Image

സഫൂറ സര്‍ഗറിന്‍െറ ജാമ്യം നിഷേധിച്ചു, തടവ് ജൂണ്‍ 25 വരെ നീട്ടി

Published on 26 May, 2020
സഫൂറ സര്‍ഗറിന്‍െറ ജാമ്യം നിഷേധിച്ചു, തടവ് ജൂണ്‍ 25 വരെ നീട്ടി
ന്യൂഡല്‍ഹി: ജാമിഅ മില്ലിയ ഇസ്‌ലാമിയയില്‍ പൗരത്വ സമരം നയിച്ചതിന് ഡല്‍ഹി പൊലീസ് വര്‍ഗീയാക്രമണക്കേസില്‍ കുടുക്കിയ ഗര്‍ഭിണിയായ ഗവേഷക സഫൂറ സര്‍ഗറിന് കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. ജൂണ്‍ 25 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് അവരെ വീണ്ടും തിഹാര്‍ ജയിലിലേക്ക് അയച്ചതായി അഭിഭാഷകനാണ് അറിയിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ മില്ലിയ ഇസ്‌ലാമിയയില്‍ തുടങ്ങിയ സമരം രണ്ട് തവണ പൊലീസ് സായുധമായി നേരിട്ട ശേഷവും മുന്നോട്ടുകൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വിദ്യാര്‍ഥിയാണ് സഫൂറ. െപാലീസ് അതിക്രമത്തിന് ശേഷവും സമരം തുടരുന്നതിന് പൂര്‍വ വിദ്യാര്‍ഥികളും മറ്റു വിദ്യാര്‍ഥി സംഘടനകളും വിളിച്ചുചേര്‍ത്ത പ്രഥമ യോഗത്തില്‍ അധ്യക്ഷത വഹിച്ചത് പിഞ്ച്‌റ തോഡ് എന്ന സ്ത്രീപക്ഷ സംഘടനയുടെ ജാമിഅയിലെ പ്രവര്‍ത്തക കൂടിയായിരുന്ന സഫൂറയായിരുന്നു.

ജാമിഅയിലെ അക്രമത്തിന്‍െറ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം അറസ്റ്റ് ചെയ്ത സഫൂറയെ വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയാക്രമണക്കേസിലും പ്രതി ചേര്‍ത്ത് യു.എ.പി.എ അടക്കമുള്ളവ ചുമത്തി ജയില്‍ മോചനത്തിന് വഴിയടക്കുകയായിരുന്നു. സൈബറിടത്തില്‍ അവര്‍ക്കെതിരെ വലിയ ആക്രമണവും വ്യാജ പ്രചാരണവും നടന്നു.

അതിനിടെ മുസ്തഫാബാദ് കലാപവുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്ത മുഹമ്മദ് ഇല്ല്യാസ് അന്‍വറിന് പൊലീസ് മറ്റു കേസുകളില്‍ പ്രതിയാക്കി വീണ്ടും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യിച്ചു. അറസ്റ്റിലായി രണ്ട് മാസത്തിന് ശേഷം ഈ മാസം 16ന് കോടതി ജാമ്യം അനുവദിച്ചുവെങ്കിലും തലേന്ന് ദയാല്‍ പുരി പൊലീസ് സ്‌റ്റേഷനില്‍ ഇല്യാസിനെതിരെ മറ്റൊരു എഫ്‌.െഎ.ആര്‍ ഫയല്‍ ചെയ്ത് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജാമ്യം നേടുന്നതിന് നിയമസഹായം നല്‍കിയ ഡല്‍ഹി കെ.എം.സി.സിയുടെ ലീഗല്‍ വിങ് ജാമ്യത്തുകയുമായി ജയിലില്‍ നിന്നിറക്കി കൊണ്ടുവരാന്‍ ചെന്നപ്പോഴാണ് പുതിയ കേസില്‍ അറസ്റ്റിലായത് അറിയുന്നത്. വധശ്രമം, കലാപം സൃഷ്ടിക്കല്‍, ഗൂഢാലോചന, ആയുധ നിയമം എന്നിവയെല്ലാം ചുമത്തിയാണ് രണ്ടാമത്തെ അറസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക