Image

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടിവ് ബോര്‍ഡ് ചെയര്‍മാനായി ചുമതലേറ്റു

Published on 22 May, 2020
കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടിവ് ബോര്‍ഡ് ചെയര്‍മാനായി ചുമതലേറ്റു

ന്യൂദല്‍ഹി: കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ലോക ആരോഗ്യ സംഘടനയുടെ നയരൂപീകരണ സമിതിയായ ലോക ആരോഗ്യ അസംബ്ളിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ ആയി ചുമതലയേറ്റു. ജപ്പാനിലെ ഡോ. ഹിരോഷ് നതാകിനിയുടെ കാലാവധി പൂര്‍ത്തിയായതോടെയാണു നിയമനം. 


കൊറോണ മഹാമാരിക്കെതിരായ ഇന്ത്യയിലെ പ്രതിരോധത്തിന് ചുക്കാന്‍ പിടിക്കുന്നതിനിടെയാണു പുതിയ നിയോഗം. കൊറോണ രോഗ വ്യാപനവുമായി ബന്ധപ്പെട്ട് വിവാദത്തിലായ സംഘടനയുടെ നിര്‍ണ്ണായക സമയത്താണ് ഹര്‍ഷവര്‍ധന്റെ നിയമനം. 


ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോമിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി 2021 മെയ് മാസത്തില്‍ അവസാനിക്കുമ്ബോള്‍ ആ സ്ഥാനത്തേക്കും മുന്‍ഗണന ഹര്‍ഷവര്‍ധന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.


ദല്‍ഹി ബിജെപി മുന്‍ അധ്യക്ഷനായിരുന്നു ഹര്‍ഷവര്‍ധന്‍. കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി. 1983 ല്‍ ഇഎന്‍ടിയില്‍ സ്‌പെഷ്യലൈസ് ചെയ്തു. . ആര്‍എസ്‌എസിലൂടെയാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 1993ല്‍ ദല്‍ഹി നിയമസഭയിലെത്തി. 1993-98 കാലഘട്ടത്തില്‍ ആരോഗ്യ, നിയമ, വിദ്യാഭ്യാസ മന്ത്രിയായിരുന്നു.


ചാന്ദ്നിചൗക്ക് മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലെത്തി, പതിനാറാം ലോക്സഭയിലെ ആരോഗ്യവകുപ്പ് മന്ത്രിയായി. പോളിയോ നിര്‍മ്മാര്‍ജനത്തിന് ഇന്ത്യയില്‍ നിരവധി പരിശ്രമങ്ങള്‍ നടത്തിയ ഇദ്ദേഹം 1994ല്‍ ഗാന്ധിജയന്തി ദിനത്തില്‍ 12 ലക്ഷം കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കി ആരംഭിച്ച പ്രവര്‍ത്തനമാണ് പിന്നീട് ഇന്ത്യയൊട്ടാകെ പോളിയോ നിര്‍മാര്‍ജന പരിപാടി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മാതൃകയായത്. 


ചൈനയില്‍ കൊറോണ പടര്‍ന്നുപിടിക്കുന്ന സമയത്തുതന്നെ ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ ഇന്ത്യ പ്രതിരോധ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. 

വിജയം ഉറപ്പിക്കും വരെ വിശ്രമമില്ലെന്ന വാശിയിലാണ്  ഡോ. ഹര്‍ഷവര്‍ധന്‍. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക