Image

ഉത്രയുടെ കൊലപാതകം: ഭര്‍ത്താവും പാമ്പുകളെ നല്‍കിയ ആളും അറസ്റ്റില്‍

Published on 24 May, 2020
ഉത്രയുടെ കൊലപാതകം: ഭര്‍ത്താവും പാമ്പുകളെ നല്‍കിയ ആളും അറസ്റ്റില്‍
അഞ്ചല്‍ (കൊല്ലം): സ്വദേശിനി ഉത്ര പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. സൂരജിന്റെ സുഹൃത്തും പാമ്പുകളെ നല്‍കുകയും ചെയ്ത കല്ലുവാതുക്കല്‍ സ്വദേശി സുരേഷാണ് അറസ്റ്റിലായ രണ്ടാമനെന്ന് കൊല്ലം റൂറല്‍ എസ്.പി. ഹരിശങ്കര്‍ അറിയിച്ചു. സുരേഷ് പാമ്പു പിടുത്തക്കാരനാണ്.

ഫെബ്രുവരി മാസം അവസാനം സുരേഷ് മുഖാന്തരം സൂരജ് ഒരു അണലിയെ കൈക്കലാക്കിയിരുന്നു. ആ പാമ്പിനെ ഉപയോഗപ്പെടുത്തി സൂരജിന്റെ അടൂരിലെ വീട്ടില്‍ വെച്ച് ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. അന്ന് പാമ്പു കടിയേറ്റതിനെ തുടര്‍ന്ന് ഉത്ര ദീര്‍ഘകാലം ചികിത്സയിലായിരുന്നു. ഏപ്രില്‍ 22നാണ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയി അഞ്ചലിലെ വീട്ടിലേക്ക് ഉത്ര പോകുന്നത്.

അണലിയെ ഉപയോഗിച്ചുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെന്ന് മനസ്സിലാക്കിയ സൂരജ്, ഉത്ര വീട്ടിലെത്തിയ രണ്ടാംദിവസം(മാര്‍ച്ച് 24ന്) സുരേഷുമായി ബന്ധപ്പെട്ട് മൂര്‍ഖന്‍ പാമ്പിനെ വാങ്ങി. പിന്നീട് അവസരത്തിനായി കാത്തിരുന്നു. കട്ടിലിന്റെ അടിയില്‍ ബാഗിനുള്ളില്‍ ഒരു ഡബ്ബയിലാക്കിയാണ് മൂര്‍ഖനെ സൂക്ഷിച്ചിരുന്നത്.

മേയ് ആറിന് രാത്രി പാമ്പിനെ പുറത്തെടുത്ത് ഉത്രയുടെ ദേഹത്തേക്ക് ഇടുകയായിരുന്നു. പാമ്പ് രണ്ടുതവണ ഉത്രയെ കൊത്തുന്നത് സൂരജ് കട്ടിലില്‍ ഇരുന്ന് കണ്ടു. പാമ്പിനെ തിരിച്ച് ഡബ്ബയിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റേദിവസം രാവിലെ അമ്മയെത്തി ഉത്രയെ വിളിച്ചേല്‍പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഉത്രയുടെ അമ്മയും സഹോദരനും സൂരജും ചേര്‍ന്ന് അഞ്ചല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ചാണ് മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ അലമാരയുടെ അടിയില്‍നിന്ന് പാമ്പിനെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തു.

90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും എസ്.പി. പറഞ്ഞു. ഉത്രയുമായുള്ള കുടുംബജീവിതത്തില്‍ സൂരജ് സംതൃപ്തനായിരുന്നില്ല. സാമ്പത്തിക കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നും 98 പവനോളം സ്വര്‍ണം ഉത്രയില്‍നിന്ന് സ്ത്രീധനമായി വാങ്ങിയിരുന്നു. പണം ആവശ്യത്തിന് ലഭിച്ചശേഷം ഉത്രയെ ഒഴിവാക്കി കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതത്തിലേക്ക് പോകാനുള്ള ആഗ്രഹമാണ് സൂരജിനെ കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്നും എസ്.പി. ഹരിശങ്കര്‍ വ്യക്തമാക്കി.

Join WhatsApp News
JACOB 2020-05-24 15:25:10
I hope this dowry system will come to an end in India. The greed for dowry money creates all kinds of problems including murder.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക