Image

ഇനി ദീപ്തസ്മരണ, എം.പി. വീരേന്ദ്രകുമാറിന്റെ സംസ്കാരം നടത്തി

Published on 29 May, 2020
ഇനി ദീപ്തസ്മരണ, എം.പി. വീരേന്ദ്രകുമാറിന്റെ സംസ്കാരം നടത്തി
കല്‍പറ്റ: കേരളത്തിന്റെ രാഷ്ട്രീയ, സാഹിത്യ, സാംസ്കാരിക മണ്ഡലത്തിലെ ഒരുജ്ജ്വലയുഗത്തിന് അന്ത്യം. വയനാട് പുളിയാര്‍മലയില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ എം.പി വീരേന്ദ്രകുമാര്‍ എന്ന ദീപ്തസാന്നിധ്യം അസ്തമിച്ചു.

പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷം 4.40ഓടെയാണ് മൃതദേഹം പുളിയാര്‍മലയിലെ വീട്ടില്‍നിന്ന് സമുദായ ശ്മശാനത്തിലെത്തിച്ചത്. ജൈന മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. അഞ്ചുമണിയോടെ മകന്‍ എം.വി. ശ്രേയാംസ് കുമാര്‍ ചിതയ്ക്ക് തീകൊളുത്തി. പൂര്‍ണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

രാവിലെ മുതല്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ അണമുറിയാത്ത ജനപ്രവാഹമാണ് ഉണ്ടായിരുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഏറെ പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. ജനക്കൂട്ടമുണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തേണ്ടിവന്നത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11.30ഓടെയായിരുന്നു എം.പി. വീരേന്ദ്രുകുമാറിന്റെ അന്ത്യം സംഭവിച്ചത്. ചാലപ്പുറത്തെ വസതിയില്‍ എത്തിച്ച ഭൗതികദേഹം രാവിലെയാണ് വയനാട്ടിലെ വീട്ടിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്നിവരടക്കം നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ഭാര്യ: ഉഷ വീരേന്ദ്രകുമാര്‍. മക്കള്‍: എം.വി. ശ്രേയാംസ്കുമാര്‍ (മാതൃഭൂമി ജോയന്റ് മാനേജിങ് ഡയറക്ടര്‍), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരു), എം.ഡി. ചന്ദ്രനാഥ് (വയനാട്).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക