Image

ബെവ് ക്യൂവില്‍ ആകെ ആശയക്കുഴപ്പം; ഔട്ട്‌ലെറ്റുകളിലും പ്രശ്‌നം; ഇന്നത്തെ ബുക്കിംഗ് അവസാനിച്ചു

Published on 28 May, 2020
ബെവ് ക്യൂവില്‍ ആകെ ആശയക്കുഴപ്പം; ഔട്ട്‌ലെറ്റുകളിലും പ്രശ്‌നം; ഇന്നത്തെ ബുക്കിംഗ് അവസാനിച്ചു

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗണില്‍ തിരക്കില്ലാതെ മദ്യവില്‍പ്പനയ്ക്ക് ഏര്‍പ്പെടുത്തിയ ബെവ് ക്യു ആപ്പില്‍ ആകെ ആശയക്കുഴപ്പം. കാത്തുകാത്തിരുന്നു വന്ന ആപ്പ് പൊല്ലാപ്പാകുന്ന കാഴ്ചയാണ് സംസ്ഥാനത്ത് പലയിടത്തും രാവിലെ മുതല്‍ കാണുന്നത്. ക്യൂവില്‍ നില്‍ക്കുന്നവരെ ടോക്കണ്‍ നമ്പര്‍ നല്‍കി അഞ്ചു പേരെ വീതമാണ് ഔട്ട്‌ലെറ്റുകളിലേക്ക് കടത്തിവിടുന്നത്. വൈകിട്ട് അഞ്ചു മണിവരെയാണ് വില്‍പ്പന. തിരക്ക് കൂടിയതോടെ ഇന്നത്തേക്ക് വില്‍പ്പനയ്ക്കുള്ള ബുക്കിംഗ് അവസാനിച്ചു.

ബെ്‌വ്‌കോ- കണ്‍സ്യുമര്‍ഫെഡ് മദ്യവില്‍പ്പനശാലകള്‍ എല്ലാം രാവിലെ ഒമ്പത് മണിക്ക് തന്നെ തുറന്നിരുന്നു. രാവിലെ മുതല്‍ ടോക്കണ്‍ മദ്യശാലകള്‍ക്കു മുന്നില്‍ ഉപഭോക്താക്കളുടെ നിര പ്രത്യക്ഷപ്പെട്ടിരുന്നു. പലരിലെയും മൊബൈലിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയാത്തതും പലരേയും ചുറ്റിച്ചു. ഒടുവില്‍ ക്യൂ ആര്‍ കോഡിന്റെ ചിത്രം മൊബൈലില്‍ എടുത്തും ടോക്കണ്‍ നമ്പര്‍ രേഖപ്പെടുത്തിയും ടോക്കണ്‍ സമയം പരിശോധിച്ച ശേഷവുമാണ് മദ്യം നല്‍കിയത്.  ബാറുടമകള്‍ക്ക് ടോക്കണ്‍ പരിശോധനയ്ക്ക് യൂസര്‍ നെയിമും പാസ്‌വേര്‍ഡും ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഒ.ടി.പി നമ്പര്‍ കിട്ടുന്നില്ല. 

കണ്ണുരില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളായ ഹോട്ടലുകള്‍ക്കും ബെവ് ക്യു വഴി മദ്യവില്‍പ്പനയ്ക്ക അനുമതി ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ടോക്കണ്‍ ലഭിച്ചവര്‍ മദ്യത്തിനായി ഹോട്ടലുകള്‍ക്ക് മുന്നില്‍ എത്തിയതോടെ നീണ്ട ക്യു ആണ് ഇവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ മദ്യവില്‍പ്പനയ്ക്ക് കലക്ടര്‍ അനുമതി നല്‍കാത്തതിനാല്‍ വില്‍പ്പനയുണ്ടാവില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

കോട്ടയത്ത് പല ബാര്‍ ഹോട്ടലുകളിലും മദ്യവില്‍പ്പന രാവിലെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥരും പോലീസും എത്താന്‍ വൈകുന്നതിനാലാണിത്. ഇതേതുടര്‍ന്ന് പല ബാറുകളുടെ മുന്നിലും ചെറിയ പ്രതിഷേധങ്ങളും ഉയര്‍ന്നുണ്ട്. 

ഇന്നലെ രാത്രി 11 മണിക്കു ശേഷമാണ് ബെവ് ക്യൂ ആപ്പ് ലഭ്യമായി തുടങ്ങിയത്. ഇതിനകം രണ്ടു ലക്ഷത്തിലേറെ പേര്‍ ബുക്ക് ചെയ്തു കഴിഞ്ഞു. പലര്‍ക്കും കിലോമീറ്ററുകള്‍ അകലെയുള്ള ഔട്ട്‌ലെറ്റുകളിലാണ് ടോക്കണ്‍ ലഭിച്ചിരിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, സ്വന്തമായി സ്മാര്‍ട് ഫോണ്‍ ഇല്ലാത്തവരും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ അറിയാത്തവരുമായി പ്രായമായവരും ഉദ്യോഗസ്ഥരുടെ കനിവ് പ്രതീക്ഷിച്ച് ചിലയിടങ്ങളില്‍ ഔട്ട്‌ലെറ്റുകളുടെ സമീപം നിലയുറപ്പിച്ചിട്ടുണ്ട്. ടോക്കണ്‍ എടുക്കാന്‍ അറിയില്ലെന്നും ഔട്ട്‌ലെറ്റുകളില്‍ നിന്ന് കിട്ടുമെന്ന പ്രതീക്ഷയിലുമാണ് വന്നിരിക്കുന്നതെന്നാണ് ഇവര്‍ മാധ്യമങ്ങളോട് പറയുന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക