Image

ജൂണ്‍ 15 യൂറോപ്പിലെ ടൂറിസ്റ്റ് ഡേ

Published on 27 May, 2020
 ജൂണ്‍ 15 യൂറോപ്പിലെ ടൂറിസ്റ്റ് ഡേ


റോം: യൂറോപ്യന്‍ ടൂറിസത്തിനായി ജൂണ്‍ പകുതിയോടെ കേളീകൊട്ടുയരുമെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ലുയിഗി ഡി മായോ പറഞ്ഞു. ജൂണ്‍ 15 യൂറോപ്പിന്റെ ടൂറിസ്റ്റ് ഡേ ആയിരിയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.

ജൂണ്‍ 15 ന് ജര്‍മനി വീണ്ടും തുറക്കുന്നതോടെ ഓസ്ട്രിയയുമായും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായും ഇറ്റലിയ്ക്ക് പ്രവര്‍ത്തിക്കാനാവുമെന്ന് ഡി മായോ പറഞ്ഞു.

ജൂണ്‍ 3 മുതല്‍ വിനോദസഞ്ചാരികള്‍ക്കായി ഇറ്റലി അതിര്‍ത്തി തുറക്കും.
കൊറോണ പാന്‍ഡെമിക്കില്‍ വടക്കന്‍ ഇറ്റലിയെ പ്രത്യേകിച്ച് ബാധിച്ചിരുന്നു. ഇറ്റലിയിലുടനീളം ഇതുവരെ 33,000 കൊറോണ മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്.

കൊറൊണവൈറസ് നിബന്ധനകള്‍ നടപ്പാക്കാന്‍ ഇറ്റലി വോളന്റിയര്‍മാരെ തേടുന്നു

റോം: രാജ്യത്ത് കൊറോണവൈറസ് ബാധ നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ വോളന്റിയര്‍മാരുടെ സഹായം തേടുന്നു. ഇതിനായി അറുപതിനായിരം പേരെ നിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

പെന്‍ഷനര്‍മാരില്‍നിന്നും തൊഴില്‍രഹിതരായ ചെറുപ്പക്കാരില്‍നിന്നുമായിരിക്കും ഇതിനുള്ള ആളുകളെ തെരഞ്ഞെടുക്കുക. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം ആളുകള്‍ നിയന്ത്രണമില്ലാതെ പെരുമാറുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

മന്ത്രി ഫ്രാന്‍സിസ്‌കോ ബോച്ചിയയുടെ ആശയമാണ് സര്‍ക്കാര്‍ സ്വീകരിച്ച് നടപ്പാക്കുന്നത്. ഇതിന് ആവശ്യമായ വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ സിവില്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മിലാനില്‍ മദ്യ നിരോധനം മെയ് 26 മുതല്‍ പ്രാബല്യത്തില്‍ വരും

കോവിഡ് 19 കേസുകളില്‍ പുതിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന ഭയത്തിനിടയില്‍ മിലാനില്‍ മദ്യ നിരോധനം മെയ് 26 മുതല്‍ പ്രാബല്യത്തില്‍ വരും.മിലാന്‍ മേയര്‍ ബെപ്പെ സാല ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പബ്ബുകള്‍, ബാറുകള്‍, ഷോപ്പുകള്‍, മിനി മാര്‍ക്കറ്റുകള്‍ എന്നിവയില്‍ നിന്ന് മദ്യം വിളന്പുന്നതിനെ നിരോധനം ബാധിക്കുമെങ്കിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഒഴിവാക്കുമെന്ന് സാല പറഞ്ഞു. മെയ് 26 ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഉത്തരവ്, മിലാന്റെ ബാറുകള്‍ തുറക്കുന്ന സമയങ്ങളില്‍ ഒരു മാറ്റത്തിനും ഇടയാക്കില്ല.

പ്രണയത്തിനു തെളിവ് ചോദിച്ച് ഡാനിഷ് പോലീസ്

കോപ്പന്‍ഹേഗന്‍: ജീവിതപങ്കാളിയോ പ്രണയിതാവോ ഡെന്‍മാര്‍ക്കിലുണ്ടെങ്കില്‍ വിദേശികള്‍ക്ക് ഇവിടേക്കു വരാന്‍ ഇപ്പോള്‍ അനുമതിയുണ്ട്. എന്നാല്‍, പോലീസിനു മുന്നില്‍ പ്രണയത്തിന്റെ തെളിവ് ഹാജരാക്കേണ്ടിവരുമെന്നു മാത്രം!

ജര്‍മനിയില്‍ നിന്നും സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍നിന്നുമുള്ളവര്‍ക്കായാണ് പ്രിയപ്പെട്ടവരെ കാണാന്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.

ആറു മാസമെങ്കിലും പഴക്കമുള്ള ബന്ധമായിരിക്കണം എന്നതാണ് ഒരു നിബന്ധന. ഇതിനും തെളിവ് ആവശ്യമാണ്. ഒരുമിച്ചുള്ള ഫോട്ടോയും പ്രണയലേഖനവുമൊക്കെ തെളിവായി പരിഗണിക്കും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക