Image

ജീവിതത്തിന്‍ സായംസന്ധ്യയില്‍ (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

Published on 23 May, 2020
ജീവിതത്തിന്‍ സായംസന്ധ്യയില്‍ (ഗദ്യകവിത: വാസുദേവ് പുളിക്കല്‍)
വഴിയോരത്തെ പാര്‍ക്കില്‍ മേശയ്ക്കു ചുറ്റും
കുശലം പറഞ്ഞിരിക്കും വിഭിന്നദേശക്കാര്‍.
ജീവിതത്തിന്‍ സായം സന്ധ്യയില്‍
ഇരുട്ടു കാത്തിരിക്കും ക്ഷീണിതര്‍.
ജീവിതഭാരമിറക്കിവച്ചവര്‍ സ്വസ്ഥരായ്
സാന്ത്വനത്തിന്‍ തണലാസ്വദിക്കയോ?
നിരാശരായ് ദുഃഖത്തിന്‍ ചുരുളഴിക്കയോ?
ചക്രവാള സീമയില്‍ മറയും സൂര്യനവരുടെ  -
ജീവിതയാത്രാന്ത്യത്തിന്‍ പ്രതീകമോ?
അവരുടെ കുശലപ്രശ്‌നത്തില്‍ച്ചേരാന്‍
ഞാനുമെത്തിയവിടെ വൈകാതെ.

യൗവനത്തിലെ വീരഗാഥകള്‍ പാടാന്‍
 അവര്‍ക്കുണ്ടഭിമാനവും വചാലതയും 
എന്നാലിപ്പോഴടിമത്വച്ചങ്ങലയിട്ട പോല്‍
എല്ലാത്തിനുമൊരു വഴങ്ങിക്കൊടുക്കല്‍.
ഹതഭാഗ്യര്‍ നിരാശര്‍, ദുഃഖിതര്‍  
അറിയുന്നോ മക്കളവരുടെ തേങ്ങലുകള്‍. 
ബേബിസിറ്റിംഗ് അല്ലെങ്കില്‍ വൃദ്ധസദനം!
മക്കളുടെ ഭീഷണിയിലവര്‍ നിസ്സഹായര്‍.
ഗര്‍ഭപാത്രത്തിനുപോലും വിലപേശും
സാമുഹ്യനീതിയില്‍ ബ്ലാക്ക്‌മെയിലിന്‍ വ്യാപ്തി
പവിത്രമാം ഗര്‍ഭപാത്രത്തിന്നറ്റം വരെ.
സദനത്തില്‍ കൊതുകിന്റെ കുത്തലില്ലാതെ
മക്കളുടെ മണിമാളികയില്‍ സംതൃപ്തി.
  അവഗണനയുടെ വേദനയിലും ദുഃഖത്തിലും
പേരക്കുട്ടികളുടെ കളിചിരികളില്‍,
അവരുടെ കുസൃതികളില്‍ മനസ്സിലാഹ്ലാദം

എനിക്കില്ല ബേബിസിറ്റിങ്ങിന്‍ പ്രാരബ്ധം
വിധിയെന്ന സത്യത്തിന്‍ മന്ദഹാസത്തില്‍
പൊതിഞ്ഞുവെക്കുന്നെന്‍ മകള്‍
താരാട്ടുദുഃഖത്തിന്‍ മ്ലാനമാം മുഖം.
അമേരിക്കന്‍ സംസ്കാരത്തിലലിഞ്ഞയവളില്‍
ഉണ്ടാവില്ല സ്വന്തം സംസ്കാരത്തിന്‍ കണിക
എന്നു ഞാന്‍ ഭയന്നതു വെറുതെ.
സ്വന്തം സംസ്കാരമാണെന്‍ ബലം.
മകളുടെ വാക്കുകളഭിമാനത്തിന്‍
പുഷ്പഹാരമായെന്‍ കഴുത്തില്‍ വീണു.
ഹര്‍ഷപുളകിതനായ് ഞാന്‍ സ്വയം മറന്നു.
സ്വന്തം സംസ്കാരത്തിന്‍ മഹത്വമറിയുന്ന -
യുവതലമുറക്കാര്‍ നിരവധിയുണ്ടാകട്ടെയീ
പ്രവാസഭൂമിയിലെന്നു നമുക്കാഗ്രഹിക്കാകം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക