Image

ഒരേ വര്‍ഷം പല കണ്‍വെന്‍ഷനുകള്‍ ഖേദകരം: ഫോമാ നേതാക്കള്‍

Published on 26 May, 2012
ഒരേ വര്‍ഷം പല കണ്‍വെന്‍ഷനുകള്‍ ഖേദകരം: ഫോമാ നേതാക്കള്‍
ന്യൂയോര്‍ക്ക്‌: `അഭിമാനാര്‍ഹമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷത്തിനിടെ നടത്തിയെങ്കിലും ഏറെ ആത്മസംതൃപ്‌തി നല്‍കിയത്‌ ചിറ്റാറില്‍ ഫോമ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്‌ ആയിരുന്നു. മുത്തൂറ്റ്‌ ഹോസ്‌പിറ്റലുമായി ചേര്‍ന്ന്‌ നടത്തിയ ക്യാമ്പില്‍ നിരവധി സാധാരണക്കാര്‍ ചികിത്സ തേടിയെത്തി. അവരുടെ നന്ദിപൂര്‍വ്വമായ പ്രതികരണം കണ്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയി'. ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ പറഞ്ഞു.

കണ്‍വെന്‍ഷന്‍ സംഘടന എന്ന പഴയ സങ്കല്‍പ്പത്തിന്‌ മാറ്റംവരുത്തിയ പ്രവര്‍ത്തനങ്ങളാണ്‌ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ നടത്തിയത്‌. പുതിയ ആശയങ്ങള്‍ കണ്ടെത്തുകയും അവ നടപ്പിലാക്കാന്‍ ശ്രമിക്കുകയുമാണ്‌ തങ്ങള്‍ ചെയ്‌തതെന്ന്‌ സെക്രട്ടറി ബിനോയി തോമസ്‌ പറഞ്ഞു. ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ പോയകാലങ്ങളും, ഭാവിയെപ്പറ്റിയുള്ള പ്രതീക്ഷകളും പങ്കുവെയ്‌ക്കുകയായിരുന്നു അവര്‍.

ഓഗസ്റ്റ്‌ ഒന്നിന്‌ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ അറ്റ്‌ സീയില്‍ മുന്നൂറോളം ക്യാബിനുകള്‍ ബുക്കു ചെയ്‌തു കഴിഞ്ഞതായി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ പറഞ്ഞു. ആയിരത്തോളം പേരാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. 25 ക്യാബിനുകളെങ്കിലും ഇനിയും ബുക്ക്‌ ചെയ്യുമെന്ന്‌ കരുതുന്നു.

രജിസ്‌ട്രേഷന്‍ വഴി 20 ഡോളറാണ്‌ ഫോമയ്‌ക്ക്‌ ലഭിക്കുന്നതെന്ന്‌ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ പറഞ്ഞു. എന്നാല്‍ കപ്പിലില്‍ മുന്‍കൂട്ടി പണം നല്‍കേണ്ടതുണ്ട്‌. സംഘടനാ പ്രസിഡന്റാണ്‌ അത്‌ നല്‍കുന്നത്‌. കൂടുതല്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും നഷ്‌ടമൊന്നുമില്ലാതെ പര്യവസാനിപ്പിക്കാനും തങ്ങള്‍ ശ്രമിക്കുന്നു.

ജൂലൈയിലും ഓഗസ്റ്റിലുമായി നാല്‌ കണ്‍വെന്‍ഷനുകളാണ്‌ മലയാളികള്‍ക്കുള്ളത്‌. ജൂലൈ ആദ്യം ഫൊക്കാന. മത്സരം ഒഴിവാക്കാനാണ്‌ തങ്ങള്‍ ഓഗസ്റ്റിലേക്ക്‌ മാറ്റിയത്‌. പക്ഷെ ജൂലൈ അവസാന വാരം സീറോ മലബാര്‍ കണ്‍വെന്‍ഷനും, ക്‌നാനായ കാത്തലിക്‌ കോണ്‍ഗ്രസ്‌ കണ്‍വെന്‍ഷനും നടക്കുന്നു.

ഒരുവര്‍ഷം ഒരു കണ്‍വെന്‍ഷനിലേറെ പങ്കെടുക്കാന്‍ മിക്കവാറും മലയാളികള്‍ക്കാവില്ല. അത്തരമൊരു സാഹചര്യത്തില്‍ സഭാ കണ്‍വെന്‍ഷനുകള്‍ അടുത്ത വര്‍ഷത്തേക്ക്‌ മാറ്റുകയായിരുന്നു വേണ്ടത്‌- ഊരാളിലും ബിനോയിയും പറഞ്ഞു. കെ.സി.സി.എന്‍.എ പ്രസിഡന്റായിരുന്നു താനെന്ന്‌ ഊരാളില്‍ അനുസ്‌മരിച്ചു. ഫോമാ കണ്‍വെന്‍ഷന്‌ തൊട്ടുമുമ്പ്‌ കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ വെച്ചതില്‍ തനിക്ക്‌ അതിയായ ഖേദമുണ്ട്‌.

സമുദായ സംഘടനകള്‍ സാംസ്‌കാരിക മണ്‌ഡലത്തില്‍ പിടിമുറുക്കുന്നതിനേയും അവര്‍ ചോദ്യം ചെയ്‌തു. മാധ്യമങ്ങള്‍ക്കും ഈ തെറ്റായ പ്രവണതയില്‍ പങ്കുണ്ട്‌. ഫോമ പോലുള്ള സാംസ്‌കാരിക സംഘടനകള്‍ ചെയ്യുന്ന പ്രധാന കാര്യങ്ങള്‍ പോലും പലപ്പോഴും പള്ളി വാര്‍ത്തകളുടെ അടിയില്‍ പൊകുന്ന സ്ഥിതി ഖേദകരമാണ്‌. എന്തായാലും മത സംഘടനകളുടെ അമിതമായ ആധിപത്യവും അതിപ്രസരവും സമൂഹത്തിന്‌ നന്നല്ല.

കണ്‍വെന്‍ഷനു മുമ്പ്‌ ജനനി മാസികയുമായി സഹകരിച്ച്‌ സാഹിത്യ ശില്‍പ്പശാല സംഘടിപ്പിക്കുന്നുണ്ട്‌.
നഴ്‌സിംഗില്‍ ബിരുദമെടുക്കാനും, ഉപരിപഠനത്തിനും പിഎച്ച്‌ഡിയ്‌ക്കും ഓണ്‍ലൈന്‍ വഴി പഠിക്കാന്‍ സൗകര്യമൊരുക്കുന്ന യൂണിവേഴ്‌സിറ്റിയുമായി ഫോമ ചര്‍ച്ചകള്‍ നടത്തിവരികയാണ്‌. ഇതനുസരിച്ച്‌ മലയാളി നഴ്‌സുമാര്‍ക്ക്‌ ട്യൂഷന്‍ ഫീസില്‍ ഗണ്യമായ ഇളവ്‌ ലഭ്യമാകും.

അമൃത ഹോസ്‌പിറ്റലുമായി സഹകരിച്ച്‌ ഗ്ലോബല്‍ വൈറല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ എറണാകുളത്ത്‌ സ്ഥാപിക്കാന്‍ ശ്രമം നടക്കുന്നു. നെടുമ്പാശേരി എയര്‍പോര്‍ട്ട്‌ മാതൃകയില്‍ സര്‍ക്കാരും ജനങ്ങളും മുതല്‍മുടക്കുന്ന പദ്ധതിയായിട്ടാണ്‌ ഇത്‌ ആവിഷ്‌കരിച്ചിരിക്കുന്നത്‌.


രണ്ടുവര്‍ഷത്തിനിടെ നടന്ന ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന്‌ ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌ പ്രോഗ്രാം ആണ്‌. ചിക്കാഗോയില്‍ നടന്ന പരിപാടിയില്‍ 12 പ്രൊഫഷണല്‍ അസോസിയേഷനുകള്‍ പങ്കെടുക്കുകയും കേരളത്തിനു വിദഗ്‌ധരുടെ സേവനം എത്തിക്കാനുള്ള നീക്കത്തിനു തുടക്കമിടുകയും ചെയ്‌തു.

പ്രവാസി സാഹിത്യകാരന്മാര്‍ക്ക്‌ വേണ്ടി ദേശീയ സാഹിത്യ മത്സരം നടത്തിയതും ശ്രദ്ധേയമായി. മനോരമയുമായി സഹകരിച്ച്‌ `ഭാഷയ്‌ക്കൊരുപിടി ഡോളര്‍' പദ്ധതിപ്രകാരം സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി. ഭവന പദ്ധതിപ്രകാരം വീടുവെച്ച്‌ കൊടുക്കാനും കഴിഞ്ഞു. കൊച്ചി അമൃത ഹോസ്‌പിറ്റലിലെ ഡോ. പ്രേം നായര്‍, ലിസി ഹോസ്‌പിറ്റലിലെ ഡോ. ജോസ്‌ പെരിയപുറം എന്നിവരുടെ സഹകരണത്തോടെ `ഐ ഫോര്‍ ദി ബ്ലൈന്‍ഡ്‌' പ്രോഗ്രാമില്‍ പങ്കെടുക്കാനായി.
ഹെല്‍പ്‌ ലൈന്‍ വഴി ഒട്ടേറെ പേര്‍ക്ക്‌ ധനസഹായം നല്‍കാനും കഴിഞ്ഞു.

ഇതിനൊക്കെ പുറമെ പാസ്‌പോര്‍ട്ട്‌ സറണ്ടര്‍, ഒ.സി.ഐ കാര്‍ഡ്‌ തുടങ്ങിയവ സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ ഫോമ സജീവമായി നേതൃത്വം നല്‍കി. നാട്ടിലേക്കു കൊണ്ടുപോകാവുന്ന സ്വര്‍ണ്ണം രണ്ടു ലക്ഷം രൂപവരെ ആക്കണമെന്ന നിര്‍ദേശം വൈകാതെ സഫലമാകുമെന്നാണ്‌ കരുതുന്നത്‌. ഇപ്പോള്‍ 20,000 രൂപയിലേറെയുള്ള ആഭരണത്തിന്‌ വേണമെങ്കില്‍ ഡ്യൂട്ടി അടിക്കാം.

കോട്ടയത്ത്‌ നടത്തിയ കണ്‍വെന്‍ഷനില്‍ ഹ്യൂസ്റ്റണില്‍ നിന്ന്‌ പങ്കെടുത്ത വെയ്‌സ്റ്റ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ധന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്‌. കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയടക്കം മന്ത്രിമാരും സാംസ്‌കാരിക നായകന്മാരും പങ്കെടുത്തു. ഫോമയ്‌ക്ക്‌ നാട്ടിലും വലിയ അംഗീകാരം ലഭിച്ചുവെന്നതിന്റെ പ്രതിഫലനമാണിത്‌.

തങ്ങള്‍ അധികാരമേല്‍ക്കുമ്പോള്‍ 48 അംഗസംഘടനകളുണ്ടായിരുന്നത്‌ ഇപ്പോള്‍ 51 ആയി. മികച്ച സംഘടനകള്‍ക്കു മാത്രമാണ്‌ അംഗത്വം നല്‍കുന്നത്‌. എണ്ണത്തിലല്ല പ്രവൃത്തിയിലാണ്‌ കാര്യം.

കണ്‍വെന്‍ഷന്‍ കപ്പലിലാണെങ്കിലും യൂത്ത്‌ ഫെസ്റ്റിവല്‍ അടക്കം എല്ലാ പ്രോഗ്രാമും ഉണ്ടാകും. നാലു ദിവസവും കലാപരിപാടി അവതരിപ്പിക്കാന്‍ ഒരു ട്രൂപ്പ്‌ കപ്പലിലുണ്ടാകും. മന്ത്രി ഗണേഷ്‌ കുമാര്‍, ആന്റോ ആന്റണി എംപി എന്നിവര്‍ കപ്പലില്‍ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. കപ്പല്‍ പുറപ്പെടുന്നതിനു മുമ്പുള്ള ഉദ്‌ഘാടനത്തില്‍ മന്ത്രി വയലാര്‍ രവി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.

ടീം വര്‍ക്കാണ്‌ തങ്ങളുടെ വിജയമെന്ന്‌ എല്ലാവരും പറഞ്ഞു. ആരെങ്കിലും ആളുകളിക്കാനോ, പാരവെയ്‌ക്കാനോ ഒന്നും മുതിര്‍ന്നില്ല. ഇപ്പോഴത്തെ നേതൃത്വത്തിലുള്ള ആരും ഇലക്ഷനില്‍ നില്‍ക്കുന്നില്ലെന്നതും മാതൃക കാട്ടാനാണ്‌. സ്‌ത്രീകള്‍ക്ക്‌ ഏറെ പ്രാതിനിധ്യം നല്‍കി എന്നതും പ്രത്യേകതയാണ്‌.

പത്രസമ്മേളനത്തില്‍ ജോ. സെക്രട്ടറി ആനന്ദന്‍ നിരവേല്‍, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ സജി ഏബ്രഹാം, ലോണാ ഏബ്രഹാം എന്നിവരും പങ്കെടുത്തു.

പ്രസ്‌ ക്ലബ്‌ ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോസ്‌ കാടാപുറം, സെക്രട്ടറി സജി ഏബ്രഹാം, സുനില്‍ ട്രൈസ്റ്റാര്‍, മെയ്‌തീന്‍ പുത്തന്‍ചിറ, ടാജ്‌ മാത്യു, ജോര്‍ജ്‌ തുമ്പയില്‍, പ്രിന്‍സ്‌ മാര്‍ക്കോസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരേ വര്‍ഷം പല കണ്‍വെന്‍ഷനുകള്‍ ഖേദകരം: ഫോമാ നേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക