Image

ഒരു പ്രവാസിക്കു മുന്നിലും കേരളം വാതില്‍ കൊട്ടിയടക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 23 May, 2020
ഒരു പ്രവാസിക്കു മുന്നിലും കേരളം വാതില്‍ കൊട്ടിയടക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രവാസികള്‍ കേരളത്തിന് നല്‍കിയ സംഭാവനകള്‍ നന്ദിപൂര്‍വം അംഗീകരിക്കുന്ന, പ്രവാസികളുടെ സുഹൃത്തായ, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കന്‍ മലയാളികളുമായി നടത്തിയ സംവാദം ഓരോ പ്രവാസിക്കും ആത്മവിശ്വാസം പകരുന്നതായി.

കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഒരു പ്രവാസിയെയും ഉപേക്ഷിക്കയില്ലെന്നും കേരളത്തില്‍ കഴിയുന്നവരുടേതു മാത്രമല്ല പ്രവാസികളുടെതും കൂടിയാണ് കേരളമെന്നും അദ്ദേഹം അസന്നിഗ്ധമായി പറഞ്ഞു. പ്രവാസികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് അര്‍ഹമായ മറുപടിയാണ് ഇത് വഴി അദ്ദേഹം നല്‍കിയത്.

നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സംവാദത്തില്‍ 75-എം പിറന്നാളിനു ആശംസകള്‍ അറിയിച്ചതിനു അദ്ദേഹം നന്ദി പറഞ്ഞു. പിറന്നാള്‍ നാളെയാണ്. എങ്കിലും ആശംസകള്‍ അഡ്വാന്‍സായി സ്വീകരിക്കുന്നു.

കേരളത്തില്‍ രാത്രി എങ്കിലും അമേരിയ്ക്കയില്‍ എല്ലാവര്‍ക്കും സുപ്രഭാതം നേര്‍ന്നു കൊണ്ടാണ് അദ്ദേഹം സംസാരം തുടങ്ങിയത്. വിഷമതകള്‍ നിറഞ്ഞ കാലത്താണ് നാം ജീവിക്കുന്നത്. ഈ വിഷമതകളെ എങ്ങനെ തരണം ചെയ്യും എന്നതാണു ആലോചനാ വിഷയം.

വിദേശത്തു ജോലി ജോലി ചെയ്യുന്നത് ഈ നാടിനു വേണ്ടിയാണ്. നിങ്ങളെക്കുറിച്ച് കരുതല്‍ ഈ നാടിനും സര്‍ക്കാരിനുമുണ്ട്. കേരളത്തില്‍ വരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് പോലും വാതില്‍ കൊട്ടി അടയ്ക്കില്ല. ഈ നാട് ഇവിടെ കഴിയുന്നവരുടെത് മാത്രമല്ല. അമേരിക്കയുള്‍പ്പടെ എല്ലായിടത്തും ജീവിക്കുന്നവരുടേതു കുട്ടിയാണ്.

149 മലയാളികള്‍ മരിച്ചു

കോവിഡ് മൂലം വിലപ്പെട്ട ഒട്ടേറെ ജീവന്‍ പൊലിഞ്ഞു. 149 മലയാളികള്‍ മരിച്ചു. അതില്‍ 33 പേര് അമേരിക്കയിലുള്ളവരാണ്. സമൂഹത്തിനു നന്മ ചെയ്യുന്നവരാണ് പോയി മറഞ്ഞത്. അവരെല്ലാം നമുക്കൊപ്പം ജീവിച്ചിരിക്കേണ്ടവരായിരുന്നു.

നാട്ടിലേക്ക് മടങ്ങാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 490,287 പേര് രജിസ്റ്റര്‍ ചെയ്തു. ഇതിനകം 43 വിമാനങ്ങളില്‍ 9000 പേര് എത്തി. മറ്റു സ്റ്റേറ്റുകളില്‍ നിന്ന് 82,000 പേരില്‍ കൂടുതല്‍ എത്തി. അമേരിയ്ക്കയില്‍ നിന്ന് 3078 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടുതല്‍ വിമാന സര്‍വീസ് ഉണ്ടായാലേഎല്ലാവര്‍ക്കും മടങ്ങാനാവു.

വിസ കഴിഞ്ഞവരെയും രോഗികളെയും ഗര്‍ഭിണികളെയും വിദ്യാര്‍ഥികളെയുമൊക്കെ അടിയന്തരമായി എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്.

നോര്‍ക്ക വഴി അത്യാവശ്യ മരുന്നുകള്‍ അമേരിക്കയിലടക്കം ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ ശ്രമിക്കുന്നു.

നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ചെയ്യാന്‍ സംവിധാനമുണ്ട്. ജോലി പോയവരെയും മറ്റും സൗജന്യമായി വിമാനത്തില്‍ കൊണ്ട് വരണമെന്ന് കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ പരിമിതിക്കുള്ളില്‍ നിന്ന് നോര്‍ക്ക വഴി സഹായമെത്തിക്കുന്നു. കാലാവധിയുള്ള പാസ്പോര്‍ട്ടും വിസയും ഉള്ളവര്‍ക്ക് 10,000 രൂപയും മറ്റു മടങ്ങി എത്തുന്നവര്‍ക്ക് 5000 രൂപയും അടിയന്തരമായി നല്‍കും. സ്ഥാപനം തുടങ്ങാന്‍ 30 ലക്ഷം വരെ വായ്പ നല്‍കും. അത് 4 വര്‍ഷം കൃത്യമായി തവണ അടച്ചാല്‍ ഇളവുകള്‍ കിട്ടും.

പ്രവാസികള്‍ തിരിച്ചു വരുന്നത് വലിയ സാധ്യത ആയാണ് കാണുന്നത്. ലോകപരിചയമുള്ള മാനവ ശേഷി എന്നത് മുതല്‍കൂട്ടാണ്. അത് ഉപയോഗപ്പെടുത്താന്‍ നിക്ഷേപങ്ങളും പദ്ധതികളും ആവിഷ്‌കരിക്കും

സ്ഥാപനം തുടങ്ങാന്‍ ഒരാഴ്ചക്കകം അനുമതി ലഭിക്കും. മറ്റു ചട്ടവട്ടങ്ങള്‍ ഒരു വര്‍ഷം കൊണ്ട് ക്രമപ്പെടുത്തിയാല്‍ മതി.

വരുന്നവര്‍ക്കുള്ള ജോലിസാധ്യത എന്താണ് എന്ന എസ് കെ. ചെറിയാന്റെ ചോദ്യത്തിന് പുറത്തു നിന്ന് വരുന്നവര്‍ വ്യത്യസ്തമായ കഴിവുകളുമായാണ് വരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അത് ഉപപയോഗപ്പെടുത്താനുള്ള സ്ഥാപനങ്ങള്‍ ഉണ്ടാവണം. അവ ഒരിടത്തു കേന്ദ്രീകരിക്കാതെ സ്റ്റേറ്റിന്റെ വിവിധ ഭാഗനങ്ങളില്‍ ആകണമെന്ന്ആഗ്രഹിക്കുന്നു. പുതിയ സ്ഥാപനങ്ങള്‍ക്കായും നിക്ഷേപത്തിനായും വിവിധ രാജ്യങ്ങളിലെ വ്യവസായികളുമായി ബന്ധപ്പെടുന്നു. അത് കൊണ്ടാണ് സ്ഥാപനം തുടങ്ങാന്‍ പെട്ടെന്ന് അനുമതി നല്‍കുന്നത്. അവയിലൂടെ തൊഴിലുകള്‍ കണ്ടെത്താനാവും.

കള്ള വാറ്റ്കൂടി

മാനസികാരോഗ്യം സംബന്ധിച്ചുള്ള കരുതല്‍ നടപടികളെപ്പറ്റിയും മദ്യ ഷോപ്പ്തുറക്കുന്നത് സംബന്ധിച്ചും പ്രസ് ക്ലബ് പ്രസിഡന്റ് ജോര്‍ജ് കാക്കനാട് ചോദ്യങ്ങള്‍ ഉന്നയിച്ചു. പലരും മാനസിക പ്രശ്ങ്ങള്‍ നേരിടുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അവര്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ സംവിധാനം നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു. വാര്‍ഡ് തലത്തില്‍ തന്നെ ഇത് നടപ്പിലാക്കുന്നു

മദ്യ ഉപയോഗം കുറക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനായി വിമുക്തി മിഷന്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

മദ്യ ഷോപ്പ് അടച്ചിട്ടപ്പോള്‍ കള്ള വാറ്റ്കൂടി. എളുപ്പത്തില്‍ വാറ്റാന്‍ ജനം പഠിച്ചു. ആവശ്യം വരുമ്പോഴാണല്ലോ പുതിയ വിദ്യകള്‍ കണ്ടെത്തുക. മദ്യം കിട്ടാതെ ചിലര്‍ ആത്മഹത്യ ചെയ്തതില്‍ ഒരു സന്തോഷവുമില്ല. മദ്യഷോപ്പ് തുറക്കുമ്പോള്‍ തിരക്ക് വരാതിരിക്കാന്‍ ഓണ്‍ ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. തിക്കിത്തിരക്കി അങ്ങോട്ട് ചെല്ലാന്‍ പറ്റില്ല.

ഇന്ത്യയില്‍ നിന്നു ലോണ്‍ എടുത്താണു പലരും ഇവിടെ പഠിക്കാന്‍ വരുന്നതെന്നു യു.എ. നസീര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അവരില്‍ പലരും വിഷമത്തിലാണ്. ചെറിയ ജോലികള്‍ ഉണ്ടായിരുന്നത് പോയി. ലോണ്‍ തിരിച്ചടവ്മുടങ്ങുന്നു.

അവരെ സഹായിക്കാന്‍ പദ്ധതി ഉണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അത് ഉപയോഗപ്പെടുത്തിയല്‍ മതി . തിരിച്ചടവ് പഠനം കഴിഞ്ഞ ശേഷം മതി.

ചാര്‍ട്ടര്‍ ഫ്ളൈറ്റിന്‌കേരളം അനുമതി നല്‍കുന്നില്ലെന്നൊക്കെ പറയുന്നത് പ്രചാരണം മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം അനുവദിച്ചാല്‍ ഫ്ളൈറ്റ് വന്നിരിക്കും.

അടിയന്തരമായി നാട്ടിലേക്ക് മടങ്ങേണ്ട 400 -ല്‍ പരം പേരുണ്ടെന്നു അറ്റ്ലാന്റയില്‍ നിന്നുള്ള മുഹമ്മദ് ഫസല്‍ ചൂണ്ടിക്കാട്ടി.

കൂടുതല്‍ ഫ്ളൈറ് വേണമെന്നും മറ്റും കേരളം മുന്‍പേ തന്നെ ആവശ്യപ്പെട്ടതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അതിനു ഇപ്പോള്‍ ഫലം കണ്ട് തുടങ്ങുന്നു. ജൂണ്‍ 3 മുതല്‍ നിത്യേന 12 ഫ്ളൈറ്റുകള്‍ ഉണ്ടാവുമെന്നറിയുന്നു.

നിയമം കയ്യിലെടുക്കുന്നു

നാട്ടുകാര്‍ തന്നെ നിയമം കയ്യിലെടുക്കുന്ന റിപ്പോര്‍ട്ടുകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നു സീനിയര്‍ പത്രപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തില്‍ ശ്രദ്ധയില്‌പെടുത്തി. കോഴിക്കോട് രാത്രി വീട്ടിലേക്കു പോയ പത്രലേഖകനെ ആക്രമിച്ചത്, പുറത്തു നിന്നു വന്നവരെ ബന്ധുവീട്ടില്‍ താമസിക്കാന്‍ പോലും നാട്ടകാര്‍ അനുവദിക്കാതിരുന്നത് തുടങ്ങിയവ ഉദാഹരണമായി ചൂണ്ടിക്കാട്ടി. അത് പോലെ അനിശ്ചിതമായി ലോക്ക് ഡൗണ്‍ തുടരുന്നതിന്റെ ആശാസ്യതയെപ്പറ്റിയും സംശയം പ്രകടിപ്പിച്ചു. ഇവിടെ കോവിഡ് രോഗികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലും കോവിഡ് വരാത്ത കാര്യവും ചൂണ്ടിക്കാട്ടി.

നാട്ടുകാര്‍ നിയമം കയ്യിലെടുക്കുന്നു എന്നത് തെറ്റിദ്ധാരണയില്‍ നിന്നാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ചെറിയ കാര്യങ്ങള്‍ വലിയ വാര്‍ത്തയാകുന്നതാണു കേരളത്തിലെ സ്ഥിതി. ഇതൊക്കെ ഒറ്റപ്പെട്ട പ്രശ്നങ്ങളാണ്. പൊതുവായ രീതി അല്ല. ഇതൊക്കെ ഒറ്റപ്പെട്ട സംഭവമല്ലെങ്കില്‍ എങ്ങനെയാണൂ കേരള സമൂഹം ഇന്നത്തെ സല്‌പേര്ആര്‍ജിച്ചത്. എല്ലാവരും നിയമം കൈയിലെടുത്താല്‍ നാട് അക്രമികളുടെതാവില്ലേ? അതിനാല്‍ കേരളത്തിലേക്ക് ധൈര്യമായി വന്നോളൂ. ഒരു കുഴപ്പവും വരില്ല. പണ്ട് ജീവിച്ച പോലെ തന്നെ ജീവിക്കാം.

കോവിഡിനെപ്പറ്റി ചില ഭ്രാന്തന്‍ ആശയങ്ങള്‍ ചില ഭരണാധികാരികള്‍ ഉയര്‍ത്തുന്നുണ്ട്. അത് അവിടെത്തന്നെ മതി. ജനസമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് പകരുന്നതെന്നതില്‍ സംശയമില്ല. കേരളത്തില്‍ ബസിലും മറ്റും എത്ര തിരക്കാണ്. തിരക്ക് ഒഴിവാക്കാന്‍ പൂര്‍ണമായി അടച്ചെ പറ്റു. ഇന്ത്യ മൊത്തം ലോക്ക് ഡൗണ്‍ ആകും മുന്‍പേ കേരളം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അത് വിജയിച്ചത് ജനസഹകരണം കൊണ്ടാണ്. അടച്ചിടല്‍ എല്ലാ കാലത്തേക്കുമല്ല. എല്ലാം വൈകാതെ പുനഃസ്ഥാപിക്കും.

കൂടുതല്‍ ആളുകള്‍ മടങ്ങി വരുന്നതോടെ കോവിഡ് വന്‍തോതില്‍ വ്യാപിച്ചാല്‍ എന്ത് ചെയ്യുമെന്ന് ഫിലിപ്പോസ് ഫിലിപ്പ് ചോദിച്ചു. വര്‍ദ്ധനവ് വന്നാല്‍ അത് നേരിടാന്‍ സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മേഖല മാത്രമല്ല സ്വകാര്യ മേഖലയും ഇതിനായി ഉപയോഗപ്പെടുത്തും. അതിനുമപ്പുറത്തേക്കു കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ അതിനും തയ്യാറെടുപ്പുകളുണ്ട്. അത് വിശദീകരിക്കുന്നില്ല.

പിപി.ഇ കിറ്റുകള്‍

പെഴ്സനല്‍ പ്രൊട്ടക്ഷന്‍ ഏക്വിപ്പ്മെന്റ് നിര്‍മ്മിക്കുന്നതില്‍ സ്വയം പര്യാപ്തത നേടാന്‍ സംസ്ഥാനത്തിന് കഴിയുമോ എന്ന് ഡോ. നരേന്ദ്ര കുമാര്‍ ചോദിച്ചു. അതിനായി നേരത്തെ തന്നെ തീരുമാനം ഏടുത്തിരുന്നുവെന്നു മുഖ്യമന്ത്രി പറഞ്ഞു. കിറ്റെക്സില്‍ നിന്ന് പ്രതിദിനം 25000 പിപി.ഇ കിറ്റുകള്‍ ഉദ്പാദിപ്പിക്കും. അത് പോലെ വെന്റിലേറ്ററുകളും കേരളത്തില്‍ നിര്‍മ്മിക്കും

കേരളത്തിന്റെയത്ര ജനസംഖ്യയുള്ള കാനഡയില്‍ 80,000 -ല്‍ പരം പേര്‍ക്ക് രോഗബാധയും 6300 പേര് മരിക്കുകയും ചെയ്തുവെന്ന് ബൈജു കദളിമറ്റം പറഞ്ഞു. കേരളത്തിലെ പോലെ ആയിരുന്നു സ്ഥിതി എങ്കില്‍ എന്ന ആശിച്ചു പോയിട്ടുണ്ട്. ആറുമാസത്തിനിടയില്‍ നാട്ടില്‍ നിന്ന് വന്നവര്‍ ഏറെ വിഷമതയിലാണ്. അവര്‍ക്ക് ജോലിയോ സഹായമോ കിട്ടുന്നില്ല. അവര്‍ക്ക് നാട്ടിലെ ലോണ്‍ നടക്കാന്‍ കാലാവധി കൂട്ടി നല്‍കണം.

ലോണ്‍ തിരിച്ചടക്കാന്‍ ഒരു വര്‍ഷം നീട്ടി നല്‍കിയെന്ന് പിണറായി പറഞ്ഞു. പക്ഷെ പലിശ അടക്കണം. അതും ഒഴിവാക്കണമെന്നു കേന്ദ്രത്തോടാവശ്യപ്പെട്ടിട്ടുണ്ട്.

വിസ കാലാവധി തീര്‍ന്നിട്ടും അമേരിക്കയിലേക്ക് മടങ്ങാനാവാത്തവര്‍ക്ക് നാട്ടില്‍ പ്രശ്നനങ്ങളൊന്നും ഉണ്ടാവില്ലെന്നു ആനി ലിബുവിന്റെ ചോദ്യത്തിനു അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള പത്തനം തിട്ടയില്‍ നിന്ന് ഒരു മന്ത്രി ഇല്ലാത്തതും മാലിന്യ പ്രശ്നവുമാണ് ടി.എസ. ചാക്കോ ചൂണ്ടിക്കാട്ടിയത്. പത്തനംതിട്ടക്കാരല്ലാത്ത മന്ത്രിമാരും തങ്ങളുടെ മന്ത്രിമാര്‍ തന്നെ എന്ന് കരുതണമെന്നു മുഖ്യമന്ത്രി പറഞ്ഞു. മാലിന്യപ്രശ്നവും പരിഹരിക്കാന്‍ തീവ്രശ്രമം നടത്തുന്നു. കോവിഡ് മുലം ഇതിനു വിഷമത വന്നിട്ടുണ്ടെന്ന് മാത്രം.

ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ സ്വാഗതം പറഞ്ഞു. നോര്‍ക്ക ഡയറക്ടര്‍ ഡോ. എം. അനിരുദ്ധന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. പോള്‍ കറുകപ്പള്ളി, ബോബി വര്‍ഗീസ്, ജോര്‍ജി വര്‍ഗീസ്, അനുപമ വെങ്കിടേശന്‍, കുര്യന്‍ പ്രക്കാനം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ടോമി കോക്കാട്ട് അനുശോചനം അറിയിച്ചു.

സജിമോന്‍ ആന്റണി, ജെസി റിന്‍സി എന്നിവരായിരുന്നു എംസിമാര്‍.

Join WhatsApp News
observer 2020-05-23 16:14:30
ഫോമാ പങ്കെടുക്കാത്തത് കൊണ്ട് അവർക്ക് ഒന്നും നഷ്ടപ്പെട്ടില്ല. അത് പോലെ അവരില്ലാത്തതു കൊണ്ട് മുഖ്യമന്ത്രിയ്ക്കും ഫൊക്കാനാകും ഒന്ന്നും നഷ്ടമായില്ല .. ചുരുക്കത്തിൽ ആർക്കും ഒന്നും നഷ്ടമായില്ല.
മുഖ്യൻ 2020-05-23 23:02:39
അമേരിക്കൻ പ്രവാസി സംഘടനകളിൽ കേരളത്തിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ ഫോമാ തന്നെ വേണം അതുപോലെ ഫോമക്ക് പ്രാധാന്യമില്ലാത്ത ഒരു പരിപാടി മുഖ്യമന്ത്രിയുടെ ആണെങ്കിൽ പോലും ഒഴിവാക്കുവാനുള്ള തൻറെടം ഫോമക്കു മാത്രമേയുള്ളൂ. ഇതാണ് യഥാർത്ഥ സംഘടനാ ശക്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക