Image

'കേട്ടതില്‍ വിഷമമുണ്ട് ടൊവീ'; സിനിമ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍

Published on 26 May, 2020
'കേട്ടതില്‍ വിഷമമുണ്ട് ടൊവീ'; സിനിമ സെറ്റ് തകര്‍ത്ത സംഭവത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍

മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്തതിനെതിരെ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാനും. കേട്ടപ്പോള്‍ തനിക്ക് ദുഃഖം തോന്നിയെന്നും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും വികാരങ്ങളും ചിലര്‍ക്ക് മനസ്സിലാകില്ലെന്നും ദുല്‍ഖര്‍ കുറിച്ചു. ട്വിറ്ററിലൂടയായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.


"കേട്ടപ്പോള്‍ ദു:ഖം തോന്നി ടൊവീ, ചില ആളുകള്‍ക്ക് മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളും വികാരങ്ങളും ചിലതൊക്കെ ഉണ്ടാക്കിയെടുക്കാനുള്ള പരിശ്രമങ്ങളും ഒന്നും മനസിലാകില്ല. താങ്കള്‍ക്കും സോഫിയാ മാമിനും മറ്റു ടീമംഗങ്ങള്‍ക്കും ഞാന്‍ പിന്തുണ പ്രഖ്യാപിക്കുന്നു" ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.


ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിനു വേണ്ടി ആലുവ മണപ്പുറത്ത് തയ്യാറാക്കിയ ഷൂട്ടിംഗ് സെറ്റ് വര്‍ഗീയവാദികള്‍ തകര്‍ത്തതിനെതിരെ മലയാള സിനിമ ലോകത്തു നിന്നും ശക്തമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്. 


സിനിമ സംഘടനകളും അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ രംഗത്തു വന്നിരിക്കുന്നത്.


സെറ്റ് തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. സെറ്റ് തകര്‍ത്തുവെന്ന് അവകാശപ്പെട്ട രാഷ്ട്രീയ ബജ്രംഗ്ദള്‍ എന്ന സംഘടനയുടെ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂരിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക