Image

കുടമാറ്റം (രാജു മൈലപ്രാ)

Published on 24 May, 2020
കുടമാറ്റം (രാജു മൈലപ്രാ)
("നിഷ്ക്രിയ മനസ് പിശാചിന്റെ പണിപ്പുരയാണ്')

ഈ നശിച്ച കൊറോണ മൂലം എന്തെല്ലാം അവസരങ്ങളാണ് അമേരിക്കയിലെ മലയാളി സംഘടനാ നേതാക്കന്മാര്‍ക്ക് നഷ്ടമായത്. കാര്യങ്ങളെല്ലാം അതിന്റെ മുറപോലെ നടക്കുകയായിരുന്നെങ്കില്‍, ഒരു മാസം കഴിയുമ്പോഴേയ്ക്കും ഫൊക്കാന-ഫോമ ദേശീയ കണ്‍വന്‍ഷനുകള്‍ക്ക് തിരി തെളിഞ്ഞേനേ! അതിന്റെ പേരില്‍ എത്രയെത്ര വാര്‍ത്താകുറിപ്പുകള്‍ വന്നേനെ ! എത്രയെത്ര കമ്മിറ്റികള്‍, സബ് കമ്മിറ്റികള്‍- അതിന്റെയെല്ലാം ചുക്കാന്‍ പിടിക്കുന്നവരുടെ ചെറുപ്പകാലത്തെ ചിരിച്ചുകൊണ്ടുള്ള ഫോട്ടോകള്‍- "ഫൊക്കാന കണ്‍വന്‍ഷന് താര ചക്രവര്‍ത്തി മമ്മൂട്ടി എഴുന്നെള്ളുമ്പോള്‍, ഫോമ കണ്‍വന്‍ഷന് താര സൂര്യന്‍ മോഹന്‍ലാല്‍ മോടിപിടിപ്പിക്കുന്നു.'- തുടങ്ങിയ പൊള്ളയായ പരസ്യവാചകങ്ങള്‍- "ഞാന്‍ പ്രസിഡന്റായാല്‍ അമേരിക്കന്‍ മലയാളികള്‍ക്ക് നേടിക്കൊടുക്കുന്ന നേട്ടങ്ങള്‍' - എന്നു കാശുകൊടുത്ത് എഴുതിപ്പിച്ച ഒരു ഇന്റര്‍വ്യൂ....ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ച കഞ്ചകിഞ്ചിതനാകുന്നു.

പക്ഷെ അങ്ങിനെയൊന്നും തോറ്റുതരുവാന്‍ ഈ ചന്തുവിനു മനസ്സില്ല കൊറോണാ മക്കളെ! ഫൊക്കാന- ഫോമാക്കാരോടാ നിങ്ങളുടെ കളി- പോയി തരക്കാരോടു കളിക്കടാ, മോനേ ദിനേശാ! വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍. ഈ കൊറോണയെ വച്ചൊരു കളികളിക്കും-
ഇനിയാണ് പൂരം-
തിരുവാമ്പാടിക്കാരും പാറമേക്കാവുകാരും നേര്‍ക്കുനേര്‍-
ഫൊക്കാനയും ഫോമയും തോളോടുതോള്‍ ചേര്‍ന്നുനിന്നു സര്‍വ്വമത പ്രാര്‍ത്ഥന നടത്തി.
"ലോകാ സമസ്തു സുഖിനോ ഭവന്തു'- എല്ലാവരും ഏറ്റുചൊല്ലി.

"ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ
മിഴിതുറക്കൂ' എല്ലാവരും ഒരുമിച്ച് പാടി.
കാര്യങ്ങളെല്ലാം ചിട്ടയായി നടക്കണമല്ലോ! ഈ രണ്ടു ഗ്രൂപ്പിലും പെടാത്ത 'അല' (ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക) ബഹുമാനപ്പെട്ട അസംബ്ലി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ അമരത്തിരുത്തി.

മെയ് രണ്ടിനു ബഹുമാനപ്പെട്ട മന്ത്രി തോമസ് ഐസക്കുമായി ടെലി കോണ്‍ഫറന്‍സ്-
"നയാ പൈസ ഇല്ല, കൈയില്‍ നയാ പൈസ ഇല്ല' എന്ന പാട്ട് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഒരുവിട്ട് നടക്കുന്ന അദ്ദേഹം അമേരിക്കന്‍ മലയാളികള്‍ക്ക് എന്തു സഹായം ചെയ്യാന്‍?

അതിനു മുമ്പ് മെയ് ഒന്നിനു ഫൊക്കാന മജീഷ്യന്‍ മുതുകാടിനെ വെച്ച് ഒരു അനുസ്മരണ സ്വാന്തന ചടങ്ങ് നടത്തി. ദുഖിച്ചിരിക്കുന്നവര്‍ക്ക് "മാജിക് ഷോ' ഒരു ആശ്വാസമാണല്ലോ!
അതൊരു സാമ്പിള്‍ വെടിക്കെട്ട്.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മെയ് ഒമ്പതിനു വിശ്വപൗരന്‍ ശശി തരൂരിനെ രംഗത്തിറക്കി തങ്ങളുടെ സാന്നിധ്യം അറിയിച്ചു.
"ഫൊക്കാനയും' ഒരു സാന്ത്വന സംഗമം നടത്തി. ബഹു. പ്രേമചന്ദ്രനും, മേജര്‍ രവിയുമായിരുന്നു താരങ്ങള്‍.

മെയ് 17-നു വേള്‍ഡ് മലയാളി കൗണ്‍സില്‍ വിദഗ്ധ ഡോക്ടര്‍മാരെക്കൂടാതെ, വി.ടി ബല്‍റാമിനേയും, സംവിധായകന്‍ സിദ്ധിഖിനേയും തങ്ങളുടെ സങ്കടങ്ങള്‍ അറിയിച്ചു. പൂച്ചയ്‌ക്കെന്താണ് ആലൂക്കാസില്‍ കാര്യമെന്ന് അറിയാതെ ചിന്തിച്ചുപോയി.

ഫോമാ കളമൊന്നു മാറ്റിച്ചവിട്ടി. കേരളം വിട്ട് കേന്ദ്രത്തിലേക്ക് ചാടി. വിദേശകാര്യ സഹമന്ത്രി ബഹുമാനപ്പെട്ട വി. മുരളീധരനുമായി ഒരു "വെബിനാറ്'- കാര്യങ്ങളെല്ലാം അനുഭാവപൂര്‍വം പരിഗണിക്കാമെന്നു പറഞ്ഞ് അമേരിക്കന്‍ മലയാളികളെ ആശ്വസിപ്പിച്ചു. കാര്യങ്ങളൊന്നും നടന്നില്ലെങ്കില്‍ തന്നെയും 'ഫോമയുടെ ഇടപെടല്‍; അമേരിക്കയില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍' എന്നൊരു വാര്‍ത്തയ്ക്കുള്ള വക കിട്ടി.

അപ്പോഴിതാ ദേ വരുന്നു- ആലവട്ടം, വെഞ്ചാമരം, താലിപ്പീലി നെറ്റിപ്പട്ടം. പഞ്ചവാദ്യമേളവും, ഇലഞ്ഞിത്തറ മേളവും ഒരുമിച്ച്.

ഊരിപ്പിടിച്ച കത്തികളുടേയും, വെട്ടിത്തിളങ്ങുന്ന വടിവാളുകളുടേയും ഇടയില്‍ക്കൂടി സ്ലോമോഷനില്‍ നെഞ്ചും വിരിച്ച് നടന്നുപോയ ഇരട്ടച്ചങ്കന്‍- ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി സാക്ഷാല്‍ പിണറായി വിജയന്‍.

"ഫൊക്കാന'യുടെ തലതൊട്ടപ്പന്‍ ഡോ. അനിരുദ്ധന്‍ (നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍) സാരഥ്യമരുളിയ ഈ 'സൂം മീറ്റിംഗില്‍' പങ്കെടുക്കാന്‍ ഫോമക്കാര്‍ക്ക് ഒരു വൈക്ലബ്യം. ഔദ്യോഗിക ക്ഷണം കിട്ടിയില്ല എന്നൊരു മുടന്തന്‍ ന്യായം പറഞ്ഞ് അവര്‍ ഈ മീറ്റിംഗ് ബഹിഷ്കരിച്ചു.

"ബഹിഷ്കരണം' ഒരു വാര്‍ത്തയാക്കി പ്രസിദ്ധീകരിച്ച് അവര്‍ സ്വയം അപഹാസ്യരായി. ഇനി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഏഴയലത്ത് 'ഫോമ' എന്നൊരു ലേബലുമായി ആരെങ്കിലും പ്രവേശിക്കാന്‍ ശ്രമിച്ചാല്‍, വിവരം അറിയും.
സഖാവ് പിണറായി വിജയനെയല്ല, മറിച്ച് കേരളാ മുഖ്യമന്ത്രിയേയാണ് നിങ്ങള്‍ അപമാനിച്ചത്.

പോട്ടെ! സാരമില്ല- ഇത് അങ്ങിനെ വിട്ടുകൊടുക്കാന്‍ പറ്റുകയില്ലല്ലോ! നമുക്ക് പറ്റുമെങ്കില്‍ മോദിജിയെ ഇറക്കി ഒരു കളി കളിക്കണം.

ഫൊക്കാനയും- ഫോമയും ഒന്നും കണ്‍വന്‍ഷന്‍ ക്യാന്‍സല്‍ ചെയ്യേണ്ട കാര്യമില്ല. ടെലി- വെബിനാര്‍- വെര്‍ച്വല്‍, സൂം എന്തെല്ലാം സാധ്യതകളാണ് നമ്മുടെ മുമ്പില്‍ തെളിഞ്ഞുവരുന്നത്.

ഫൊക്കാനക്കാര് "സൂം' കണ്‍വന്‍ഷന്‍ നടത്തിയാല്‍, ഫോമക്കാര്‍ "വെബിനാര്‍' കണ്‍വന്‍ഷന്‍ നടത്തണം.

ഏതായാലും ഇതുവരെ നടത്തിയ പരിപാടികള്‍കൊണ്ട് നമുക്ക് ഗുണമുണ്ടായില്ലെങ്കിലും, തീര്‍ച്ചയായും ഒരു ദോഷവുമുണ്ടാകില്ല.
"ഒന്നും ചെയ്യതാരിക്കുന്നതിനേക്കാളും നല്ലതാണല്ലോ, ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാള്‍ നല്ലത്'.

നമ്മുടെ ബഹുമാനപ്പെട്ട പ്രസിഡന്റ് കൊറോണ ടെസ്റ്റിനുശേഷം പറഞ്ഞതുപോലെ, 'ബി പോസിറ്റീവ് റ്റുവേഡ്‌സ് നെഗറ്റീവ്'.

(കഴിഞ്ഞ ലക്കത്തിലെ എന്റെയൊരു കഥാലേഖനത്തിനു - പച്ചമാങ്ങാ- ശ്രീ ഗിരീഷ് നായര്‍ എഴുതിയ പ്രതികരണം ഒരു പ്രചോദനം).

Join WhatsApp News
2020-05-24 10:30:17
ഫൊക്കാനക്കാർക്കും ഫോമാക്കാർക്കും മീഡിയ മാനിയ. കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ നേതാക്കൻമ്മാർക്കും അവസരം ജെകൊടുക്കണ
Observer 2020-05-24 10:39:08
FOKANA is leading the the tele and zoom race right now. ALA is right behind. FOMAA should include new team members to catch-up. World Malayalee Council and Overseas congress has no chance. Thanks for bringing back spirit of rivalvery among american malayalees.
nadukaani 2020-05-24 12:20:15
എന്റെ ചക്കരേ ...മുത്തേ ..നീ മാത്രമേയുള്ളു സ്വന്തം പേരിൽ ഉള്ളത് ഉള്ളതുപോലെ തുറന്നു പറയുന്നവൻ. പലപ്പോഴും ഞാൻ സ്വന്തം പേരിൽ എഴുതാൻ മുതിർന്നിട്ടുണ്ട്. ഉത്തരയെ ഭർത്താവ് മൂർഖനേയും കൊണ്ട് കൊത്തിച്ചു കൊന്നതുപൊലെ ഞാൻ ആരെന്നറിഞ്ഞാൽ സെക്കന്റ്‌ വച്ച് എന്നെയും കൊല്ലാൻ ഇവന്മാർ മടിക്കില്ല . ഈ അത്തപ്പാടിയെ കൊന്നാൽ എന്റെ കുടുംബം വഴിയാധാരമാവും എന്ന യാഥാർഥ്യം അറിയാവുന്നതുകൊണ്ടാ പല തൂലികാ നാമത്തിൽ ഞാൻ ഇതെഴുതുന്നത് . ആകെ അറിയാവുന്നതു അൽപ്പം മലയാള ഭാഷ മാത്രമാ. ജീവിത സാഹചര്യങ്ങൾ വളരെ മോശം. ഒപ്പം ആരോഗ്യവും വളരെ മോശം . പക്ഷെ, ഞാൻ പൊതു സമൂഹത്തിൽ അറിയപ്പെടുന്നവൻ എന്ന സത്യം തുറന്നു പറയട്ടെ. പേരുകൊണ്ടും പ്രശസ്തികൊണ്ടും ഒന്നും പ്രയോജനമില്ല എന്ന പച്ച പരമാർത്ഥം ഈ കൊറോണാ കാലത്തു തിരിച്ചറിഞ്ഞ ഒരു പാവം പ്രവാസിയാണ് ഞാൻ. വിശപ്പിന്റെ വിലയറിഞ്ഞ പ്രവാസി . മൈലപ്രാ എന്ന ദേശത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന പ്രിയ രാജു സാർ- അനുശോചനം അരോചകമാകുമ്പോൾ എന്ന നിങ്ങളുടെ ആദ്യ ലേഖനമാണ് അവരെ അതിൽ നിന്നും ആദ്യം പിന്തിരിപ്പിച്ചത് . അല്ലെങ്കിൽ മരിക്കാത്തവരുടെ പടവുമിട്ട് സർവ്വമത പ്രാർത്ഥനയും അനുശോചനവും നടത്തി മൊത്തത്തിനെയും കൊന്നേനെ. രണ്ടു സംഘടനകളുടെയും നോട്ടപ്പുള്ളിയാണ് നിങ്ങൾ . ഈ സൂമും ടെലി കോൺഫറൻസും ഒന്ന് നിരോധിക്കാൻ പറ്റുമോ . ഇന്ന് എല്ലാവനും സൂമും ടെലി കോൺഫറൻസും വിനോദം ആണ് . മന്ത്രി ..തന്ത്രി , അച്ചൻ മെത്രാൻ എല്ലാം ചൊറിയും കുത്തിയിരിപ്പാ..ആരെ വേണമെങ്കിലും കിട്ടും . സർവ്വ മത പ്രാർത്ഥനയ്ക്ക് രാമായണം വായിക്കാനും മെത്രാൻ റെഡി എന്ന സ്ഥിതിയാണ് ഇപ്പോൾ . ശവമടക്കിനു ലക്ഷങ്ങൾ എറിഞ്ഞാലും വരാത്ത ഇവർക്ക് ഇപ്പോൾ ഒന്നും കൊടുക്കണ്ട..വിളിച്ചാൽ മാത്രം മതി .വീട്ടിലെ പൊടി തൂക്കാത്ത അച്ചായന്മാർ കൃഷിപാഠം ...ആന്റിമാർ കാബറെ .. മടുത്തു ..
Sasidharan Nair 2020-05-24 13:33:27
Thank you Raju for your funny but wise Thoughts. I enjoyed it Keep it up
അച്ചായൻ 2020-05-25 23:34:55
കുറ്റം പറയുന്ന ഈ മൈലപ്ര അച്ചായനും ഈ കോളുകളിൽ ഒക്കെ കേറി അനുശോചനവും ആശംസകളും അറിയിക്കാറുണ്ട്. ഇപ്പോഴത്തെ സംഘടനാ സൂമുകളിൽ അദ്ദേഹത്തിന് വലിയ പ്രചാരം ഇല്ലാത്തതിനാൽ ഇതിനെ കുറ്റം പറഞ്ഞു എഴുതുകയും ചെയ്യുന്നു. കയ്യടി കിട്ടുകയും ചെയ്യും. കഷ്ടം തന്നെ. കയ്യടി ആണല്ലോ നമുക്കെല്ലാം വേണ്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക