Image

ആയുർവേദാചാര്യൻ ഡോ. പി കെ വാരിയർക്ക് 99-–ാം പിറന്നാൾ

Published on 22 May, 2020
ആയുർവേദാചാര്യൻ ഡോ. പി കെ വാരിയർക്ക് 99-–ാം പിറന്നാൾ

മലപ്പുറം:ആയുർവേദാചാര്യൻ ഡോ. പി കെ വാരിയർക്ക് വെള്ളിയാഴ്ച 99-–ാം പിറന്നാൾ. കോട്ടക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റിയായി ആറ്‌  പതിറ്റാണ്ട് പിന്നിട്ട വാരിയർക്ക് ജന്മദിനത്തിൽ ആഘോഷമൊന്നുമില്ല. മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം ‘കൈലാസ മന്ദിര’ത്തിൽ സാധാരണദിനം പോലെ. ഇടവമാസത്തിലെ കാർത്തിക നാളിലാണ് (കൊല്ലവർഷം 1096) ജനനം. ഇംഗ്ലീഷ് കലണ്ടർ പ്രകാരം ജനനം 1921 ജൂൺ അഞ്ചിന്.

ആയുർവേദത്തിന്റെ വളർച്ചക്കും വികസനത്തിനും നവീകരണത്തിനും മുഖ്യപങ്കുവഹിച്ച വാരിയർ ആര്യവൈദ്യശാലാ മെഡിക്കൽ ഡയറക്ടർകൂടിയാണ്. 1953–-ലാണ് ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി പദം ഏറ്റെടുത്തത്. ആസൂത്രണത്തിലെ മികവും വ്യക്തിജീവിതത്തിലെ തെളിമയും ആർജവവുമാണ് അദ്ദേഹത്തിന്റെ വിജയത്തിനാധാരം. ആരോഗ്യരംഗത്ത്‌ മാത്രമല്ല, സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിലും നിറസാന്നിധ്യമാണ്.

ആര്യവൈദ്യശാലാ സ്ഥാപകൻ വൈദ്യരത്നം പി എസ് വാരിയരുടെ മരുമകനാണ് പി കെ വാരിയർ. പരേതരായ കെ ടി ശ്രീധരൻ നമ്പൂതിരിയും കുഞ്ചി വാരസ്യാരും മാതാപിതാക്കൾ. കവയിത്രികൂടിയായിരുന്ന പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ:  ഡോ. കെ ബാലചന്ദ്രൻ (കോട്ടക്കൽ ആര്യവൈദ്യശാല, തൃക്കാക്കര, കൊച്ചി), സുഭദ്ര രാമചന്ദ്രൻ, പരേതനായ വിജയൻ
വാരിയർ.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക