Image

സൗദി അറേബ്യയില്‍ നിലനില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുന്നു

Published on 26 May, 2020
സൗദി അറേബ്യയില്‍ നിലനില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുന്നു
ജിദ്ദ: സൗദി അറേബ്യയില്‍ നിലനില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണം ഘട്ടം ഘട്ടമായി നീക്കം ചെയ്യും. ഇതനുസരിച്ചു മെയ് 28 വ്യാഴം മുതല്‍ 30 ശനി വരെ രാവിലെ ആറ് മുതല്‍ വൈകുന്നേരം മൂന്നു വരെയും മെയ് 31 ഞായര്‍ മുതല്‍ ജൂണ്‍ 20 ശനിഴാഴ്ച വരെ രാവിലെ ആറ് മുതല്‍ രാത്രി എട്ട് വരെയും മക്ക ഒഴിച്ചുള്ള രാജ്യത്തിന്‍റെ എല്ലാ പ്രവിശ്യകളിലും സ്വന്തം വാഹനം ഉപയോഗിച്ച് യഥേഷ്ടം യാത്രചെയ്യാം. ഈ സമയങ്ങളില്‍ സര്‍ക്കാര്‍ സ്വകാര്യ ജീവനക്കാര്‍ക്ക് കോവിഡ് മുന്‍കരുതലോടെ ജോലിക്ക് ഹാജരാകാം.

ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിച്ച മുന്‍കരുതലുകള്‍ പാലിച്ച് രാജ്യത്തെ ആരാധനാലയങ്ങളും മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളും മാളുകളുമെല്ലാം തുറക്കാനുള്ള അനുമതിയായി. മെയ് 31 ഞായറാഴ്ച മുതല്‍ നിര്‍ബന്ധ നമസ്കാരങ്ങള്‍ക്കും ജുമുഅ പ്രാര്‍ത്ഥനക്കും പള്ളികളില്‍ അനുമതി നല്‍കി. ജൂണ്‍ അഞ്ചാം തിയതി വെള്ളിയാഴ്ച മുതല്‍ പള്ളികളില്‍ ജുമുഅ നടക്കും. എന്നാല്‍ മക്കയിലെ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് അനുമതി നല്‍കിയിട്ടില്ല. ശാരീരിക അകലം പാലിക്കാന്‍ കഴിയാത്ത ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ സ്‌പോര്‍ട്‌സ് ആന്‍റ് ഹെല്‍ത്ത് ക്ലബ്ബുകള്‍, വിനോദ കേന്ദ്രങ്ങള്‍, സിനിമ തിയേറ്ററുകള്‍ എന്നിവക്കുള്ള നിയന്ത്രണങ്ങള്‍ തുടരും.

ആഭ്യന്തര വിമാന സര്‍വീസുകളും ഉടന്‍ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സര്‍വീസുകള്‍ ആരംഭിക്കുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല. വിമാന സര്‍വീസുകള്‍ മുന്‍കരുതലോടെ ഘട്ടം ഘട്ടമായാരിക്കും ആരംഭിക്കുക. 50 ല്‍ കുറഞ്ഞ ആളുകള്‍ പങ്കെടുക്കുന്ന വിവാഹ പാര്‍ട്ടികള്‍ക്കും മരണാന്തര പ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം അനുമതി നല്‍കിയിട്ടുണ്ട്.

റസ്റ്റോറന്റുകളിലും കഫേകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും ഇളവ് അനുവദിച്ചു. മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന ചട്ടങ്ങള്‍ക്ക് വിധേയമായി ആളുകളെ അകത്ത് പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാം. ജൂണ്‍ 21 മുതല്‍ രാജ്യം സാധാരണ നിലയിലേക്ക് എത്തും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക