനും ഫോട്ടോകൾ എടുത്തു കൊണ്ടേയിരുന്നു. യൂറോപ്യൻ നിർമ്മാണ രീതിയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ഒരു കെട്ടിടം വിണ്ടു പിളർന്ന് താങ്ങുകളാൽ നിൽക്കുന്നത് കണ്ട് സങ്കടം തോന്നി. ഫോട്ടോയെടുക്കാൻ അതിനടുത്ത് പോവരുതെന്ന് സെക്യുരിറ്റിയും വിലക്കി.

വിവിധയിനം ഔഷധസസ്യങ്ങളും അപൂർവ്വ സസ്യവർഗ്ഗങ്ങളും ഉണ്ടായിരുന്നു അവിടെ . നാരുകൾ പോലെ വിചിത്ര രൂപത്തിലുള്ള "ബുദ്ധാസ് ബെല്ലി" എന്ന് പേരിട്ടു വിളിക്കുന്ന ഒരു ചെടി ഞങ്ങളിൽ കൗതുകമുണർത്തി. ബുദ്ധന്റെ രൂപം കാണുന്നില്ലേ എന്ന് ഒന്നുരണ്ടു തവണ തോട്ടക്കാരൻ ചോദിച്ചപ്പോൾ ഞങ്ങളും അതിൽ ബുദ്ധന്റെ മുഖം കണ്ടു...

സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു.  കൈസർ സംഷേർസ്വപ്നത്തിൽ നെയ്തെടുത്ത ,ഇന്നും രാജകീയ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന സ്വപ്ന ബഗീച്ചയോട് യാത്ര പറഞ്ഞു പിരിഞ്ഞു.

ഗാർഡൻ ഓഫ് ഡ്രീംസ് എന്നത് കൈസർ മഹൽ കഫേയുടെ ലേബലിലും കൂടിയാണ് ഇന്ന് പുറം ലോകം അറിയപ്പെടുന്നത്. സൗജന്യ വൈഫൈ എന്ന ആകർഷണ പരസ്യം കൂടി പുറം ചുവരിലുണ്ടായിരുന്നു എന്നത്  ഇറങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്....

ഞങ്ങൾ വീണ്ടും മാർക്കറ്റിലൂടെ നടന്ന് ഇന്ത്യൻ ഭക്ഷണശാലകൾ അന്വേഷിച്ച് തുടങ്ങി. രുചിയുള്ള ഭക്ഷണത്തോടൊപ്പം കൈ കഴുകാൻ ഇടമുള്ളിടം എന്ന് കൂടെ ഞങ്ങൾ ആവശ്യങ്ങളിൽ കൂട്ടിയിരുന്നു. നടന്ന് നടന്ന് ഞങ്ങളെത്തിയത് താമസിക്കുന്ന ഹോട്ടലിന്റെ തൊട്ടടുത്ത് തന്നെയുള്ള ഒരു പഞ്ചാബി ധാബയിലായിരുന്നു. കൈ കഴുകാൻ സമൃദ്ധമായി വെള്ളം തരാമെന്ന് ക്യാഷിലിരുന്ന സർദാർജി സന്തോഷത്തോടെ സമ്മതിച്ചു.

ചുടു ചുടാ കുൽച്ചകളും, നാനുകളുമടങ്ങുന്ന പഞ്ചാബി ഭക്ഷണത്തിന്റെ സമൃദ്ധിയിൽ ആ ദിവസം അവസാനിച്ചു. ജീവിതത്തിലെ തന്നെ മനോഹര ദിവസങ്ങളിലൊന്നായിരുന്നു അതെന്ന തിരിച്ചറിവോടെ ഞങ്ങൾ റൂമിലെത്തി, വിശ്രമിച്ചു...

സംഭവ ബഹുലമായ  അടുത്ത ഘട്ടം അടുത്ത ആഴ്ചയിൽ ..


ഗാർഡൻ ഓഫ് ഡ്രീംസ് (ചരിത്രമുറങ്ങുന്ന നേപ്പാൾ-15: മിനി വിശ്വനാഥൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക