Image

കാര്‍ക്കശ്യത്തിന് കുറവില്ല, "75'ല്‍ സൗമ്യഭാവത്തിനും തിളക്കമേറെ (ശ്രീനി)

Published on 24 May, 2020
കാര്‍ക്കശ്യത്തിന് കുറവില്ല, "75'ല്‍ സൗമ്യഭാവത്തിനും തിളക്കമേറെ (ശ്രീനി)
"മുഖ്യമന്ത്രിക്കസേരയിലേക്ക് ഒരു സുപ്രഭാതത്തില്‍ ആകാശത്തു നിന്നും പൊട്ടിവീണ ആളല്ല ഞാന്‍. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി ഇറങ്ങിയ കാലം. അന്ന് നിങ്ങള്‍ ഊരിപ്പിടിച്ച കത്തികളുടെയും ഉയര്‍ത്തിപ്പിടിച്ച വടിവാളുകളുടെയും നടുവിലൂടെ നടന്നുപോയ ആളാണ് ഞാന്‍...''. ഒരിക്കല്‍ ആര്‍.എസ്സ്.എസ്സുകാരോട് ഇങ്ങനെ പറയുമ്പോള്‍ പിണറായി വിജയന്റെ ശബ്ദത്തിന് ഒരു താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു, കാര്‍ക്കശ്യത്തിന്റെ കരുത്തുണ്ടായിരുന്നു. ഇന്ന് മെയ് 24-ാം തീയതി 75 വയസ്സ് പൂര്‍ത്തിയാകുന്ന വേളയിലും തന്റെ തനത് സ്വഭാവത്തിനും ശരീരഭാഷയ്ക്കും ഒരു തരത്തിലുള്ള ഏറ്റക്കുറച്ചിലും സംഭവിച്ചിട്ടില്ല.

ഇന്നലെ (മെയ് 23) അമേരിക്കന്‍ മലയാളികളോട് ഓണ്‍ലൈനില്‍ സംവദിക്കുമ്പോള്‍ കേരളത്തിന്റെ ഈ കരുത്തനായ മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് കരുതലിന്റെ തിളക്കമുണ്ടായിരുന്നു, സൗമ്യതയുടെ വേലിയേറ്റമുണ്ടായിരുന്നു. കടുംപിടുത്തക്കാരന്‍, പ്രത്യയശാസ്ത്ര ധാര്‍ഷ്ട്യത്തിന്റെ പര്യായം, ചിരിക്കാത്തയാള്‍, മുരടന്‍ എന്നിങ്ങനെ തനിക്കുമേല്‍ മുന്‍കാലങ്ങളില്‍ ചാര്‍ത്തപ്പെട്ട വിശേഷങ്ങള്‍ എല്ലാം പൊള്ളയാണെന്ന് തെളിയിച്ചുകൊണ്ടാണ് ഈ കോവിഡ് കാലത്ത് പിണറായി വിജയന്‍ തന്റെ ദൗത്യം ജനപക്ഷമുഖത്തോടെ നിര്‍വഹിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിനമുള്ള വാര്‍ത്താ സമ്മേളനം കേള്‍ക്കാന്‍ വൈകുന്നേരം വരെ കാത്തിരിക്കുന്ന ഒരു ജനതയുണ്ട് ഇന്ന് കേരളത്തില്‍. കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളുമെല്ലാം പിണറായി വിജയന്‍ എന്ന ബിന്ദുവിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഇത്തരത്തില്‍ അതിശക്തനായ ഒരു മുഖ്യമന്ത്രിയെ കേരളം ഇതുവരെ കണ്ടിട്ടില്ല. കേരളീയരെയും ആശങ്കയിലാക്കുന്ന കോവിഡ് 19നെ ചെറുക്കുന്നതിനു വേണ്ടിയുള്ള യുദ്ധസമാനമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാണ്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയില്‍ തന്നെ സുഭദ്രമാണ്.

അതുകൊണ്ടാണ് കോവിഡ് സമയത്തെ വാര്‍ത്താസമ്മേളനങ്ങള്‍ ഈ മുഖ്യമന്ത്രിയെ ജനഹൃദയങ്ങളിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. പ്രതിഛായ വര്‍ദ്ധിപ്പിക്കുന്നതിന് പി.ആര്‍ ഏജന്‍സിയെ ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ""എന്നെ ഈ നാടിന് അറിയാമല്ലോ...'' എന്ന വൈകാരികമായ മറുപടിയാണ് പിണറായി വിജയന്‍ നല്‍കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തന മികവിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടിയ വ്യക്തിയാണ് പിണറായി വിജയന്‍ എന്നിരിക്കെ പ്രതിപക്ഷ വിമര്‍ശനങ്ങളെ സഭ്യമായ ഭാഷയില്‍ "കുശുമ്പ്' എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. ചിക്കാഗോ ന്യൂസ്, ബി.ബി.സി, ദി ഗാര്‍ഡിയന്‍, അല്‍ ജസീറ ടി.വി, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പിണറായി വിജയനെ പ്രകീര്‍ത്തിച്ചത് പി.ആര്‍ ഏജന്‍സിയുടെ ശ്രമഫലമായാണോ എന്ന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ അന്വേഷിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

എത്രയോ വിമര്‍ശനങ്ങളെയും ആക്ഷേപശരങ്ങളെയും നേരിട്ടുകൊണ്ടാണ് ഈ കമ്മ്യൂണിസ്റ്റുകാരന്‍ ഇന്നത്തെ ഉന്നതിയില്‍ എത്തിനില്‍ക്കുന്നത്. അതുകൊണ്ടാണ് പ്രതികൂല സാഹചര്യങ്ങളില്‍ മനോനില തെറ്റാതെ ഓജസ്സോടെ പ്രവര്‍ത്തിക്കാനും ഉചിതമായ തീരുമാനം എടുക്കാനും അദ്ദേഹത്തിന് നിഷ്പ്രയാസം കഴിയുന്നത്. ഇന്ന് രാജ്യം ശ്രദ്ധിക്കുന്ന മുഖ്യമന്ത്രിയായി മാറിയ പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രക്തരൂക്ഷിതമായ ജനകീയ പോരാട്ടങ്ങളിലൂടെയും കൊടിയ പോലീസ് മര്‍ദ്ദനങ്ങളിലൂടെയും എതിരാളികളുടെ കൂരമ്പുകള്‍ക്കിടയിലൂടെയും സഞ്ചരിച്ച് വളര്‍ന്ന് പന്തലിച്ച ധീര സഖാവാണ്.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരിലെ ചുവന്ന മണ്ണില്‍ നിന്നും വിപ്ലവത്തിന്റെ ചെങ്കൊടിയുമായി വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് പിണറായി വിജയന്‍ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും ഉന്നതങ്ങളിലേക്ക് കാലിടറാതെ നടന്നുകയറിയത്. 1996 മുല്‍ 98 വരെയുള്ള കാലഘട്ടത്തില്‍ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുത വകുപ്പ് മന്ത്രിയായിരിക്കെ ലാവ്‌ലിന്‍ കമ്പനിയുമായി നടന്ന സര്‍ക്കാര്‍ ഇടപാടില്‍ പിണറായി വിജയന്‍ അഴിമതി ആരോപണത്തിന് വിധേയനായി. നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ പിണറായി വിജയനെതിരെയുള്ള കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്നാണ് ഏറ്റവുമൊടുവില്‍ തിരുവനന്തപുരം സി.ബി.ഐ കോടതി വിധി പ്രസ്താവിച്ചത്.

പാര്‍ട്ടിയിലെ വിഭാഗീയത പിണറായി വിജയന്റെ മേല്‍ ആരോപിക്കപ്പെട്ടു. 2007 ഫെബ്രുവരി 16ന് ചെന്നൈ വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കിടെ പിണറായി വിജയന്റെ ബാഗേജില്‍ നിന്നും അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തത് വലിയ വിവാദമായി. ഒരു സാധാരണ തൊഴിലാളി നേതാവായി ഉയര്‍ന്നുവന്ന പിണറായിയുടെ മകന്റെ ബര്‍ണിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ പഠനവും, മകളുടെ സ്വാശ്രയ കോളേജ് വിദ്യാഭ്യാസവുമെല്ലാം പിണറായിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ചിലതാണ്.

പിണറായി കൊട്ടാരതുല്യമായ വീട് നിര്‍മ്മിച്ചതു സംബന്ധിച്ചും വിവാദ കോലാഹലമുണ്ടായി. അതേസമയം സംസ്ഥാനത്തെ മുഖ്യധാരാ മാധ്യമങ്ങളുടെ ഭാഗമായി സി.പി.എമ്മിനെതിരെ ശക്തമായ മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് പലവട്ടം പിണറായി വിജയന്‍ ആരോപിക്കുകയുണ്ടായി. നികൃഷ്ടജീവി, വെറുക്കപ്പെട്ടവന്‍, കടക്കു പുറത്ത് തുടങ്ങിയവ അതാതു കാലങ്ങളില്‍ പിണറായി വിജയനെതിരെ മാധ്യമങ്ങള്‍ വച്ചാഘോഷിച്ച പദപ്രയോഗങ്ങളായിരുന്നു.

ഏറ്റവുമൊടുവില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന സ്പ്രിങ്ക്‌ളര്‍ വിവാദത്തിന്റെയും മുന ദയനീയമായ ഒടിഞ്ഞു പോവുകയാണുണ്ടായത്. കോവിഡ് രോഗികളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഡേറ്റ വിശകലനത്തിന് കൈമാറിയ വിവരങ്ങള്‍ വീണ്ടെടുക്കാനാവാത്ത വിധം നശിപ്പിച്ചതായി അമേരിക്കന്‍ മലയാളി രാഗി തോമസിന്റെ സ്പ്രിങ്ക്‌ളര്‍ കമ്പനി കേരള ഹൈക്കോടതിയെ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരിക്കുകയാണിപ്പോള്‍. കോവിഡ് രോഗികളുടെ വിവര ശേഖരണം നിലവില്‍ സി.ഡിറ്റിന്റെ നിയന്ത്രണത്തിലുമാണ്.

കണ്ണൂര്‍ ജില്ലയിലെ പിണറായി മാറോളി കോരന്റെയും ആലക്കാട്ട് കല്യാണിയുടെയും മകനായി 1944 മെയ് 24ന് ജനിച്ച പിണറായി വിജയന്‍ ഇന്ന് പ്രതിസന്ധി ഘട്ടത്തില്‍ കേരളത്തെ കരുതലോടെ കൈപിടിച്ചു നടത്തിക്കുന്ന മുഖ്യമന്ത്രിയായി തന്റെ നിയോഗം നിര്‍വഹിക്കുന്ന തിരക്കിലാണ്. അതുകൊണ്ടാണ് ഈ ദുരിത കാലത്തെ ജന്മദിനം, തന്നെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങളൊന്നുമില്ലാത്ത സാധാരണദിനമാണെന്ന് അദ്ദേഹം പറഞ്ഞത്. കാര്‍ക്കശ്യത്തിന് മങ്ങലേറ്റിട്ടില്ലെങ്കിലും സൗമ്യനാവേണ്ട ഘട്ടങ്ങളില്‍ അതും തനിക്ക് നല്ലപോലെ വഴങ്ങുമെന്നാണ് അദ്ദേഹം നിത്യേനയെന്നോണം തെളിയിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ സൗമ്യത തന്റെ മേല്‍ കുതിരകേറാനുള്ള ലൈസന്‍സായി ആരെങ്കിലും കണക്കാക്കിയാല്‍ അവരെ ആജ്ഞാ സ്വരത്തില്‍ നിഷ്പ്രഭമാക്കാനുള്ള ജന്മഗുണവും അനുഭവസമ്പത്തും പ്രത്യയശാസ്ത്ര ബലവും പിണറായി വിജയന് കൈമുതലായുണ്ട്. 75ഉം കടന്ന് സഞ്ചരിക്കുമ്പോള്‍ വ്യക്തി ജീവിതത്തിലും പാര്‍ട്ടി ജീവിതത്തിലും പൊതുജീവിതത്തിലും നേടിയ വിലപ്പെട്ട സമ്പത്തിന് ഊനം തട്ടുമെന്ന് കരുതേണ്ടതില്ല. കാരണം അണുവിട വിട്ടുവീഴ്ചയില്ലാത്ത കമ്മ്യൂണിസ്റ്റില്‍ നിന്ന് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായാണ് പിണറായി വിജയന്‍ വളര്‍ന്നെത്തിയിരിക്കുന്നത്. മഹാ പ്രളയത്തിനു മുന്നില്‍ പതറാത്ത മനസ്സ് വൈറസിനു മുന്നിലും കരുത്തുറ്റതു തന്നെ.

ലാല്‍ സലാം...സഖാവേ...ലാല്‍ സലാം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക