Image

അയാൾ എൻ്റർടെയിനറാണ്, ഞാൻ ആസ്വാദകനും (അശോക് വിക്രം)

Published on 21 May, 2020
അയാൾ എൻ്റർടെയിനറാണ്, ഞാൻ ആസ്വാദകനും (അശോക് വിക്രം)
ഏറ്റുമാനൂരിൽ പണ്ട് നാലു തിയേറ്ററുകളായിരുന്നു.  അതിലേതെങ്കിലുമൊരു തിയേറ്ററിലെങ്കിലും തമിഴ് മസ്റ്റായിരുന്നു. നാലു തിയേറ്ററുകളിലും ഒരുപോലെ മലയാളം പടം ഓടണമെങ്കിൽ അത് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവകാലത്ത് മാത്രമാണ്. മിക്കവാറും അത് വ്യത്യസ്തരായ നാല് നായകന്മാരുടെ ചിത്രങ്ങളായിരിക്കും. ഏറ്റുമാനൂരിൻ്റെ ചരിത്രത്തിൽ രണ്ടേരണ്ടു നായകന്മാരുടെ ചിത്രങ്ങൾ മാത്രമേ ഒരേസമയം നാലു തിയേറ്ററുകളിലും കളിച്ചിട്ടുള്ളു. അത് ഉത്സവകാലത്തായിരുന്നു താനും.

അന്തരിച്ച നടൻ ജയൻ്റെ ചിത്രങ്ങളായിരുന്നു ഒരുത്സവകാലത്ത് നാല് തിയറ്ററുകളിലും ഓടിയത്. അന്ന് പൊടിപ്പയ്യനായിരുന്നതിനാൽ ചിത്രങ്ങളുടെ പേര് ഓർമ്മയില്ല - ഒന്ന് 'അന്തപുര'മായിരുന്നെന്ന് മാത്രമറിയാം. കുറച്ചുകൂടി തലപ്പൊക്കവും, കാലുനീളവുമൊക്കെ വച്ച്, ഒറ്റക്ക് സിനിമ കാണാനുള്ള പ്രായമൊക്കെ ആയപ്പോഴാണ് വീണ്ടുമൊരുത്സവ കാലത്ത് ചരിത്രം ആവർത്തിച്ചത്. നാലു തിയേറ്ററുകളിലും ഒരേ നടൻ്റെ ചിത്രം. അലങ്കാറിൽ 'കണ്ടു കണ്ടറിഞ്ഞു', കൈലാസിൽ 'ഒപ്പം ഒപ്പത്തിനൊപ്പം', ലോട്ടസിൽ 'ചെപ്പ്', ശക്തിയിൽ 'പാവം പൂർണ്ണിമ'. നാല് മോഹൻലാൽ ചിത്രങ്ങൾ !

ആദ്യത്തെ രണ്ടു ചിത്രങ്ങളിലും ഏതാണ്ട് സമാനസ്വഭാവങ്ങളുള്ള കള്ളുകുടിയൻ, സെമി റൗഡി വേഷങ്ങളായിരുന്നെങ്കിൽ, മൂന്നാമത്തേതിൽ കോളേജ് ലക്ചററും, നാലാമത്തേതിൽ അല്പസ്വല്പം ജ്യോതിഷമൊക്കെ വശമുള്ള അൽഗുൽത്ത് കോളേജ് കുമാരനുമായിരുന്നു എന്നാണോർമ്മ. മോഹൻലാലിനെ അതിന് മുമ്പേ ശ്രദ്ധിക്കാൻ തുടങ്ങിയതാണ്. സ്കൂളിൽ ചെറിയ ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' റിലീസാവുന്നതും, അതൊരു സംഭവമാവുന്നതും, ഏറ്റുമാനൂർ അലങ്കാറിൽ അത് വാരങ്ങളോളം ഓടുന്നതും. പക്ഷേ അന്ന് വീട്ടുകാർ കാണാൻ കൊണ്ടുപോയത് ലോട്ടസിൽ അതേസമയത്ത് കളിച്ചിരുന്ന, ജയൻ്റെ അവസാന ചിത്രം കൂടിയായ 'കോളിളക്ക'മായിരുന്നു.

പക്ഷേ സ്ക്കൂളിൽ സഹപാഠികളായിരുന്ന സജി കുര്യൻ, ഉമ്മ വേണമെങ്കിൽ പെമ്പിള്ളാരെ, മീശയിൽ ചൂണ്ടുവിരലുകൊണ്ടൊന്ന് തടവിക്കാണിച്ചാൽ മതിയെന്നു പറഞ്ഞതും, ആണ്ടുകുന്നേൽ ജോബിയുടെ (പെട്ടിഓട്ടോ) തോള് സ്ഥിരമായി ഒരു വശത്തേക്ക് ചെരിഞ്ഞും, കീഴ്ച്ചുണ്ട് ഞപ്പിച്ച് അകത്തേക്കു പോകുകയും ചെയ്തപ്പോൾ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' കാണാൻ സാധിക്കാഞ്ഞതിൽ അതിയായി ഖേദിച്ചിരുന്നു. ആദ്യമായി ഒരു മോഹൻലാൽ ചിത്രം കാണുന്നത് 'കാളിയമർദ്ദന'മായിരുന്നു. സുകുമാരനും, മമ്മൂട്ടിയും നായക - ഉപനായക വേഷങ്ങളിലും, മോഹൻലാൽ വില്ലനായും ! വെറും വില്ലനല്ല, അറഞ്ചം പുറഞ്ചം ബലാത്സംഗം ചെയ്യുന്ന വില്ലൻ ! വീട്ടുകാർ അതോടെ മോഹൻലാലിനെ പടിക്കു പുറത്താക്കി വാതിലടച്ചു. മതിലുകളിലൊട്ടിച്ചിരുന്ന സിനിമാ പോസ്റ്ററുകളിലെ മോഹൻലാലിൻ്റെ മുഖത്തൊക്കെ കാർന്നോന്മാര് അറഞ്ചം പുറഞ്ചം മുറുക്കിത്തുപ്പാൻ തുടങ്ങി.

പിന്നീട് 'ആക്രോശ'മൊക്കെ ഇറങ്ങിയതിന് ശേഷമാണ് തുപ്പൽ നിർത്തിയത്. അതിലും വില്ലനൊക്കെയായിരുന്നെങ്കിലും, ജാരസന്തതിയായിരുന്ന അയാൾ ആ കാര്യം പറഞ്ഞ് സമൂഹത്തിൽ മാന്യനായ സ്വന്തം അച്ഛനെ ഭീഷണിപ്പെടുത്തി ഇടക്കിടെ കാശു വാങ്ങുന്നതും, ഒടുവിൽ അച്ഛൻ മരണപ്പെടുമ്പോൾ കുടിച്ച് മത്തനായി അതാഘോഷിക്കുന്നതും, ആഘോഷത്തിനൊടുവിൽ "എൻ്റെ അച്ഛൻ ചത്തു " എന്ന് പറഞ്ഞ് ചിരിച്ചതിനുശേഷം "അല്ല, അവർ കൊന്നു" എന്നുപറഞ്ഞ് കരയുന്നതുമൊക്കെയായ ഭാഗം വന്നപ്പോൾ അമ്മയൊക്കെ കണ്ണുതുടക്കുന്നത് ഞാൻ കണ്ടു ! മോഹൻലാലിനെ ഇഷ്ടപ്പെട്ടിരുന്നതിന് വീട്ടിൽനിന്നും ചീത്ത കേട്ടിരുന്നതിൽ നിന്നുള്ള മോചനകാലമായിരുന്നു അത് !

മോഹൻലാലിൻ്റെ ബലാത്സംഗപ്പടം 'അഹിംസ' കാണാൻ പോയതിന് ഒരുദിവസം അത്താഴം തരാതിരുന്ന ഇതേ അമ്മയും, അതേ കുറ്റത്തിന് ചീത്തവിളിച്ച അയലത്തെ ചേച്ചിമാരുമൊക്കെത്തന്നെയാണ് പിന്നീട് പൗരദ്ധ്വനിയിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്ന സലിം ചേർത്തലയുടെ 'ആട്ടക്കലാശ'വും, മനോരാജ്യത്തിലെ പി.വി.തമ്പിയുടെ 'കൃഷ്ണപ്പരുന്തു'മൊക്കെ (സിനിമയായപ്പോൾ ശ്രീകൃഷ്ണപ്പരുന്ത്) സിനിമയാക്കുന്നതിന് മുന്നോടിയായി താരങ്ങളെ തെരഞ്ഞെടുക്കാനുള്ള വാരികയിലെ കൂപ്പണുകളിൽ ലാലിൻ്റെ ബലാത്സംഗം പോലെതന്നെ അറഞ്ചം പുറഞ്ചം അദ്ദേഹത്തിൻ്റെ തന്നെ പേരെഴുതി അയച്ചതുമെന്നത് കാവ്യനീതിയാവാം! ഒരു കിലോമീറ്റർ ചുറ്റളവിലുള്ള, കൂപ്പൺ പൂരിപ്പിക്കാത്ത വായനക്കാരുടെ വീടുകൾ കണ്ടുപിടിച്ച് വാരികകൾ ശേഖരിച്ചെത്തിക്കുന്നതിന് അറഞ്ചം പുറഞ്ചം എന്നെയോടിച്ചിരുന്നത്, ക്രിക്കറ്റ് കളിക്കുമ്പോൾ ഓടിയിരുന്നതിന് ചങ്കുകലങ്ങിപ്പോകുമെന്ന് പറഞ്ഞ് ശകാരിച്ചിരുന്ന ഇവർ തന്നെയായിരുന്നു !

കാലം പിന്നെയും മുന്നോട്ടുപോയി. പ്രീഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഫസ്റ്റ് സെക്കൻ്റ് ഇയറുകളിലും കോട്ടയം ടൗണിൽ അഭിലാഷിലും, ആഷയിലുമായി 'ചിത്രം' ഓടുന്നുണ്ടായിരുന്നു ! രണ്ടുവർഷങ്ങളിലും മതിവരാതെ അറഞ്ചം പുറഞ്ചം കാണുകേം ചെയ്തു. അങ്ങനെ ചരിത്രം മുഴുവനുമെഴുതാനിരുന്നാൽ നേരംവെളുക്കും !

പിന്നെപ്പിന്നെയാണ് മോഹൻലാലിനെ ഇഷ്ടപ്പെടുന്നതൊക്കെ ആൾക്കാര് പുച്ഛത്തോടെ വീക്ഷിക്കാൻ തുടങ്ങിയത്. നിനക്കൊക്കെ ബൗദ്ധിക - ആസ്വാദന നിലവാരം കുറവാണെന്നൊക്കെ പല സുഹൃത്തുക്കളും പുച്ഛിച്ചു. അത് സ്വയമറിയാവുന്നതുകൊണ്ട് തർക്കിക്കാനൊന്നും പോയില്ല. അസ്സോസിയേഷൻ രൂപീകരിക്കാനും, കട്ടൗട്ടിൽ പാലൊഴിക്കാനും, പോസ്റ്ററൊട്ടിക്കാനുമൊന്നും പോയില്ല. സംഘട്ടനരംഗങ്ങളിൽ ഇടക്കിടെ സ്ഥാനം മാറിപ്പോകുന്ന അയാളുടെ ഉടുമുണ്ടിനിടയിലൂടെ കാണുന്ന അടിവസ്ത്രത്തിൻ്റെ നിറംനോക്കി പിറ്റേന്ന് തന്നെ അണ്ടർവെയർ തയ്പിക്കാനും പോയില്ല.

കാലം പിന്നെയും നിന്നില്ല. മോഹൻലാൽ നരച്ചു. ഞാനും കണ്ണാടിയിൽ നോക്കി - അതേയളവിലൊന്നുമില്ലെങ്കിലും ഞാനും നരച്ചിട്ടുണ്ട് ! മോഹൻലാലും, നരേന്ദ്രമോദിയും ഒരുമിച്ചു നിൽക്കുന്ന ചിത്രം കണ്ടപ്പോൾ ഒരു മലയാളി നടനും, ഇന്ത്യൻ പ്രധാനമന്ത്രിയും ഒന്നിച്ചുനിൽക്കുന്നതു കണ്ട് അഭിമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനൊപ്പമിരിക്കുന്ന ചിത്രത്തിൽ ലാലിൻ്റെ അടിവസ്ത്രത്തിൻ്റെ നിറം ചുവപ്പാണോ എന്നു നോക്കാനും പോയില്ല. വോട്ടുചെയ്യാൻ പോയപ്പോൾ ലാലിനെ വിളിച്ച് അഭിപ്രായമൊട്ട് ചോദിച്ചതുമില്ല. അയാൾ എൻ്റർടെയിനറാണ്, ഞാൻ ആസ്വാദകനും. എൻ്റർടെയിൻ ചെയ്യിക്കുകയെന്നതാണ് ലോകത്തിലെ ഏറ്റവും ശ്രമകരമായ ജോലികളിലൊന്ന് എന്നറിയാവുന്നതുകൊണ്ട് ഇഷ്ടപ്പെടുന്നതിനൊപ്പം അല്പസ്വല്പം ബഹുമാനവുമുണ്ട്.

ഫേസ്ബുക്കിൽ നിങ്ങളെ ഏറ്റവുമാകർഷിച്ച അഭിനയമുഹൂർത്തം എന്ന ചലഞ്ചിൽ സുഹൃത്തുക്കളിൽ പലരും ഹോളിവുഡ് താരങ്ങളുടെ പ്രകടനങ്ങളെ വാഴ്ത്തിയതുകണ്ട്, അവരുടെ ആസ്വാദന ശേഷിയിൽ അതിശയം പൂണ്ട്, എൻ്റെ അറിവില്ലായ്മയുടെ അപകർഷതയാൽ ആ ചലഞ്ചിൽ നിന്ന് വിട്ടുനിന്നതാണ്. അത് ഇപ്പോൾ പറയുകയാണ്. 'നാടോടിക്കാറ്റ്' എന്ന സിനിമയിൽ അത്താഴത്തിന് അരിയും, അത് കാലമാക്കുന്നതിന് സ്റ്റൗവ്വിലൊഴിക്കാൻ മണ്ണെണ്ണയും കടംവാങ്ങാൻ മീനയുടേയും, ശോഭനയുടേയും വീട്ടിലേക്ക് രണ്ടു പ്രാവശ്യങ്ങളായുള്ള ആ വരവുണ്ടല്ലൊ, അതാണ് ഒരാക്ടറുടെ, ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും മികച്ച പ്രകടനം ! ഒരാളുടെ കണ്ണും, ചുണ്ടും, കൈയും, കാലുമൊക്കെ ഇഴുകിച്ചേർന്നുള്ള - ആ ഒരിതുണ്ടല്ലൊ - എന്നതാ, ആ കെമിസ്ട്രി, അത്. അതാണ് ഈ കാണക്കാരിക്കാരൻ കണ്ടിട്ടുള്ള ഏറ്റവും മികച്ച അഭിനയമുഹൂർത്തം ! കട്ടക്കുനിന്ന മീനച്ചേച്ചിയെ വിസ്മരിക്കുന്നില്ല.
ഹല്ല, നമുക്കീ മർലൺ ബ്രാണ്ടോയെ ഒന്നും വല്യ പരിചയമില്ലാത്തോണ്ട്…
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക