Image

തിരിച്ചുവരാത്ത ലോകത്തേക്ക് അമ്മ പോയതറിയാതെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുട്ടി; കുടിയേറ്റ പ്രതിസന്ധിയുടെ കരളലിയിക്കുന്ന കാഴ്ച്ച

Published on 27 May, 2020
തിരിച്ചുവരാത്ത ലോകത്തേക്ക് അമ്മ പോയതറിയാതെ   വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്ന കുട്ടി; കുടിയേറ്റ പ്രതിസന്ധിയുടെ കരളലിയിക്കുന്ന കാഴ്ച്ച

പട്‌ന: കുടിയേറ്റ തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ടുള്ള ദാരുണ സംഭവങ്ങള്‍ക്ക് ശമനമില്ല. ആരുടെയും കരളലയിപ്പിക്കുന്ന അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബിഹാറിലെ മുസാഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനിലെ ദൃശ്യമാണ് വേദനയായി മാറുന്നത്.


അമ്മ മരിച്ചതറിയാതെ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കൊച്ചു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അമ്മയുടെ ദേഹത്തുള്ള പുതപ്പ് എടുത്തു മാറ്റി ഉണര്‍ത്താനാണ് കുട്ടി ശ്രമിക്കുന്നത്.


കടുത്ത ചൂടും പട്ടിണിയും നിര്‍ജ്ജലീകരണവും കാരണമാണ് കുടിയേറ്റ തൊഴിലാളിയായ 23കാരി മരിച്ചത്. ഗുജറാത്തില്‍ നിന്ന് എത്തിയ ശ്രമിക് ട്രെയിനിലാണ് ഇവര്‍ മുസാഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയത്.


ഭക്ഷണവും വെള്ളവും ലഭിക്കാതെ യുവതി ട്രെയിനില്‍ വച്ച്‌ തന്നെ ക്ഷീണിതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഗുജറാത്തില്‍ നിന്ന് തിങ്കളാഴ്ചയാണ് യുവതിയും ബന്ധുക്കളും ട്രെയിനില്‍ പുറപ്പെട്ടത്. മുസാഫര്‍പുരിലെത്തുമ്ബോഴേക്കും പട്ടിണിക്കൊപ്പം കടുത്ത ചൂടും നിര്‍ജലീകരണവും കാരണം അവര്‍ മരിക്കുകയായിരുന്നു.

മൃതദേഹം സ്റ്റേഷനില്‍ കിടത്തിയ സമയത്താണ് യുവതിയുടെ ദേഹത്തുള്ള പുതപ്പ് മാറ്റി മരിച്ചതറിയാതെ കുഞ്ഞ് ഉണര്‍ത്താന്‍ ശ്രമിക്കുന്നത്. യുവതിക്കൊപ്പം സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും രണ്ട് കുട്ടികളുമായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. കത്തിഹാറിലേക്ക് പോകുകയായിരുന്നു ഇവര്‍. യുവതി മരിച്ചതോടെ അധികൃതര്‍ മുസാഫര്‍പുരില്‍ ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക