Image

സാമൂഹ്യ മാധ്യമങ്ങളില്‍ സൈന്യത്തെ അധിക്ഷേപിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളാരംഭിച്ചു

Published on 25 May, 2020
സാമൂഹ്യ മാധ്യമങ്ങളില്‍ സൈന്യത്തെ അധിക്ഷേപിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളാരംഭിച്ചു

കോട്ടയം ; സാമൂഹ്യ മാധ്യമങ്ങളില്‍ സൈന്യത്തെ അധിക്ഷേപിച്ച സംഭവത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം നടപടികളാരംഭിച്ചു. ഇക്കാര്യം കേന്ദ്ര അഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അശോക് കുമാര്‍പാല്‍ പരാതിക്കാരനായ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസിനെ അറിയിച്ചു. 


നടപടിക്രമങ്ങളുടെ ഭാഗമായി പരാതി കേന്ദ്ര പ്രതിരോധ സെക്രട്ടറിക്കും സംസ്ഥാന അഭ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്കും കേന്ദ്ര അഭ്യന്തരമന്ത്രാലയം കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ നേരത്തെ മുഖ്യമന്ത്രി ഡി ജി പിയ്ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.


എഴുത്തുകാരനായ എസ് ഹരീഷാണ് കഴിഞ്ഞ 18-നു സൈന്യത്തെ അധിക്ഷേപിച്ചു സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടത്. സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാത്ത വിഭാഗമാണ് പട്ടാളം എന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. വിമുക്തഭടന്മാര്‍ക്കെതിരെയും അധിക്ഷേപം നടത്തിയിരുന്നു. 


ഹരീഷിന്‍്റെ പോസ്റ്റിനെ അനുകൂലിച്ചു പോസ്റ്റിട്ടവര്‍ക്കെതിരെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. ഇവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നാണ് സൂചന. ഹരീഷിന്‍്റെ പോസ്റ്റിനെതിരെ വിമുക്തഭടന്മാരടക്കമുള്ളവര്‍ പ്രതിഷേധിച്ചിട്ടുണ്ട്.


സൈന്യത്തെ അധിക്ഷേപിച്ചു ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢാലോചന നടന്നിട്ടുള്ളതായി സംശയമുണ്ടെന്നു മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി. എസ് ഹരീഷ് സൈന്യത്തെ അധിക്ഷേപിച്ചതു സംബന്ധിച്ചു സാഹിത്യ-സാംസ്കാരിക രംഗത്തുള്ളവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ഫൗണ്ടേഷന്‍ ആവശ്യപ്പെട്ടു. 


രാജ്യത്തിന് എസ് ഹരീഷിനെപ്പോലുള്ള സാഹിത്യ പ്രവര്‍ത്തകര്‍ അനിവാര്യമല്ല.


കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ മുഴുവന്‍ സാഹിത്യ സമ്മേളനങ്ങളും അവാര്‍ഡുകളും കുറഞ്ഞത് അഞ്ച് വര്‍ഷത്തേയ്ക്ക് റദ്ദാക്കണമെന്നും ഇതിനായി മാറ്റി വച്ചിട്ടുള്ള തുകകള്‍ കര്‍ഷകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സൈനികരുടെയും ക്ഷേമത്തിനായി വിനിയോഗിക്കണമെന്നും ഫൗണ്ടേഷന്‍ നിര്‍ദ്ദേശിച്ചു. 


രാജ്യത്തെ എല്ലാ സാഹിത്യ സമിതികളും അടിയന്തിരമായി പിരിച്ചുവിടണം. ഇക്കാര്യമുന്നയിച്ചു രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍, സാംസ്കാരിക മന്ത്രിമാര്‍ എന്നിവര്‍ക്കു നിവേദനം നല്‍കും. എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാബു എബ്രാഹം, സുമിത കോര, അനൂപ് ചെറിയാന്‍, ജസ്റ്റിന്‍ ജോര്‍ജ്, വിഷ്ണു കെ ആര്‍, ജോബി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക