Image

ലോക്ക്ഡൗണ്‍ അനിശ്ചിതകാലത്തേക്ക് തുടരാനാകില്ലെന്ന് ഉന്നതാധികാര സമിതി

Published on 22 May, 2020
ലോക്ക്ഡൗണ്‍ അനിശ്ചിതകാലത്തേക്ക് തുടരാനാകില്ലെന്ന് ഉന്നതാധികാര സമിതി
ന്യൂഡല്‍ഹി:  മാര്‍ച്ച് 25ന് ആരംഭിച്ച രാജ്യവ്യാപക ലോക്ക്ഡൗണ്‍ അതിന്റെ ഉദ്ദേശ്യങ്ങള്‍ നിറവേറ്റിയെന്നും അനിശ്ചിതകാലത്തേക്ക് ഇത് തുടരാനാവില്ലെന്നും സര്‍ക്കാര്‍ രൂപീകരിച്ച സമിതി അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് അതിവേഗം പടരുന്നതുമൂലമുള്ള വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യ രംഗത്ത് അടിസ്ഥാനസൗകര്യങ്ങള്‍ നവീകരിക്കാന്‍ ലോക്ക്ഡൗണ്‍ മൂലം രാജ്യത്തിന് മതിയായ സമയം ലഭിച്ചുവെന്ന് ഉന്നതാധികാര സമിതി ചെയര്‍മാന്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ അതിന്റെ ലക്ഷ്യം നേടിയെന്നും പക്ഷേ പരിധിയില്ലാത്ത സമയത്തേക്ക് ഇത് തുടരാനാകില്ലെന്നും നീതി അയോഗ് അംഗവും ഉന്നതാധികാര സമിതി ഒന്നിന്റെ ചെയര്‍മാനുമായ ഡോ. വി.കെ. പോള്‍ പറഞ്ഞു. 'കൊറോണ വൈറസ് പടരാത്ത തരത്തില്‍ നമ്മള്‍ പെരുമാറേണ്ടതുണ്ട്. അതാണ് മുന്നോട്ടുള്ള വഴി.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒന്നാം ഘട്ട ലോക്ക്ഡൗണിന്റെ കാലത്ത് ഏപ്രില്‍ 3 മുതല്‍ എട്ട് ദിവസത്തേക്ക് കോവിഡ് വളര്‍ച്ചാനിരക്ക് കുറയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ നടപ്പാക്കിയില്ലായിരുന്നുവെങ്കില്‍ ഇപ്പോള്‍ കേസുകളുടെ എണ്ണം ഒരുപാട് വര്‍ധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് മരണനിരക്കിന്റെ കാര്യത്തിലും ഇത് ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കേസുകളുടെ എണ്ണം പോലെ, കോവിഡ് മരണങ്ങളുടെ വളര്‍ച്ചാ നിരക്കും ലോക്ക്ഡൗണ്‍ കാരണം ഗണ്യമായി കുറഞ്ഞു. ഇത് ലോക്ക്ഡൗണിന് മുമ്പും ശേഷവുമുള്ള സാഹചര്യങ്ങള്‍ തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസത്തെ സൂചിപ്പിക്കുന്നു.' അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക